ഇത് മെഡിക്കല്‍ കോളേജിന്റെ അസ്ഥികൂടം

കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജിന്റെ അസ്ഥികൂടം ജില്ലയിലെ ആരോഗ്യ മേഖലയെ നോക്കി പല്ലിളിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പിന്നിടുകയാണ്. നാളിതുവരെയും മെഡിക്കല്‍ കോളേജിന് പൂര്‍ണ്ണ ആരോഗ്യം നല്‍കി നാടിനാകെ പ്രയോജനപ്പെടുത്താന്‍ സാധിക്കുന്ന തരത്തിലുള്ള മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളേര്‍പ്പെടുത്താന്‍ ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് ആത്മാര്‍ത്ഥമായ നടപടികളൊന്നുമുണ്ടായിട്ടില്ലെന്നാണ് വാസ്തവം. മെഡിക്കല്‍ കോളേജില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കുമെന്ന് ഇടക്കിടെയുള്ള ആരോഗ്യമന്ത്രിയുടെ പ്രസ്താവനയല്ലാതെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ നടക്കുന്നില്ല. കാസര്‍കോട്, ഇടുക്കി, മഞ്ചേരി, പത്തനംതിട്ട മെഡിക്കല്‍ കോളേജുകള്‍ പ്രഖ്യാപിച്ചത് 2012ല്‍ ഒരുമിച്ചാണ്. കാസര്‍കോട് ജില്ലക്ക് […]

കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജിന്റെ അസ്ഥികൂടം ജില്ലയിലെ ആരോഗ്യ മേഖലയെ നോക്കി പല്ലിളിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പിന്നിടുകയാണ്. നാളിതുവരെയും മെഡിക്കല്‍ കോളേജിന് പൂര്‍ണ്ണ ആരോഗ്യം നല്‍കി നാടിനാകെ പ്രയോജനപ്പെടുത്താന്‍ സാധിക്കുന്ന തരത്തിലുള്ള മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളേര്‍പ്പെടുത്താന്‍ ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് ആത്മാര്‍ത്ഥമായ നടപടികളൊന്നുമുണ്ടായിട്ടില്ലെന്നാണ് വാസ്തവം. മെഡിക്കല്‍ കോളേജില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കുമെന്ന് ഇടക്കിടെയുള്ള ആരോഗ്യമന്ത്രിയുടെ പ്രസ്താവനയല്ലാതെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ നടക്കുന്നില്ല. കാസര്‍കോട്, ഇടുക്കി, മഞ്ചേരി, പത്തനംതിട്ട മെഡിക്കല്‍ കോളേജുകള്‍ പ്രഖ്യാപിച്ചത് 2012ല്‍ ഒരുമിച്ചാണ്. കാസര്‍കോട് ജില്ലക്ക് ആധുനിക ചികിത്സാസംവിധാനങ്ങളും സൗകര്യങ്ങളുമുള്ള ഒരു മെഡിക്കല്‍ കോളേജ് വേണമെന്ന നിരന്തരമായ മുറവിളിക്കൊടുവിലാണ് മറ്റ് മൂന്ന് മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമെ കാസര്‍കോടിനും മെഡിക്കല്‍ കോളേജ് പ്രഖ്യാപിച്ചത്. 11 വര്‍ഷം പിന്നിടുമ്പോഴും കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജ് ശോഷിച്ച നിലയില്‍ തന്നെയാണ്. സാധാരണ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലുള്ള ചികിത്സാ സൗകര്യങ്ങള്‍ മാത്രമേ ഇവിടെയുള്ളു. മെഡിക്കല്‍ കോളേജ് എന്ന് അഭിമാനത്തോടെ പറയാവുന്ന തരത്തില്‍ ചികിത്സാ രംഗത്ത് ഒരു പുരോഗതിയും കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജില്‍ ഉണ്ടായിട്ടില്ല. അതേസമയം ഇടുക്കി, മഞ്ചേരി, പത്തനംതിട്ട മെഡിക്കല്‍ കോളേജുകള്‍ എല്ലാ വിധത്തിലുള്ള സജ്ജീകരണങ്ങളോടെ വിദഗ്ധ ചികിത്സ ലഭ്യമാക്കുന്ന ആതുരാലയങ്ങളായി മാറിക്കഴിഞ്ഞു. കേരളം മാറി മാറി ഭരിക്കുന്നവര്‍ കാസര്‍കോട് ജില്ലയോട് കാണിക്കുന്ന പ്രത്യേകമായ അവഗണനയുടെ ബലിയാടാണ് ഇവിടത്തെ മെഡിക്കല്‍ കോളേജിന്റെ അസ്ഥികൂടം.
കാസര്‍കോട് ജില്ലയില്‍ ചെര്‍ക്കള, കല്ലടുക്ക, അന്തര്‍ സംസ്ഥാന പാതയിലെ ഉക്കിനടുക്കയിലാണ് മെഡിക്കല്‍ കോളേജ് സ്ഥിതി ചെയ്യുന്നത്. മെഡിക്കല്‍ കോളേജിന്റെ അക്കാദമിക് ബ്ലോക്കിന്റെ പ്രവൃത്തി മാത്രമാണ് ഇതിനകം പൂര്‍ത്തിയായത്. അക്കാദമിക് ബ്ലോക്ക് കെട്ടിടത്തിലാണ് സ്‌പെഷ്യലിസ്റ്റ് ഒ.പി പ്രവര്‍ത്തിക്കുന്നത്. ഉച്ചവരെ മാത്രമാണ് ഒ.പി വിഭാഗത്തിന്റെ പ്രവര്‍ത്തനം. ജനറല്‍ മെഡിസിന്‍, പീഡിയാട്രിക്, ന്യൂറോളജി, നെഫ്രോളജി, റുമറ്റോളജി, ഡെര്‍മറ്റോളജി, പള്‍മനോളജി, സൈക്യാട്രി, ഡെന്റല്‍, ഇ.എന്‍.ടി, എന്നീ വിഭാഗങ്ങളിലെ ഒ.പിയാണ് പ്രവര്‍ത്തിക്കുന്നത്. ഉച്ചക്ക് രണ്ട് മണി വരെ മാത്രം ഒ.പി പ്രവര്‍ത്തിക്കുന്നതിനാല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഒ.പി.യുടെ നിലവാരമേ ഇവിടെയുള്ളു. മെഡിക്കല്‍ കോളേജിന്റെ നിലവാരത്തിലേക്ക് ഒ.പി.യുടെ പ്രവര്‍ത്തനം ഇനിയും എത്തിയിട്ടില്ല.
മെഡിക്കല്‍ കോളേജ് ആസ്പത്രി കെട്ടിടത്തിന്റെ പ്ലാസ്റ്ററിങ്, തറ എന്നിവയുടെ പ്രവൃത്തി പാതി വഴിയിലാണ്. കിടത്തി ചികിത്സാ നടത്താനുള്ള ആസ്പത്രി കെട്ടിടത്തിന്റെ നിര്‍മ്മാണവും പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടില്ല. 400 കിടക്കകളുള്ള പ്രധാന ബ്ലോക്ക് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സാമ്പത്തിക പ്രതിസന്ധി തടസമാവുകയാണെന്നാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം. രോഗികള്‍ക്ക് കിടത്തി ചികിത്സ ആരംഭിച്ചാല്‍ പിന്നീട് മെഡിക്കല്‍ കൗണ്‍സിലിന്റെ അനുമതി തേടി എം.ബി.ബി.എസ് കോഴ്‌സ് തുടങ്ങാന്‍ സാധിക്കും. ഉക്കിനടുക്കയില്‍ 25.06 ഏക്കര്‍ സ്ഥലത്ത് 385 കോടി രൂപ ചെലവ് കണക്കാക്കിയാണ് മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണ ജോലികള്‍ ആരംഭിച്ചത്. പണം കൃത്യമായി ലഭിക്കാത്തതിനാല്‍ കരാറുകാരന്‍ പണിയില്‍ പിന്നോക്കം പോവുകയാണ്. 273 തസ്തികകളാണ് മെഡിക്കല്‍ കോളേജില്‍ പ്രഖ്യാപിച്ചത്. എന്നാല്‍ 100ല്‍ താഴെ പേരെ മാത്രമാണ് നിയമിച്ചിരിക്കുന്നത്.
മെഡിക്കല്‍ കോളേജ് പൂര്‍ണ്ണമായ തോതില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാല്‍ മാത്രമേ ജില്ലയിലെ വിദഗ്ധ ചികിത്സ ആവശ്യമുള്ള സാധാരണക്കാര്‍ക്ക് ഈ ആസ്പത്രിയെക്കൊണ്ട് പ്രയോജനം ലഭിക്കുകയുള്ളു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള ചികിത്സാ സൗകര്യങ്ങള്‍ പോലും ഇവിടെ പരിമിതമാണ്. മെഡിക്കല്‍ കോളേജ് പൂര്‍ണ്ണമായ തോതില്‍ പ്രവര്‍ത്തിക്കണമെന്ന ആവശ്യമുന്നയിച്ച് കഴിഞ്ഞ ദിവസം പ്രശസ്ത സാമൂഹിക പ്രവര്‍ത്തക ദയാബായിയുടെ നേതൃത്വത്തില്‍ ഉപവാസവും നടത്തിയിരുന്നു. മൂവ്‌മെന്റ് ഫോര്‍ ബെറ്റര്‍ കേരളയുടെ ആഭിമുഖ്യത്തിലായിരുന്നു ഏകദിന ഉപവാസം നടത്തിയത്. അധികാരികളുടെ കണ്ണ് തുറക്കുന്നത് വരെ ജനാധിപത്യപരമായ രീതിയിലുള്ള സമരങ്ങള്‍ അനിവാര്യമായിരിക്കുകയാണ്. കാസര്‍കോട് ജില്ലയിലെ പൊതുസമൂഹം ഈ വിഷയത്തില്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണം.

Related Articles
Next Story
Share it