വിവാഹത്തിന്റെ പേരില്‍ ഇത്തരം ആചാരങ്ങള്‍ അനുവദിക്കരുത്

കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയിലെ പല്ലനശയില്‍ വധൂവരന്‍മാരുടെ തല കൂട്ടിയിടിപ്പിച്ച സംഭവം സോഷ്യല്‍ മീഡിയകളിലടക്കം വലിയ ചര്‍ച്ചക്ക് തന്നെ ഇടവരുത്തിയിരിക്കുകയാണ്. ശക്തമായ പ്രതിഷേധമാണ് ഇതിനെതിരെ വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നുവന്നിരിക്കുന്നത്. പല്ലശന സ്വദേശി സച്ചിന്റെയും കോഴിക്കോട് മുക്കം സ്വദേശിനി സജിലയുടെയും വിവാഹവുമായി ബന്ധപ്പെട്ടാണ് ഇത്തരമൊരു അനിഷ്ടസംഭവം നടന്നത്. വിവാഹശേഷം വരന്റെ വീട്ടിലേക്ക് വധു കയറുന്നതിനിടെയാണ് പിറകിലുണ്ടായിരുന്ന ഒരാള്‍ രണ്ടുപേരുടെയും തലകള്‍ ശക്തിയായി കൂട്ടിയിടിച്ചത്. അസഹ്യമായ വേദനയോടെ വധു കരഞ്ഞുകൊണ്ട് വീട്ടിനകത്തേക്ക് ഓടിപ്പോവുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ […]

കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയിലെ പല്ലനശയില്‍ വധൂവരന്‍മാരുടെ തല കൂട്ടിയിടിപ്പിച്ച സംഭവം സോഷ്യല്‍ മീഡിയകളിലടക്കം വലിയ ചര്‍ച്ചക്ക് തന്നെ ഇടവരുത്തിയിരിക്കുകയാണ്. ശക്തമായ പ്രതിഷേധമാണ് ഇതിനെതിരെ വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നുവന്നിരിക്കുന്നത്. പല്ലശന സ്വദേശി സച്ചിന്റെയും കോഴിക്കോട് മുക്കം സ്വദേശിനി സജിലയുടെയും വിവാഹവുമായി ബന്ധപ്പെട്ടാണ് ഇത്തരമൊരു അനിഷ്ടസംഭവം നടന്നത്. വിവാഹശേഷം വരന്റെ വീട്ടിലേക്ക് വധു കയറുന്നതിനിടെയാണ് പിറകിലുണ്ടായിരുന്ന ഒരാള്‍ രണ്ടുപേരുടെയും തലകള്‍ ശക്തിയായി കൂട്ടിയിടിച്ചത്. അസഹ്യമായ വേദനയോടെ വധു കരഞ്ഞുകൊണ്ട് വീട്ടിനകത്തേക്ക് ഓടിപ്പോവുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംസ്ഥാന വനിതാ കമ്മീഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കൊല്ലങ്കോട് പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് വനിതാകമ്മീഷന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.
മതങ്ങളും നിയമവും അനുവദിക്കുകയോ അംഗീകരിക്കുകയോ ചെയ്യാത്ത ആചാരങ്ങള്‍ വിവാഹവേളകളില്‍ അടിച്ചേല്‍പ്പിക്കുന്ന സംഭവങ്ങള്‍ സമൂഹത്തില്‍ വര്‍ധിച്ചുവരികയാണ്. ഇത്തരം ആചാരങ്ങളുടെ പേരില്‍ നടത്തപ്പെടുന്ന ആഭാസങ്ങളും അക്രമങ്ങളും മനുഷ്യജീവന് തന്നെ ഹാനിവരുത്തുന്ന തരത്തിലേക്ക് വഴിമാറിയ സംഭവങ്ങള്‍ പോലും കേരളത്തിലുണ്ടായിട്ടുണ്ട്. പാലക്കാട് ജില്ലയില്‍ ഇതൊരു ആചാരമാണെന്ന് ചിലര്‍ പറയുമ്പോള്‍ ഇങ്ങനെയൊരു ആചാരം ഇല്ലെന്ന് ഭൂരിഭാഗം പേരും പറയുന്നു. ഇതോരു ഒറ്റപ്പെട്ട സംഭവമായി കരുതാന്‍ നിര്‍വാഹമില്ല. കാസര്‍കോട് ജില്ലയിലടക്കം വധൂവരന്‍മാര്‍ക്ക് മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിലുള്ള പേക്കൂത്തുകള്‍ വിവാഹചടങ്ങുകളോട് അനുബന്ധിച്ച് നടക്കാറുണ്ടെന്നത് യാഥാര്‍ഥ്യമാണ്
വിവാഹ വീടുകളില്‍ വിവാഹത്തലേന്ന് മദ്യപിച്ച് ബഹളമുണ്ടാക്കുകയും ആഭാസ നൃത്തം ചവിട്ടുകയും കേട്ടാലറയ്ക്കുന്ന ഭാഷ സംസാരിക്കുകയും ഒക്കെ ചെയ്യുന്നത് വര്‍ധിച്ചു വരികയാണ്. പുരുഷന്മാര്‍ സ്ത്രീകളുടെ വേഷം കെട്ടി ആഭാസ നൃത്തം ചവിട്ടുക, വധുവിന്റെ ചെരിപ്പില്‍ എണ്ണയൊഴിച്ച് ആ ചെരിപ്പ് ധരിച്ച് നടക്കാന്‍ ആജ്ഞാപിക്കുക, വധൂവരന്‍മാരുടെ കഴുത്തില്‍ ചെരിപ്പ് മാലയിട്ട് നടത്തിക്കുക, അവരുടെ കിടപ്പുമുറി അലങ്കോലപ്പെടുത്തുക, കിടക്കയില്‍ വെള്ളം നനച്ചു കുതിര്‍ക്കുക തുടങ്ങിയ ക്രൂര വിനോദങ്ങള്‍ കേരളത്തിലെ പലയിടങ്ങളിലും ആചാരങ്ങളായി കൊണ്ടുനടക്കുന്നുണ്ട്. വധൂവരന്‍മാരുടെ മണിയറകളിലേക്ക് സുഹൃത്തുക്കളെന്ന സ്വാതന്ത്ര്യത്തോടെ ഇരച്ചുകയറി അവരുടെ സ്വകാര്യതകള്‍ ലംഘിക്കുന്നതും പുലരും വരെ വരന്റെ വീടിന് മുന്നില്‍ വെടുമരുന്ന് പ്രയോഗം നടത്തി നവദമ്പതികളുടെ ഉറക്കം നഷ്ടപ്പെടുത്തുന്നതും അടക്കമുള്ള ഹീനമായ ചെയ്തികളുമുണ്ട്. കഴിഞ്ഞ വര്‍ഷം കണ്ണൂര്‍ തോട്ടടയില്‍ വിവാഹ സംഘത്തോടൊപ്പം എത്തിയ ചിലര്‍ നടത്തിയ ബോംബേറില്‍ അതേസംഘത്തില്‍പ്പെട്ട യുവാവ് തലതകര്‍ന്ന് കൊല്ലപ്പെട്ട സംഭവം നടന്നു. മണിയറയില്‍ അതിക്രമിച്ചുകടക്കുന്നത് തടഞ്ഞ വരന്റെ പിതാവ് ഹൃദയാഘാതം വന്ന് മരണപ്പെട്ട സംഭവവും കേരളത്തിലുണ്ടായിട്ടുണ്ട്. ഇത്തരം അതിക്രമങ്ങള്‍ തടയാന്‍ ശക്തമായ നിയമം അനിവാര്യമാണ്. വിവാഹചടങ്ങുകളുടെ പരിശുദ്ധി കാത്തുസൂക്ഷിക്കുന്നതിവും വധൂവരന്‍മാരുടെ അഭിമാനവും ജീവനും സംരക്ഷിക്കാനും കര്‍ശന നടപടികള്‍ തന്നെ സ്വീകരിക്കണം.

Related Articles
Next Story
Share it