തെരുവ് നായ്ക്കള്‍ ഉയര്‍ത്തുന്ന ഭീതി

കേരളത്തിലെ മറ്റ് ഭാഗങ്ങളിലെന്നത് പോലെ കാസര്‍കോട് ജില്ലയിലും തെരുവ് നായ്ക്കളുടെ അക്രമണം വ്യാപകവും രൂക്ഷവുമാകുകയാണ്. തെരുവ് നായ്ക്കള്‍ കാരണം ആര്‍ക്കും വഴി നടക്കാന്‍ കഴിയാത്ത സാഹചര്യം ജില്ലയിലും രൂപപ്പെട്ടുവരികയാണെന്നാണ് കഴിഞ്ഞ രണ്ടുദിവസങ്ങളിലുണ്ടായ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. വിവിധ ഭാഗങ്ങളില്‍ സ്ത്രീകളും കുട്ടികളും അടക്കമുള്ളവരെയാണ് നായ്ക്കള്‍ കടിച്ചുകീറിയത്. ഒരു സ്ത്രീ ഗുരുതരാവസ്ഥയില്‍ ആസ്പത്രിയില്‍ ചികില്‍സയില്‍ കഴിയുകയാണ്. ബേക്കല്‍ പുതിയ കടപ്പുറത്തെ 68കാരിയായ ഭാരതിയാണ് ഗുരുതരനിലയില്‍ ആസ്പത്രിയില്‍ കഴിയുന്നത്. കടല്‍തീരത്തുകൂടി നടന്നുപോവുകയായിരുന്ന ഭാരതിയെ നായ കടിച്ചുകീറുകയായിരുന്നു. ശരീരമാസകലം ആഴത്തിലുള്ള മുറിവുകളുമായാണ് ഭാരതി […]

കേരളത്തിലെ മറ്റ് ഭാഗങ്ങളിലെന്നത് പോലെ കാസര്‍കോട് ജില്ലയിലും തെരുവ് നായ്ക്കളുടെ അക്രമണം വ്യാപകവും രൂക്ഷവുമാകുകയാണ്. തെരുവ് നായ്ക്കള്‍ കാരണം ആര്‍ക്കും വഴി നടക്കാന്‍ കഴിയാത്ത സാഹചര്യം ജില്ലയിലും രൂപപ്പെട്ടുവരികയാണെന്നാണ് കഴിഞ്ഞ രണ്ടുദിവസങ്ങളിലുണ്ടായ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. വിവിധ ഭാഗങ്ങളില്‍ സ്ത്രീകളും കുട്ടികളും അടക്കമുള്ളവരെയാണ് നായ്ക്കള്‍ കടിച്ചുകീറിയത്. ഒരു സ്ത്രീ ഗുരുതരാവസ്ഥയില്‍ ആസ്പത്രിയില്‍ ചികില്‍സയില്‍ കഴിയുകയാണ്. ബേക്കല്‍ പുതിയ കടപ്പുറത്തെ 68കാരിയായ ഭാരതിയാണ് ഗുരുതരനിലയില്‍ ആസ്പത്രിയില്‍ കഴിയുന്നത്. കടല്‍തീരത്തുകൂടി നടന്നുപോവുകയായിരുന്ന ഭാരതിയെ നായ കടിച്ചുകീറുകയായിരുന്നു. ശരീരമാസകലം ആഴത്തിലുള്ള മുറിവുകളുമായാണ് ഭാരതി ആസ്പത്രിയില്‍ കഴിയുന്നത്. സ്‌കൂളുകളിലും മദ്രസകളിലും പോകുന്ന കുട്ടികളെ നായ്ക്കള്‍ അക്രമിക്കുന്ന സംഭവങ്ങളും വര്‍ധിക്കുകയാണ്. നായ്ക്കളില്‍ നിന്ന് രക്ഷപ്പെടാന്‍ കുട്ടികള്‍ ഓടുന്നത് പതിവ് കാഴ്ചയാണ്. കണ്ണൂര്‍ ജില്ലയില്‍ ഭിന്നശേഷിക്കാരനായ കുട്ടി തെരുവ്നായ്ക്കളുടെ അക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ നടുക്കവും വേദനയും നമ്മുടെ മുന്നിലുണ്ട്. അതിന് ശേഷം തിരുവനന്തപുരത്തും തെരുവ് നായയുടെ കടിയേറ്റുള്ള മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി. തുടര്‍ന്നുള്ള ദിവസങ്ങളിലും സംസ്ഥാനത്തെ പല ഭാഗങ്ങളിലും തെരുവ് നായ്ക്കളുടെ കടിയേല്‍ക്കുന്നവരുടെ എണ്ണം കൂടുകയാണ്. എന്നാല്‍ ഇതുവരെയായും തെരുവ് നായ്ക്കളുടെ ശല്യത്തിന് പരിഹാരം കാണാനാകാതെ അധികാരികള്‍ നിസഹായാവസ്ഥയില്‍ തന്നെയാണ്.
അക്രമണകാരികളായ നായ്ക്കളെ കൊല്ലാന്‍ പോലും സാധിക്കാത്ത വിധത്തിലുള്ള നിയമതടസമാണ് നിലനില്‍ക്കുന്നത്. ഈ നിയമതടസം നീക്കുന്നതിന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യ സുപ്രീംകോടതിയില്‍ ഹരജി നല്‍കിയത് സ്വാഗതാര്‍ഹം തന്നെയാണ്. ഉപദ്രവകാരികളായ നായ്ക്കളെ ദയാവധത്തിന് വിധേയമാക്കാന്‍ അനുമതി നല്‍കണമെന്നാണ് ദിവ്യ നല്‍കിയ ഹരജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സുപ്രീംകോടി ഇടപെട്ട് അതിന് അനുമതി നല്‍കുകയാണെങ്കില്‍ തെരുവ് നായ്ക്കളുടെ ശല്യത്തിന് ഒരു പരിധിവരെയെങ്കിലും പരിഹാരമാകും. എന്നാല്‍ നായസ്നേഹികളായ ചിലര്‍ ഇതിനെതിരെ രംഗത്തുവരികയും ഹരജി നല്‍കിയ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
മനുഷ്യജീവന് തന്നെ ഭീഷണിയായി മാറുന്ന നായ്ക്കളെ ഉന്‍മൂലനം ചെയ്യാതെ മറ്റ് മാര്‍ഗമൊന്നുമില്ല. അതുകൊണ്ട് സുപ്രീംകോടതിയില്‍ നിന്ന് അനുകൂല വിധി നേടിയെടുക്കുന്നതിന് ആവശ്യമായ തെളിവുകള്‍ നല്‍കാനും വസ്തുതകള്‍ ബോധ്യപ്പെടുത്താനും കഴിയണം. നമ്മുടെ കുട്ടികള്‍ തെരുവ് നായ്ക്കള്‍ക്ക് ഇരകളാകുന്ന കാഴ്ച സഹിക്കാവുന്നതിലും അപ്പുറമാണ്. എല്ലാവര്‍ക്കും സുരക്ഷിതമായി സഞ്ചരിക്കാന്‍ ആവശ്യമായ സാഹചര്യമുണ്ടാക്കുന്നതിന് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ആത്മാര്‍ഥമായ ഇടപെടലും നടപടിയും ഉണ്ടാകണം.

Related Articles
Next Story
Share it