അതിര്‍ത്തി ഗ്രാമങ്ങളില്‍ പിടിമുറുക്കുന്ന വ്യാജമദ്യമാഫിയ

കാസര്‍കോട് ജില്ലയിലെ അതിര്‍ത്തി ഗ്രാമപ്രദേശങ്ങളില്‍ വ്യാജമദ്യ മാഫിയ സംഘങ്ങള്‍ പിടിമുറുക്കിയിട്ട് ഏറെ നാളുകളായി. ബദിയടുക്ക, ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് കാസര്‍കോട് ജില്ലയിലെ മറ്റ് മേഖലകളേക്കാള്‍ കൂടുതല്‍ വ്യാജ മദ്യവില്‍പ്പന നടക്കുന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ബദിയടുക്കയും ആദൂരും കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന പൊലീസ് സ്റ്റേഷനുകളാണ്. അത് കൊണ്ട് തന്നെ കൂടുതല്‍ വ്യാജ മദ്യക്കേസുകള്‍ മറ്റ് പൊലീസ് സ്റ്റേഷനുകളേക്കാള്‍ ഈ രണ്ട് പൊലീസ് സ്റ്റേഷനുകളില്‍ കൂടുതല്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നു. ഇതിന് പുറമെ എക്‌സൈസ് രജിസ്റ്റര്‍ ചെയ്യുന്ന കേസുകളും […]

കാസര്‍കോട് ജില്ലയിലെ അതിര്‍ത്തി ഗ്രാമപ്രദേശങ്ങളില്‍ വ്യാജമദ്യ മാഫിയ സംഘങ്ങള്‍ പിടിമുറുക്കിയിട്ട് ഏറെ നാളുകളായി. ബദിയടുക്ക, ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് കാസര്‍കോട് ജില്ലയിലെ മറ്റ് മേഖലകളേക്കാള്‍ കൂടുതല്‍ വ്യാജ മദ്യവില്‍പ്പന നടക്കുന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ബദിയടുക്കയും ആദൂരും കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന പൊലീസ് സ്റ്റേഷനുകളാണ്. അത് കൊണ്ട് തന്നെ കൂടുതല്‍ വ്യാജ മദ്യക്കേസുകള്‍ മറ്റ് പൊലീസ് സ്റ്റേഷനുകളേക്കാള്‍ ഈ രണ്ട് പൊലീസ് സ്റ്റേഷനുകളില്‍ കൂടുതല്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നു. ഇതിന് പുറമെ എക്‌സൈസ് രജിസ്റ്റര്‍ ചെയ്യുന്ന കേസുകളും നിരവധിയാണ്. അതിര്‍ത്തി പ്രദേശങ്ങളിലെ ചില വീടുകള്‍ കേന്ദ്രീകരിച്ച് വ്യാജ ചാരായ നിര്‍മാണവും വില്‍പ്പനയും പൊടിപൊടിക്കുകയാണ്. സമാന്തര മദ്യവില്‍പ്പന കേന്ദ്രങ്ങളായാണ് ഇത്തരം വീടുകളുടെ പ്രവര്‍ത്തനങ്ങള്‍. ഇതിന് പുറമെ കര്‍ണാടകയില്‍ നിന്ന് കുറഞ്ഞ വിലക്കുള്ള മദ്യം കൊണ്ടുവന്ന് ഇരട്ടി വിലക്ക് വില്‍ക്കുന്നുമുണ്ട്. അതിര്‍ത്തി വഴി പാക്കറ്റ് മദ്യമാണ് വില്‍പ്പനക്ക് ഏറെയുമെത്തുന്നത്. ഇത് കാരണം ജനങ്ങളുടെ സൈ്വര്യജീവിതം കടുത്ത ഭീഷണിയിലാണ്. അതിര്‍ത്തി ഗ്രാമങ്ങളില്‍ താമസിക്കുന്നവരില്‍ ഭൂരിഭാഗവും കര്‍ഷകരും കൂലിത്തൊഴിലാളികളുമൊക്കെയാണ്. അന്നന്നത്തെ അധ്വാനം കൊണ്ടാണ് പല കുടുംബങ്ങളും കഴിഞ്ഞു കൂടുന്നത്. ഇങ്ങനെയുള്ള അടിസ്ഥാന ജനവിഭാഗങ്ങളില്‍ ഒരു വിഭാഗം മദ്യത്തിന് അടിമകളാണ്. അനധികൃത മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ പെരുകിയതോടെയാണ് പലരും മദ്യത്തിന് അടിമകളായി മാറിയത്. മദ്യലഹരിയിലുള്ള കൊലപാതകങ്ങളും അക്രമങ്ങളും അതിര്‍ത്തി ഗ്രാമങ്ങളില്‍ വര്‍ധിക്കാന്‍ കാരണം വ്യാജ മദ്യവില്‍പ്പനക്കാര്‍ തന്നെയാണ്. മദ്യപിച്ച് ലക്കുകെട്ട് വീടുകളിലെത്തുന്ന ഗൃഹനാഥന്മാര്‍ സ്ത്രീകളെയും കുട്ടികളെയും ക്രൂരമായി മര്‍ദ്ദിക്കുന്നു. കുട്ടികള്‍ക്ക് സ്വസ്ഥമായി പഠിക്കാന്‍ പോലുമാകുന്നില്ല, മദ്യപാനികളായ ഭര്‍ത്താക്കന്മാരുടെ ഉപദ്രവം കാരണം ആത്മഹത്യ ചെയ്ത ഭാര്യമാര്‍ ഏറെയാണ്. കുട്ടികളെ ആത്മഹത്യ ചെയ്യാനോ നാടുവിടാനോ പ്രേരിപ്പിക്കുന്ന വിധത്തിലാണ് മദ്യലഹരിയിലുള്ള അതിക്രമങ്ങള്‍. വീടുകള്‍ കേന്ദ്രീകരിച്ചുള്ള വ്യാജമദ്യ നിര്‍മാണവും വില്‍പ്പനയും ഇവിടങ്ങളിലെ കുടുംബജീവിതം അരാജകത്വത്തിലാകാന്‍ കാരണമാകുന്നു. ഇവിടങ്ങളില്‍ കലഹവും അടിപിടിയും പതിവാണ്. ഇത്തരം വീടുകളിലെ കുട്ടികള്‍ പോലും മദ്യത്തിന് അടിമകളാകുന്ന സ്ഥിതി വിശേഷം നിലനില്‍ക്കുന്നു. അതിര്‍ത്തി പ്രദേശങ്ങളിലെ സംരക്ഷിത വനപ്രദേശങ്ങളിലും വ്യാജമദ്യനിര്‍മാണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പൊലീസിനും എക്‌സൈസിനും എളുപ്പത്തില്‍ എത്തിപ്പെടാന്‍ സാധിക്കാത്തതിനാല്‍ വ്യാജമദ്യനിര്‍മാണത്തിന് ഇത്തരം മേഖലകള്‍ തിരഞ്ഞെടുക്കുന്നവര്‍ ഏറെയാണ്. പൊലീസും എക്‌സൈസും വരുന്നുണ്ടോ എന്നറിയാന്‍ വ്യാജമദ്യമാഫിയകളുടെ ഏജന്റുമാരുടെ നിരീക്ഷണവും ഇത്തരം ഭാഗങ്ങളിലുണ്ട്. ഊടുവഴികള്‍ താണ്ടി വ്യാജമദ്യകേന്ദ്രങ്ങളിലെത്താന്‍ പൊലീസും എക്‌സൈസും ഏറെ ബുദ്ധിമുട്ടുന്നു. ഇവര്‍ എത്തുമ്പോഴേക്കും വ്യാജമദ്യവില്‍പനക്കാര്‍ രക്ഷപ്പെട്ടിരിക്കും.
ചെര്‍ക്കള-ജാല്‍സൂര്‍ സംസ്ഥാന പാതയുടെ ഇരുഭാഗങ്ങളിലുമായി നിരവധി അനധികൃത മദ്യവില്‍പ്പന കേന്ദ്രങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. പൊലീസും എക്‌സൈസും മദ്യവില്‍പ്പനക്കാര്‍ക്കെതിരെ അന്വേഷണം നടത്തുന്നുണ്ടെങ്കിലും പലരും രക്ഷപ്പെടുകയാണ് ചെയ്യുന്നത്. മദ്യവില്‍പ്പന നടത്തിയതിന് പൊലീസ് പിടിയിലായി കുറച്ചു ദിവസം റിമാണ്ടില്‍ കഴിഞ്ഞാല്‍ തന്നെയും പിന്നീട് പുറത്തിറങ്ങി വീണ്ടും മദ്യവില്‍പനയിലേര്‍പ്പെടുകയാണ് ചെയ്യുന്നത്. പിഴയടക്കേണ്ടി വന്നാലും അതിലും ഇരട്ടിയിലേറെ ലാഭമുണ്ടാക്കാന്‍ കഴിയുന്നതിനാലാണ് എത്ര തവണ കേസിലകപ്പെട്ടാലും ഇത്തരക്കാര്‍ വീണ്ടും വീണ്ടും മദ്യവില്‍പനയിലേര്‍പ്പെടുന്നത്. വ്യാജമദ്യവില്‍പനക്കാര്‍ വലിയ സാമൂഹിക വിപത്തായി മാറിയിരിക്കുന്ന സാഹചര്യത്തില്‍ മദ്യവില്‍പ്പന ശക്തമായി തടയാന്‍ പൊലീസിനും എക്‌സൈസിനും പൊതുജനങ്ങളുടെ സഹകരണം കൂടി ആവശ്യമാണ്. എങ്കില്‍ മാത്രമേ മദ്യവില്‍പനക്കാര്‍ക്കെതിരായ നടപടികള്‍ വിജയിക്കുകയുള്ളു. ഓണം അടുത്തിരിക്കുന്ന സാഹചര്യത്തില്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ വ്യാജ മദ്യവില്‍പ പൂര്‍വ്വാധികം ശക്തി പ്രാപിക്കും. ഇതോടെ നാടിന്റെ സൈ്വര്യ ജീവിതം കൂടുതല്‍ ഭീഷണിയിലാകും. വ്യാജമദ്യവില്‍പനക്കും അനധികൃത മദ്യവില്‍പനക്കുമെതിരെ കടുത്ത നടപടി തന്നെ സ്വീകരിക്കണം.

Related Articles
Next Story
Share it