അവശ്യ സാധനങ്ങളുടെ വിലക്കയറ്റം തടയണം

കേരളത്തില്‍ അവശ്യസാധനങ്ങളുടെ വില നാള്‍ക്കുനാള്‍ കുതിച്ചുയരുകയാണ്. മുമ്പൊക്കെ ഇടക്കിടെ മാത്രമാണ് വിലക്കയറ്റമെങ്കില്‍ ഇന്ന് അപ്പപ്പോള്‍ എന്നതാണ് സ്ഥിതി. നിത്യോപയോഗ സാധനങ്ങളായ അരിക്കും മറ്റ് ഭക്ഷ്യധാന്യങ്ങള്‍ക്കുമെല്ലാം യാതൊരു നിയന്ത്രണവുമില്ലാതെയാണ് വില കൂടുന്നത്. സാധാരണക്കാരായ ജനങ്ങളുടെ ജീവിതം വിലക്കയറ്റം കാരണം അതീവ ദുസ്സഹമാവുകയാണ്. കേരളത്തിലെ ജനങ്ങളിലെ വലിയൊരു ശതമാനവും തൊഴില്‍ സ്ഥിരത ഇല്ലാത്തവരാണ്. അതു കൊണ്ട് തന്നെ സ്ഥിര വരുമാനവുമില്ല. ഇത്തരമൊരു സാഹചര്യത്തില്‍ നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാന്‍ ആവശ്യമായ സാമ്പത്തിക വരുമാനം പലര്‍ക്കുമില്ല. കേരളത്തില്‍ പഴയ പോലെ കൃഷി മുഖ്യ […]

കേരളത്തില്‍ അവശ്യസാധനങ്ങളുടെ വില നാള്‍ക്കുനാള്‍ കുതിച്ചുയരുകയാണ്. മുമ്പൊക്കെ ഇടക്കിടെ മാത്രമാണ് വിലക്കയറ്റമെങ്കില്‍ ഇന്ന് അപ്പപ്പോള്‍ എന്നതാണ് സ്ഥിതി. നിത്യോപയോഗ സാധനങ്ങളായ അരിക്കും മറ്റ് ഭക്ഷ്യധാന്യങ്ങള്‍ക്കുമെല്ലാം യാതൊരു നിയന്ത്രണവുമില്ലാതെയാണ് വില കൂടുന്നത്. സാധാരണക്കാരായ ജനങ്ങളുടെ ജീവിതം വിലക്കയറ്റം കാരണം അതീവ ദുസ്സഹമാവുകയാണ്. കേരളത്തിലെ ജനങ്ങളിലെ വലിയൊരു ശതമാനവും തൊഴില്‍ സ്ഥിരത ഇല്ലാത്തവരാണ്. അതു കൊണ്ട് തന്നെ സ്ഥിര വരുമാനവുമില്ല. ഇത്തരമൊരു സാഹചര്യത്തില്‍ നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാന്‍ ആവശ്യമായ സാമ്പത്തിക വരുമാനം പലര്‍ക്കുമില്ല. കേരളത്തില്‍ പഴയ പോലെ കൃഷി മുഖ്യ ഉപജീവന മാര്‍ഗമല്ലാത്തതിനാല്‍ അരി അടക്കമുള്ള ഭക്ഷ്യധാന്യങ്ങള്‍ക്കും പച്ചക്കറികള്‍ക്കും ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരികയാണ്.
പൊതുവിപണിയില്‍ അവശ്യ സാധനങ്ങള്‍ക്ക് വില കൂടുമ്പോള്‍ സാധാരണക്കാര്‍ക്ക് റേഷന്‍ കടകളില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ ലഭിക്കുന്ന സാധനങ്ങള്‍ ആശ്വാസമാകാറുണ്ട്. ഇത് പഴയ കാര്യം. അരിയും ഗോതമ്പും പഞ്ചസാരയുമൊക്കെ ആവശ്യത്തിന് റേഷന്‍കടകളില്‍ നിന്ന് ലഭിച്ചിരുന്ന കാലം ഇപ്പോള്‍ ഓര്‍മ്മ മാത്രമാണ്. പുഴുങ്ങലരിയും പച്ചരിയും മുമ്പ് ആവശ്യത്തിന് ലഭിച്ചിരുന്നു. ഇപ്പോള്‍ റേഷന്‍ കടകളില്‍ മിക്ക ദിവസങ്ങളിലും പച്ചരി മാത്രമാണുള്ളത്. വല്ലപ്പോഴും മാത്രമാണ് പുഴുങ്ങലരി കിട്ടുന്നത്. അതാകട്ടെ പകുതി മാത്രമേ ലഭിക്കുന്നുള്ളുവെന്ന പരാതിയും റേഷന്‍ ഉപഭോക്താക്കള്‍ക്കുണ്ട്. റേഷന്‍ കടകളില്‍ വിതരണം ചെയ്യുന്ന പുഴുങ്ങലരിക്ക് ഗുണനിലവാരം കുറവാണെന്ന പരാതിയും ഉയര്‍ന്നു വരുന്നുണ്ട്. ചോറിന് കൂടുതല്‍ പേരും ഉപയോഗിക്കുന്നത് പുഴുങ്ങലരിയാണ്. റേഷന്‍ കടകളില്‍ ഇത് കിട്ടാതാകുമ്പോള്‍ തീവില കൊടുത്ത് കടകളില്‍ നിന്ന് വാങ്ങേണ്ടി വരുന്നു. സ്ഥിര വരുമാനമില്ലാത്ത കുടുംബങ്ങളില്‍ ഇത് മൂലം താങ്ങാനാവാത്ത സാമ്പത്തിക ബാധ്യത നേരിടേണ്ടി വരികയാണ്. സിവില്‍ സപ്ലൈസ് വകുപ്പിന്റെ കീഴിലുള്ള മാവേലി സ്റ്റോറുകളില്‍ നിന്ന് കുറഞ്ഞ വിലക്ക് അരിയും സാധനങ്ങളും ലഭിക്കുമെങ്കിലും പല സാധനങ്ങളും സ്റ്റോക്കില്ലെന്ന പരാതികളും വ്യാപകമാണ്. ഈ സാധനങ്ങള്‍ അമിത വില നല്‍കി കടകളില്‍ നിന്ന് വാങ്ങേണ്ടി വരുന്നു. ചില കച്ചവട സ്ഥാപനങ്ങളില്‍ നിന്ന് തോന്നിയത് പോലെയാണ് വില ഈടാക്കുന്നതെന്നാണ് പരാതി. ഇതേ തുടര്‍ന്ന് വ്യാപാര സ്ഥാപനങ്ങളില്‍ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി വരുന്നുണ്ട്. ഇറച്ചി വിലയും കൂടുകയാണ്.
റേഷന്‍ കടകളില്‍ അരിയും മറ്റ് നിത്യോപയോഗ സാധനങ്ങളും കാര്യക്ഷമമായി വിതരണം ചെയ്താല്‍ തന്നെ നിര്‍ധന കുടുംബങ്ങള്‍ക്ക് അത് വലിയൊരു ആശ്വാസമാകും. എന്നാല്‍ റേഷന്‍ കടകളില്‍ ആവശ്യത്തിന് അരി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിക്കുന്നില്ല. ഈ വിഷയത്തില്‍ കേരള സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറിനെയും കേന്ദ്ര സര്‍ക്കാര്‍ കേരള സര്‍ക്കാറിനെയും പരസ്പരം പഴി ചാരുകയാണ്. കേന്ദ്രം കേരളത്തിനുള്ള റേഷന്‍ വിഹിതം വെട്ടിക്കുറച്ചതാണ് പ്രതിസന്ധിക്ക് കാരണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആരോപിക്കുന്നു, എന്നാല്‍ കേന്ദ്രം ആവശ്യത്തിന് റേഷന്‍ സാധനങ്ങള്‍ അനുവദിക്കുന്നുണ്ടെന്നും കേരള സര്‍ക്കാര്‍ കൃത്രിമ ക്ഷാമമുണ്ടാക്കുകയാണെന്നുമാണ് കുറ്റപ്പെടുത്തുന്നത്. റേഷന്‍ കടകളിലെ ഇ-പോസ് സംവിധാനം ഇടക്കിടെ പണി മുടക്കുന്നതും മറ്റൊരു വെല്ലുവിളിയാണ്. കേന്ദ്രവും കേരളവും പരസ്പരം പഴിചാരി കയ്യൊഴിയുമ്പോള്‍ റേഷന്‍ ഉപഭോക്താക്കളുടെ പ്രശ്‌നം പിന്നെയെങ്ങനെ പരിഹരിക്കപ്പെടുമെന്ന ചോദ്യം ബാക്കിയാവുകയാണ്. ഈ നില തുടര്‍ന്നാല്‍ ഭാവിയില്‍ പട്ടിണി തന്നെ വന്നാലും അല്‍ഭുതപ്പെടാനില്ല. ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങളില്‍ ഇടപെടാതെ മാറി നില്‍ക്കുന്ന അധികാരികള്‍ വിവാദങ്ങളിലൂടെ ശ്രദ്ധ തിരിക്കുന്നതും ചില തന്ത്രങ്ങളുടെ ഭാഗമാണ്, വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടുന്ന ജനങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ പോലും ആരുമില്ലാത്ത സ്ഥിതിയാണ്. ജനങ്ങളെ പട്ടിണിയിലേക്ക് തള്ളി വിടുന്ന നയം അധികാരികള്‍ തിരുത്തിയേ മതിയാകു.

Related Articles
Next Story
Share it