അവഗണനയുടെ മറ്റൊരു നേര്‍ക്കാഴ്ചയായി അമ്മയും കുഞ്ഞും ആസ്പത്രി

മാറിമാറിവരുന്ന സര്‍ക്കാരുകള്‍ കാസര്‍കോട് ജില്ലയോട് കാണിക്കുന്ന അവഗണന പുതിയ അനുഭവല്ല. എല്ലാ രംഗത്തും ജില്ല അവഗണനയുടെ കയ്പുനീര്‍ കുടിക്കുന്നുണ്ട്. ആരോഗ്യമേഖലയില്‍ നേരിടുന്ന കടുത്ത അവഗണനകള്‍ കാരണം ജില്ലയിലെ ജനങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ വളരെ വലുതാണ്. കാഞ്ഞങ്ങാട്ടെ അമ്മയും കുഞ്ഞും ആസ്പത്രി അധികാരികള്‍ നമ്മുടെ നാടിനോട് കാണിക്കുന്ന നിഷേധാത്മകതയുടെ മറ്റൊരു നേര്‍ക്കാഴ്ചയാണ്. നല്ല കെട്ടിടവും മറ്റ് ആധുനിക സൗകര്യങ്ങളും ഉണ്ടായിട്ടുകൂടിയും ഈ ആസ്പത്രി തുറന്ന് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ നടപടികളൊന്നും ഇതുവരെ സ്വീകരിക്കപ്പെട്ടിട്ടില്ല. ഇക്കഴിഞ്ഞ ആഗസ്ത് 12ന് ജില്ലയിലെത്തിയ ആരോഗ്യമന്ത്രി […]

മാറിമാറിവരുന്ന സര്‍ക്കാരുകള്‍ കാസര്‍കോട് ജില്ലയോട് കാണിക്കുന്ന അവഗണന പുതിയ അനുഭവല്ല. എല്ലാ രംഗത്തും ജില്ല അവഗണനയുടെ കയ്പുനീര്‍ കുടിക്കുന്നുണ്ട്. ആരോഗ്യമേഖലയില്‍ നേരിടുന്ന കടുത്ത അവഗണനകള്‍ കാരണം ജില്ലയിലെ ജനങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ വളരെ വലുതാണ്. കാഞ്ഞങ്ങാട്ടെ അമ്മയും കുഞ്ഞും ആസ്പത്രി അധികാരികള്‍ നമ്മുടെ നാടിനോട് കാണിക്കുന്ന നിഷേധാത്മകതയുടെ മറ്റൊരു നേര്‍ക്കാഴ്ചയാണ്. നല്ല കെട്ടിടവും മറ്റ് ആധുനിക സൗകര്യങ്ങളും ഉണ്ടായിട്ടുകൂടിയും ഈ ആസ്പത്രി തുറന്ന് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ നടപടികളൊന്നും ഇതുവരെ സ്വീകരിക്കപ്പെട്ടിട്ടില്ല. ഇക്കഴിഞ്ഞ ആഗസ്ത് 12ന് ജില്ലയിലെത്തിയ ആരോഗ്യമന്ത്രി വീണാജോര്‍ജ് കാഞ്ഞങ്ങാട് പുതിയകോട്ടയിലെ അമ്മയും കുഞ്ഞും ആസ്പത്രി ഒരുമാസത്തിനുള്ളില്‍ തുറക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ രണ്ടുമാസം കഴിഞ്ഞിട്ടും ഈ ആസ്പത്രി തുറക്കാനുള്ള ഒരു ലക്ഷണവും കാണുന്നില്ല. ആസ്പത്രി തുറക്കുന്നതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനം വേഗത്തിലാക്കാന്‍ സൂപ്രണ്ടിനെ നിയമിക്കുമെന്ന ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനവും യാഥാര്‍ഥ്യമായിട്ടില്ല. ഡോക്ടര്‍മാരെയും നഴ്സുമാരെയും മറ്റ് ജീവനക്കാരെയും നിയമിക്കുന്ന കാര്യത്തിലും കാലതാമസം നേരിടുകയാണ്. തസ്തികയുണ്ടാക്കി പെട്ടെന്ന് തന്നെ നിയമനം നടത്തുമെന്നും നിയമന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ സൂപ്രണ്ട് തസ്തികയിലുള്ള ഒരാളെ ചുമതലയേല്‍പ്പിക്കുമെന്നമുള്ള ഉറപ്പും വെറും വാക്കില്‍ ഒതുങ്ങുകയാണ്. 2021 ഫെബ്രുവരി എട്ടിന് അന്നത്തെ ആരോഗ്യമന്ത്രി കെ.കെ ശൈലജയാണ് അമ്മയും കുഞ്ഞും ആസ്പത്രിയുടെ കെട്ടിടം ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനം നടന്ന് ഒന്നരവര്‍ഷം കഴിഞ്ഞിട്ടും ആസ്പത്രി തുറന്ന് കൊടുക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധമാണ് നിലനില്‍ക്കുന്നത്. ആസ്പത്രി കെട്ടിടനിര്‍മാണം പൂര്‍ത്തിയായതിന് പുറമെ ലിഫ്റ്റ് നിര്‍മാണവും പൂര്‍ത്തീകരിച്ചിട്ടുണ്ട്. ആസ്പത്രിയില്‍ ആവശ്യമായ ഉപകരണങ്ങളില്‍ പലതും എത്തിച്ചിട്ടുണ്ട്. വൈദ്യുതി കണക്ഷന്‍ പോലും ലഭിച്ചു. ഇനിയും കുറച്ച് ജോലികള്‍ മാത്രം ബാക്കിയുണ്ട്. മേല്‍ക്കൂരയില്‍ ഷീറ്റിടാന്‍ കരാറെടുത്തയാള്‍ പണി പൂര്‍ത്തിയാക്കാതെ മടങ്ങിയത് മറ്റൊരു പ്രശ്നമാണ്. കെട്ടിടത്തിന് അഗ്‌നിരക്ഷാസേനയുടെ എതിര്‍പ്പില്ലാരേഖ ലഭിക്കേണ്ടതുണ്ട്. ഈ രേഖ ലഭിച്ചാലേ നഗരസഭ കെട്ടിടനമ്പര്‍ നല്‍കുകയുള്ളൂ. മനസ് വെച്ചാല്‍ ഇതെല്ലാം വേഗത്തില്‍ തരപ്പെടുത്താവുന്നതാണ്. കട്ടിലും കിടക്കയും ഏതാനും ഉപകരണങ്ങളും എത്താനുണ്ട്. ഇതിനുള്ള ഫണ്ട് ലഭ്യമാക്കിയിരുന്നു. സാധനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കുകയും ചെയ്തു. ഉപകരണങ്ങള്‍ ഒരുക്കേണ്ട സജ്ജീകരണങ്ങളെക്കുറിച്ചും തീരുമാനമായില്ല. ആസ്പത്രി ഉടനെയൊന്നും തുറന്ന് പ്രവര്‍ത്തിക്കാനിടയില്ലെന്നാണ് ഈ വിഷയത്തില്‍ ആരോഗ്യവകുപ്പ് കാണിക്കുന്ന നിസംഗത നല്‍കുന്ന സൂചന. ഡോക്ടര്‍മാരെയും നഴ്സുമാരെയും പുതുതായി നിയമിക്കില്ലെന്നും ജില്ലയില്‍ തന്നെയുള്ളവരെ പുനര്‍ വിന്യസിക്കണമെന്നും ജില്ലാ ആരോഗ്യവകുപ്പിന് നിര്‍ദേശം ലഭിച്ചതായാണ് അറിയുന്നത്. കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയിലും ജനറല്‍ ആസ്പത്രിയിലുമായി ഏഴ് ഗൈനക്കോളജിസ്റ്റുമാരുണ്ട്. പ്രസവചികിത്സക്കായി ഈ ആസ്പത്രികളിലെത്തുന്ന സ്ത്രീകളുടെ എണ്ണം കണക്കിലെടുക്കുമ്പോള്‍ ഇവിടങ്ങളില്‍ നിലവിലുള്ള ഗൈനക്കോളജിസ്റ്റുകള്‍ അപര്യാപ്തമാണ്. ഈ ആസ്പത്രികളില്‍ നിന്നും അമ്മയും കുഞ്ഞും ആസ്പത്രിയിലേക്ക് പുനര്‍ വിന്യാസം നടത്തിയാല്‍ തന്നെ ജില്ലാ ആസ്പത്രിയുടെയും സര്‍ക്കാര്‍ ആസ്പത്രിയുടെയും പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കും.അതുകൊണ്ട് അമ്മയും കുഞ്ഞും ആസ്പത്രിയിലേക്ക് പ്രത്യേകം ഡോക്ടര്‍മാരെയും നഴ്സുമാരെയും മറ്റ് ജീവനക്കാരെയും നിയമിച്ച് ആസ്പത്രിയുടെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം.

Related Articles
Next Story
Share it