ലഹരിമാഫിയകളുടെ വാഴ്ചയും ആവര്‍ത്തിക്കുന്ന ക്രൂരകൃത്യങ്ങളും

കേരളത്തില്‍ ലഹരിമാഫിയകളുടെ ശക്തിയും സ്വാധീനവും വര്‍ധിക്കുന്നതല്ലാതെ കുറയുന്ന യാതൊരു ലക്ഷണവും കാണുന്നില്ലെന്നാണ് ഓരോ സംഭവങ്ങളും തെളിയിക്കുന്നത്. മദ്യം, മയക്കുമരുന്ന്, കഞ്ചാവ് തുടങ്ങിയവയുടെ ഉപയോഗം മൂലമുള്ള കുറ്റകൃത്യങ്ങളാണ് മറ്റ് കുറ്റകൃത്യങ്ങളെക്കാളും കൂടുതലായി കേരളത്തില്‍ നടക്കുന്നത്. ലഹരിമാഫിയകള്‍ അത്രക്കും വലിയ വിപത്തായി കേരളത്തിലുടനീളം പന്തലിച്ചുകിടക്കുന്നു. ഒരാഴ്ചമുമ്പ് വൃദ്ധദമ്പതികളെ ചെറുമകന്‍ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിന്റെ അടിസ്ഥാനകാരണം കാരണം തന്നെ ലഹരിമാഫിയകളാണ്. വൃദ്ധദമ്പതികളുടെ 27കാരനായ പേരമകന്‍ മയക്കുമരുന്നിന് അടിമയായിരുന്നു. ഈ യുവാവ് ലഹരിവിമുക്ത കേന്ദ്രത്തില്‍ ചികില്‍സയിലും കഴിഞ്ഞിരുന്നു. എന്നാല്‍ മയക്കുമരുന്നിനോടുള്ള ആസക്തി കുറയ്ക്കാന്‍ […]

കേരളത്തില്‍ ലഹരിമാഫിയകളുടെ ശക്തിയും സ്വാധീനവും വര്‍ധിക്കുന്നതല്ലാതെ കുറയുന്ന യാതൊരു ലക്ഷണവും കാണുന്നില്ലെന്നാണ് ഓരോ സംഭവങ്ങളും തെളിയിക്കുന്നത്. മദ്യം, മയക്കുമരുന്ന്, കഞ്ചാവ് തുടങ്ങിയവയുടെ ഉപയോഗം മൂലമുള്ള കുറ്റകൃത്യങ്ങളാണ് മറ്റ് കുറ്റകൃത്യങ്ങളെക്കാളും കൂടുതലായി കേരളത്തില്‍ നടക്കുന്നത്. ലഹരിമാഫിയകള്‍ അത്രക്കും വലിയ വിപത്തായി കേരളത്തിലുടനീളം പന്തലിച്ചുകിടക്കുന്നു. ഒരാഴ്ചമുമ്പ് വൃദ്ധദമ്പതികളെ ചെറുമകന്‍ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിന്റെ അടിസ്ഥാനകാരണം കാരണം തന്നെ ലഹരിമാഫിയകളാണ്. വൃദ്ധദമ്പതികളുടെ 27കാരനായ പേരമകന്‍ മയക്കുമരുന്നിന് അടിമയായിരുന്നു. ഈ യുവാവ് ലഹരിവിമുക്ത കേന്ദ്രത്തില്‍ ചികില്‍സയിലും കഴിഞ്ഞിരുന്നു. എന്നാല്‍ മയക്കുമരുന്നിനോടുള്ള ആസക്തി കുറയ്ക്കാന്‍ ഇതുകൊണ്ടൊന്നും സാധിച്ചില്ല.
മയക്കുമരുന്നിനായി അറുപത് കഴിഞ്ഞ വൃദ്ധദമ്പതികളോട് പേരമകന്‍ നിരന്തരം പണം അവശ്യപ്പെട്ടിരുന്നു. ഉപദ്രവം സഹിക്കാനാകാതെ വരുമ്പോള്‍ ചിലപ്പോഴൊക്കെ പണം കൊടുത്തിരുന്നു. പിന്നീട് അതിന് നിര്‍വാഹമില്ലാതായി. ഇതോടെ പ്രകോപിതനായ യുവാവ് വൃദ്ധദമ്പതികളെ ക്രൂരമായി കൊലപ്പെടുത്തുകയാണുണ്ടത്. മദ്യപിക്കാന്‍ പണം നല്‍കാത്തതിന്റെ പേരില്‍ വീട്ടമ്മയെ മകന്‍ കൊലപ്പെടുത്തിയ സംഭവമുണ്ടായതും ഒരാഴ്ച മുമ്പാണ്. മദ്യവും മയക്കുമരുന്നും കഞ്ചാവും ഒക്കെ ഉപയോഗിച്ച് സമനില തെറ്റുന്നവരുടെ എണ്ണം യുവസമൂഹത്തില്‍ വര്‍ധിച്ചുവരികയാണ്. ലഹരിക്കടിമകളാകുന്ന ഇവര്‍ക്ക് സ്വന്തബന്ധങ്ങളെ പോലും തിരിച്ചറിയാന്‍ സാധിക്കുന്നില്ല.
ലഹരിക്ക് വേണ്ടി പണം കണ്ടെത്താന്‍ ഏത് തരത്തിലുള്ള ഹീനമാര്‍ഗവും സ്വീകരിക്കുന്നു. രക്തബന്ധത്തില്‍പെട്ടവരെ പോലും അക്രമിക്കാനും കൊലപ്പെടുത്താനും മടിയില്ലാത്തവരായി അവര്‍ മാറുന്നു. കവര്‍ച്ചകള്‍ ഉള്‍പ്പെടെയുള്ള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഇത്തരക്കാര്‍ ഏര്‍പ്പെടുന്നുണ്ട്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ പോലും മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. ഇക്കാര്യത്തില്‍ ആണ്‍-പെണ്‍ വ്യത്യാസമില്ല. വിദ്യാര്‍ത്ഥികളെ മയക്കുമരുന്ന് വില്‍പ്പനയുടെ ഏജന്റുമാരാക്കി മാറ്റുന്നതില്‍ പോലും ലഹരിമാഫിയകള്‍ വിജയിക്കുന്നു. സ്‌കൂള്‍ തലത്തില്‍ മയക്കുമരുന്നിനെതിരെ ബോധവല്‍ക്കരണങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ഇപ്പോഴും ലഹരിക്ക് അടിമകളാകുന്ന കുട്ടികളുടെ എണ്ണത്തില്‍ കുറവൊന്നുമില്ല. മയക്കുമരുന്ന്-കഞ്ചാവ് -വ്യാജമദ്യവില്‍പ്പനകള്‍ തടയാന്‍ പൊലീസും എക്സൈസും ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നുവെങ്കില്‍ പോലും നിയമസംവിധാനങ്ങളെ മറികടന്ന് വില്‍പ്പന വ്യാപിപ്പിച്ചുകൊണ്ട് മാഫിയകള്‍ അവരുടെ ജൈത്രയാത്ര തുടരുകയാണ്. നഗരങ്ങളില്‍ മാത്രമല്ല ഗ്രാമപ്രദേശങ്ങളിലും മലയോരമേഖലകളിലും ഉള്‍നാടന്‍ പ്രദേശങ്ങളിലും വരെ മയക്കുമരുന്ന് വില്‍പ്പന സജീവമാണ്. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും മയക്കുമരുന്ന് സുലഭമായി ലഭിക്കുന്ന നാടായി കേരളം മാറിയിരിക്കുന്നു. അത്യന്തം വിപല്‍ക്കരമായ സ്ഥിതിവിശേഷമാണിത്. ആന്ധ്രയില്‍ നിന്ന് കഞ്ചാവും ബംഗളൂരു അടക്കമുള്ള ഇന്ത്യയിലെ വന്‍ നഗരങ്ങളില്‍ നിന്ന് എം.ഡി.എം.എ അടക്കമുള്ള മാരകമയക്കുമരുന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വില്‍പ്പനക്കെത്തുകയാണ്. ഇതിനെല്ലാം പുറമെ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് പുകയില-പാന്‍മസാല ഉല്‍പ്പന്നങ്ങളും കേരളത്തിലേക്ക് ഒഴുകുന്നു. പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്ന കുട്ടികളുടെയും യുവാക്കളുടെയും എണ്ണം കുറവല്ല. പാന്‍മസാല ഉല്‍പ്പന്നങ്ങള്‍ കേരളത്തില്‍ ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ മുഖേനയും നമ്മുടെ നാട്ടിലെത്തുന്നുണ്ട്.
പെണ്‍കുട്ടികളെ മയക്കുമരുന്ന് നല്‍കി സ്വാധീനിച്ച് കൂട്ടബലാല്‍സംഗത്തിനിരയാക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന സംഭവങ്ങളും കേരളത്തില്‍ പതിവായിരിക്കുന്നു. മയക്കുമരുന്ന് കേസുകളിലെ പ്രതികള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കാത്തതും ലഹരിമാഫിയകള്‍ക്ക് അനുകൂല സാഹചര്യമുണ്ടാക്കുകയാണ്. മയക്കുമരുന്ന് കേസില്‍ പിടിക്കപ്പെട്ട് റിമാണ്ടിലായാലും കുറച്ചുദിവസങ്ങള്‍ക്കകം പുറത്തിറങ്ങി വീണ്ടും വില്‍പ്പന നടത്തുന്നു. ഇത്തരം കേസുകള്‍ വിചാരണക്കെടുക്കാന്‍ കാലതാമസമുണ്ടാകുന്നതും വെല്ലുവിളി തന്നെയാണ്. കര്‍ശന നടപടികളിലൂടെ ലഹരിമാഫിയകളെ അമര്‍ച്ച ചെയ്യാനുള്ള ആര്‍ജ്ജവും അധികാരികള്‍ക്കുണ്ടാകണം.

Related Articles
Next Story
Share it