കാലാവധി കഴിഞ്ഞ ഗുളികകളുടെ വില്‍പ്പന തടയണം

കാസര്‍കോട് ജില്ലയിലെ പല ഭാഗങ്ങളിലും കാലാവധി കഴിഞ്ഞ ഗുളികകള്‍ വില്‍പ്പന നടത്തുകയാണെന്ന വിവരം അമ്പരപ്പിക്കുന്നതാണ്. കിനാനൂര്‍-കരിന്തളം പഞ്ചായത്തില്‍ ഇത്തരത്തില്‍ ഉള്ള ഗുളികകള്‍ വിതരണം ചെയ്തുവെന്ന പരാതി സംബന്ധിച്ച് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ വിശദമായ അന്വേഷണം നടത്തി വരികയാണ്. 2023 മെയ് മാസത്തില്‍ കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കാലാവധി കഴിഞ്ഞ ഗുളികകള്‍ വിതരണം ചെയ്തതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. എലിപ്പനി പ്രതിരോധ ഗുളികകളാണ് വിതരണം ചെയ്തത്. അതാത് പി.എച്ച്.സി.കളിലെ ഫാര്‍മസികളില്‍ നിന്ന് ഗുളികകള്‍ കൈപ്പറ്റി തൊഴിലുറപ്പ് മേറ്റുമാരാണ് തൊഴിലാളികള്‍ക്കിടയില്‍ […]

കാസര്‍കോട് ജില്ലയിലെ പല ഭാഗങ്ങളിലും കാലാവധി കഴിഞ്ഞ ഗുളികകള്‍ വില്‍പ്പന നടത്തുകയാണെന്ന വിവരം അമ്പരപ്പിക്കുന്നതാണ്. കിനാനൂര്‍-കരിന്തളം പഞ്ചായത്തില്‍ ഇത്തരത്തില്‍ ഉള്ള ഗുളികകള്‍ വിതരണം ചെയ്തുവെന്ന പരാതി സംബന്ധിച്ച് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ വിശദമായ അന്വേഷണം നടത്തി വരികയാണ്. 2023 മെയ് മാസത്തില്‍ കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കാലാവധി കഴിഞ്ഞ ഗുളികകള്‍ വിതരണം ചെയ്തതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. എലിപ്പനി പ്രതിരോധ ഗുളികകളാണ് വിതരണം ചെയ്തത്. അതാത് പി.എച്ച്.സി.കളിലെ ഫാര്‍മസികളില്‍ നിന്ന് ഗുളികകള്‍ കൈപ്പറ്റി തൊഴിലുറപ്പ് മേറ്റുമാരാണ് തൊഴിലാളികള്‍ക്കിടയില്‍ ഗുളികകള്‍ വിതരണം ചെയ്തത്. തങ്ങള്‍ കഴിച്ചത് കാലാവധി കഴിഞ്ഞ ഗുളികകളാണെന്ന് തിരിച്ചറിഞ്ഞതോടെ തൊഴിലുറപ്പ് തൊഴിലാളികള്‍ ആശങ്കയിലാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം ഡിസ്ട്രിക്ട് സര്‍വൈലന്‍സ് ഓഫീസര്‍ക്കാണ് ഇത് സംബന്ധിച്ച് അന്വേഷണച്ചുമതല നല്‍കിയിരിക്കുന്നത്. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം കഴിഞ്ഞ ദിവസം കോയിത്തട്ടയിലെ കിനാനൂര്‍-കരിന്തളം കുടുംബാരോഗ്യ കേന്ദ്രം സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് തയ്യാറാക്കിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. കാലാവധി കഴിഞ്ഞ ഡോക്‌സി സൈക്ലിന്‍ ഗുളികകള്‍ വിതരണം ചെയ്തത് തൊഴിലുറപ്പ് മേറ്റുകള്‍ വഴിയാണ്. ഗുണനിലവാരമില്ലാത്തതും കാലാവധി കഴിഞ്ഞതുമായ ഗുളികകള്‍ വിതരണം ചെയ്യരുതെന്നും ഇത്തരം ഗുളികകള്‍ വിതരണം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യ വകുപ്പധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ചില മെഡിക്കല്‍ ഷോപ്പുകളില്‍ കാലാവധി കഴിഞ്ഞ ഗുളികകള്‍ വില്‍പ്പന നടത്തിയിരുന്നതായി ഇതിന് മുമ്പ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ രിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ മെഡിക്കല്‍ ഷോപ്പുകള്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ സര്‍ക്കാര്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ ഫാര്‍മസികളില്‍ കാലാവധി കഴിഞ്ഞ ഗുളികകള്‍ വിതരണം ചെയ്യുന്നുവെന്ന വിവരം പുറത്തുവന്നതോടെ പ്രശ്‌നം അതീവ ഗുരുതരമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പഴകിയ ഗുളികകള്‍ കഴിച്ച് രോഗികള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് സമാധാനം പറയേണ്ടി വരിക സംസ്ഥാന ആരോഗ്യ വകുപ്പ് തന്നെയായിരിക്കും. ഗുളിക കഴിച്ച തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളുള്ളതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേ സമയം പില്‍ക്കാലത്ത് ഈ ഗുളികകള്‍ പാര്‍ശ്വഫലമുണ്ടാക്കുന്നുവെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. സര്‍ക്കാര്‍ ഫാര്‍മസികളില്‍ ഏത് സാഹചര്യത്തിലാണ് കാലാവധി കഴിഞ്ഞ ഗുളികകള്‍ വിതരണം ചെയ്യുന്നതെന്നതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം തന്നെ നടത്തേണ്ടതുണ്ട്. ഫാര്‍മസിയിലെ ജീവനക്കാര്‍ ഇത്രയും നിരുത്തരവാദപരമായി മരുന്നുകള്‍ കൈകാര്യം ചെയ്യുന്നുണ്ടെങ്കില്‍ അതിന് പിന്നില്‍ ഗൂഢതാല്‍പര്യങ്ങളുണ്ടോയെന്ന് ന്യായമായും സംശയിക്കാവുന്നതാണ്. കാസര്‍കോട് ജില്ലയില്‍ ഡെങ്കിപ്പനിയും എലിപ്പനിയും അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഗുണനിലവാരമുള്ളതും കാലാവധി കഴിയാത്തതുമായ പ്രതിരോധ ഗുളികകളാണ് വിതരണം ചെയ്യേണ്ടത്. എല്ലാ ഫാര്‍മസികളിലും ഗുളികകളും മരുന്നുകളും പരിശോധിച്ച് അവ ഗുണനിലവാരമുള്ളതാണെന്ന് ഉറപ്പുവരുത്തണം ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും വേണം.

Related Articles
Next Story
Share it