രോഗികളെ ഇങ്ങനെ കഷ്ടപ്പെടുത്തരുത്

കാസര്‍കോട് ജില്ലയില്‍ ഡോക്ടര്‍മാരുടെയും മറ്റ് ജീവനക്കാരുടെയും ക്ഷാമം കാരണം ദുരിതത്തിലായത് രോഗികളാണ്. ജില്ലയിലെ സര്‍ക്കാര്‍ ആസ്പത്രികളില്‍ നിന്ന് ഡോക്ടര്‍മാരെ കൂട്ടത്തോടെയാണ് സ്ഥലം മാറ്റുന്നത്. എന്നാല്‍ ഇതിന് പകരമായി നിയമനം നടത്താനും അധികൃതര്‍ നടപടികള്‍ സ്വീകരിക്കുന്നില്ല. ഇതോടെ സര്‍ക്കാര്‍ ആസ്പത്രികളില്‍ നിന്ന് മതിയായ ചികിത്സ രോഗികള്‍ക്ക് ലഭിക്കുന്നില്ല.ജില്ലാ ആസ്പത്രിയില്‍ നിന്ന് സൂപ്രണ്ടിനെയും ആര്‍.എം.ഒയെയും സ്ഥലം മാറ്റിയതോടെ ഈ ആസ്പത്രിയുടെ പ്രവര്‍ത്തനം താളം തെറ്റിയിരിക്കുകയാണ്. ജില്ലയിലെ മലയോര പ്രദേശങ്ങളില്‍ നിന്നും തീര പ്രദേശങ്ങളില്‍ നിന്നും ദിനം പ്രതി ആയിരക്കണക്കിന് രോഗികള്‍ […]

കാസര്‍കോട് ജില്ലയില്‍ ഡോക്ടര്‍മാരുടെയും മറ്റ് ജീവനക്കാരുടെയും ക്ഷാമം കാരണം ദുരിതത്തിലായത് രോഗികളാണ്. ജില്ലയിലെ സര്‍ക്കാര്‍ ആസ്പത്രികളില്‍ നിന്ന് ഡോക്ടര്‍മാരെ കൂട്ടത്തോടെയാണ് സ്ഥലം മാറ്റുന്നത്. എന്നാല്‍ ഇതിന് പകരമായി നിയമനം നടത്താനും അധികൃതര്‍ നടപടികള്‍ സ്വീകരിക്കുന്നില്ല. ഇതോടെ സര്‍ക്കാര്‍ ആസ്പത്രികളില്‍ നിന്ന് മതിയായ ചികിത്സ രോഗികള്‍ക്ക് ലഭിക്കുന്നില്ല.
ജില്ലാ ആസ്പത്രിയില്‍ നിന്ന് സൂപ്രണ്ടിനെയും ആര്‍.എം.ഒയെയും സ്ഥലം മാറ്റിയതോടെ ഈ ആസ്പത്രിയുടെ പ്രവര്‍ത്തനം താളം തെറ്റിയിരിക്കുകയാണ്. ജില്ലയിലെ മലയോര പ്രദേശങ്ങളില്‍ നിന്നും തീര പ്രദേശങ്ങളില്‍ നിന്നും ദിനം പ്രതി ആയിരക്കണക്കിന് രോഗികള്‍ ചികിത്സ തേടിയെത്തുന്ന ജില്ലാ ആസ്പത്രിയുടെ അവസ്ഥ അത്യന്തം പരിതാപകരമാണ്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ചികിത്സക്കായി ആശ്രയിക്കുന്ന പ്രധാനപ്പെട്ട രണ്ട് സര്‍ക്കാര്‍ ആസ്പത്രികളാണ് കാഞ്ഞങ്ങാട്ടെ ജില്ലാ ജനറല്‍ ആസ്പത്രിയും കാസര്‍കോട് ജനറല്‍ ആസ്പത്രിയും. രണ്ട് ആസ്പത്രികളും പനി ബാധിതരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ആവശ്യത്തിന് ഡോക്ടര്‍മാരും ജീവനക്കാരും ഇല്ലാത്തതിനാല്‍ രണ്ട് ആസ്പത്രികളിലെയും ചികിത്സാ സംവിധാനങ്ങള്‍ കുത്തഴിഞ്ഞ നിലയിലാണുള്ളത്. ജനറല്‍ ആസ്പത്രിയിലെ ലിഫ്റ്റ് കേടായിട്ട് മാസങ്ങളോളമായി. ഇത് വരെ ഇത് നന്നാക്കാന്‍ കഴിഞ്ഞിട്ടില്ല. ജില്ലാ ആസ്പത്രിയില്‍ ജൂനിയര്‍ കണ്‍സള്‍ട്ടന്റ്, രക്തബാങ്ക്, മെഡിക്കല്‍ ഓഫീസര്‍, എന്നിവരുടെ തസ്തികളാണ് ഒഴിഞ്ഞു കിടക്കുന്നത്. വെള്ളരിക്കുണ്ട് താലൂക്ക് ആസ്പത്രിയില്‍ നാല് ഡോക്ടര്‍മാരുടെ സേവനമാണ് ഒറ്റയടിക്ക് മുടങ്ങിയിരിക്കുന്നത്. രണ്ട് ഡോക്ടര്‍മാര്‍ പഠനാവധിയിലും ഒരാള്‍ പ്രസവാവധിയിലുമാണ്. രണ്ട് ഡോക്ടര്‍മാരെ സ്ഥലം മാറ്റുകയും ചെയ്തു. കാസര്‍കോട് ജില്ലയിലെ ആരോഗ്യ മേഖലയില്‍ നിലവില്‍ 160ലേറെ ഡോക്ടര്‍മാരുടെ ഒഴിവുകളാണുള്ളത്. ഡോക്ടര്‍മാരുടേത് മാത്രമായി അമ്പതിലേറെ ഒഴിവുകളുണ്ട്. അസി.സര്‍ജന്‍മാരുടെ നാല്‍പതിലേറെ ഒഴിവുകളാണുള്ളത്. ഈ ഒഴിവുകള്‍ നികത്താന്‍ ആവശ്യമായ നടപടികളൊന്നും അധികൃതര്‍ സ്വീകരിക്കാത്തത് പ്രതിഷേധാര്‍ഹവും വേദനാജനകവുമാണ്.
കാലവര്‍ഷം ശക്തമായതോടെ ജില്ലയില്‍ പല തരത്തിലുള്ള പനികളും വ്യാപകമാണ്. പകര്‍ച്ചപ്പനി, ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയവ ബാധിച്ച് ദിവസവും നിരവധി പേരാണ് ജില്ലയിലെ സര്‍ക്കാര്‍ ആസ്പത്രിയില്‍ ചികിത്സ തേടിയെത്തുന്നത്. കഴിഞ്ഞ ദിവസം നാന്നൂറോളം പേരാണ് പനി ബാധിച്ച് ജില്ലയിലെ സര്‍ക്കാര്‍ ആസ്പത്രിയില്‍ ചികിത്സ തേടിയെത്തിയത്. സ്വകാര്യാസ്പത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ഇതിലും ഇരട്ടിയാണ്. മറ്റ് പനികളെ അപേക്ഷിച്ച് കൂടുതല്‍ മാരകമായ ഡെങ്കിപ്പനി പടരുന്നത് കടുത്ത ആശങ്കക്ക് കാരണമാവുകയാണ്. 39 ദിവസത്തിനുള്ളില്‍ 146 പേരാണ് ഡെങ്കിപ്പനി ബാധിച്ച് വിവിധ സര്‍ക്കാര്‍ ആസ്പത്രികളില്‍ ചികിത്സ തേടിയെത്തിയത്. ഇതിന് പുറമെ ചിക്കന്‍ പോക്‌സും എലിപ്പനിയും പടരുകയാണ്. സ്ഥിതിഗതികള്‍ ഇത്രയും രൂക്ഷമായിട്ടും ജില്ലയിലെ സര്‍ക്കാര്‍ ആസ്പത്രികളില്‍ നിന്ന് ഡോക്ടര്‍മാരെയും ജീവനക്കാരെയും കൂട്ടത്തോടെ സ്ഥലം മാറ്റിയും ഒഴിവുകള്‍ നികത്താതെയും അധികൃതര്‍ കാണിക്കുന്ന ക്രൂരവിനോദം ഇവിടത്തെ ആരോഗ്യ മേഖലയോട് കാണിക്കുന്ന തികഞ്ഞ അവഗണനയുടെ തുടര്‍ച്ച തന്നെയാണ്. മഴക്കാലത്തിന് മുമ്പ് തന്നെ ജില്ലയിലെ ഡോക്ടര്‍മാരുടെ കുറവ് സംബന്ധിച്ച് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടിനെ ബന്ധപ്പെട്ടവര്‍ അവഗണിക്കുകയായിരുന്നു. വിദഗ്ധ ചികിത്സ ലഭ്യമാക്കുന്ന മെഡിക്കല്‍ കോളേജോ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആസ്പത്രിയോ ഇല്ലാത്ത കാസര്‍കോട് ജില്ലയിലെ ആരോഗ്യ മേഖലയോട് കാണിക്കുന്ന അവഗണനയും കൊടുംചതിയും ഇനിയെങ്കിലും അധികാരികള്‍ അവസാനിപ്പിക്കണം.

Related Articles
Next Story
Share it