എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ വീണ്ടും സമരത്തിനിറങ്ങുമ്പോള്‍

കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ വീണ്ടും സമരത്തിനിറങ്ങുകയാണ്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോടുള്ള അവഗണന സര്‍ക്കാര്‍ തുടരുന്ന സാഹചര്യത്തിലാണ് വീണ്ടും സമരത്തിനിറങ്ങുന്നതെന്നാണ് സമരസമിതിയുടെ വിശദീകരണം. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ നിന്ന് നിരവധി രോഗികളെ ഒഴിവാക്കിയതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടുമൊരു സമരത്തിന് നിര്‍ബന്ധിതമായതെന്നാണ് സമരസമിതിയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. മുമ്പ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ട് സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്ന 1031 പേരെയാണ് പിന്നീട് പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. ഇങ്ങനെ ഒഴിവാക്കപ്പെട്ടവര്‍ എന്‍ഡോസള്‍ഫാന്‍ വിഷം പ്രയോഗം നടന്ന പ്രദേശങ്ങളില്‍ താമസിച്ചിരുന്ന കുടുംബങ്ങളില്‍പെട്ടവരാണെന്നും ജനിതകവൈകല്യങ്ങള്‍ അടക്കം […]

കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ വീണ്ടും സമരത്തിനിറങ്ങുകയാണ്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോടുള്ള അവഗണന സര്‍ക്കാര്‍ തുടരുന്ന സാഹചര്യത്തിലാണ് വീണ്ടും സമരത്തിനിറങ്ങുന്നതെന്നാണ് സമരസമിതിയുടെ വിശദീകരണം. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ നിന്ന് നിരവധി രോഗികളെ ഒഴിവാക്കിയതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടുമൊരു സമരത്തിന് നിര്‍ബന്ധിതമായതെന്നാണ് സമരസമിതിയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. മുമ്പ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ട് സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്ന 1031 പേരെയാണ് പിന്നീട് പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. ഇങ്ങനെ ഒഴിവാക്കപ്പെട്ടവര്‍ എന്‍ഡോസള്‍ഫാന്‍ വിഷം പ്രയോഗം നടന്ന പ്രദേശങ്ങളില്‍ താമസിച്ചിരുന്ന കുടുംബങ്ങളില്‍പെട്ടവരാണെന്നും ജനിതകവൈകല്യങ്ങള്‍ അടക്കം മാരകരോഗങ്ങള്‍ ബാധിച്ചവര്‍ ഇക്കൂട്ടത്തിലുണ്ടെന്നും സമരസമിതി വ്യക്തമാക്കുന്നു.
പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ ഇത്രയും പേരെ എന്തിനാണ് ഒഴിവാക്കിയതെന്ന ചോദ്യം ഉത്തരമില്ലാതെ അവശേഷിക്കുകയാണ്. പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ആഗസ്ത് ഒമ്പതിന് നാഗസാക്കി ദിനത്തില്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്താനാണ് സമരസമിതിയുടെ തീരുമാനം. ആവശ്യം അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ തുടര്‍ന്ന് ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കുന്നു.
ദുരിതബാധിതരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ഇതിന് മുമ്പ് നിരവധി തവണ സമരസമിതി പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നതിനാലാണ് സമരം പിന്‍വലിച്ചിരുന്നത്. ഇപ്പോഴും അധികാരികള്‍ നിഷേധാത്മകനയം തുടരുന്ന സാഹചര്യത്തിലാണ് എന്‍ഡോസള്‍ഫാന്‍ ഇരകള്‍ വീണ്ടും തെരുവിലിറങ്ങുന്നത്. ദുരിതബാധിതരുടെ പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ടവരില്‍ പലരും പട്ടിണിയെ അഭിമുഖീകരിക്കുകയാണ്. മരുന്ന് വാങ്ങാനും ചികില്‍സക്കും പണമില്ല. അസുഖങ്ങളും ശാരീരിക വൈകല്യങ്ങളും ഉള്ളതിനാല്‍ മിക്കവരും ജോലിക്ക് പോകാനാകാതെ വീട്ടില്‍ തന്നെ കഴിയുകയാണ്. ദുരിതബാധിതരുടെ പട്ടികയിലുണ്ടായിരുന്നപ്പോള്‍ സര്‍ക്കാരില്‍ നിന്ന് പ്രതിമാസം ലഭിച്ചിരുന്നത് ചെറിയ തുകയായിരുന്നെങ്കില്‍ പോലും അത് കുറച്ച് ആശ്വാസം നല്‍കിയിരുന്നു. അത്യാവശ്യം മരുന്ന് വാങ്ങാനെങ്കിലും ഉപകരിച്ചിരുന്നു. അതും കൂടി നിലച്ചതോടെ ഇവര്‍ ജീവിതം എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്നറിയാതെ കടുത്ത ദുരിതത്തിലാണ്.
ആത്മഹത്യയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് ചിന്തിക്കുന്നവര്‍ കൂടി ഇവര്‍ക്കിടയിലുണ്ട്. അത്രയ്ക്കും പ്രതിസന്ധിയും വെല്ലുവിളിയും നിറഞ്ഞതാണ് ഇവരുടെ ജീവിതം. അത്തരമൊരു അവസ്ഥയിലേക്ക് ദുരിതബാധിതരെ തള്ളിയിടാതെ നോക്കേണ്ടത് അധികൃതരുടെ ഉത്തരവാദിത്വമാണ്. മുമ്പ് കേരളം ഭരിച്ചിരുന്നവരുടെ കെടുകാര്യസ്ഥത കൊണ്ടാണ് കാസര്‍കോട് ജില്ലയിലെ കശുമാവിന്‍ തോട്ടങ്ങളില്‍ യാതൊരു നിയന്ത്രണവുമില്ലാതെ എന്‍ഡോസള്‍ഫാന്‍ വിഷപ്രയോഗം നടത്തിയത്. അതിന്റെ ഫലമായാണ് ജില്ലയിലെ 11 പഞ്ചായത്തുകളില്‍ താമസിക്കുന്നവരില്‍ വലിയൊരു ശതമാനം പേരും രോഗികളായത്. സംഭവിച്ച തെറ്റ് തിരുത്താനാകാത്തതാണ്.
രോഗികളായവരെ സംരക്ഷിക്കുക എന്ന ഉത്തരവാദിത്വമെങ്കിലും അധികാരികള്‍ നിറവേറ്റണം. ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുള്ള മുഴുവന്‍ പേരെയും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കണം.

Related Articles
Next Story
Share it