ജലജന്യരോഗങ്ങള്‍ക്കെതിരെ ജാഗ്രതയും പ്രതിരോധവും വേണം

കാസര്‍കോട് ജില്ലയില്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ജലജന്യരോഗങ്ങള്‍ വര്‍ധിച്ചുവരുന്നതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. വയറിളക്കം, മഞ്ഞപ്പിത്തം തുടങ്ങിയ ജലജന്യരോഗങ്ങള്‍ ജില്ലയില്‍ നാലുവര്‍ഷത്തിനിടെ ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്. മതിയായ ചികില്‍സ ലഭിച്ചില്ലെങ്കില്‍ വയറിളക്കവും മഞ്ഞപ്പിത്തവും മൂര്‍ഛിക്കുകയും മരണം വരെ സംഭവിക്കുകയും ചെയ്യും. അതുകൊണ്ട് ഈ രോഗങ്ങളെ നിസാരമായി കാണാന്‍ സാധിക്കില്ല. ജില്ലയിലെ വയറിളക്കം സംബന്ധിച്ച കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്.2020ല്‍ വയറിളക്കം ബാധിച്ച് കാസര്‍കോട് ജില്ലയിലെ സര്‍ക്കാര്‍ ആസ്പത്രികളില്‍ ചികില്‍സയില്‍ കഴിഞ്ഞവരുടെ എണ്ണം 15743 ആയിരുന്നു. 2021 ല്‍ 12770 പേരാണ് ചികില്‍സയില്‍ കഴിഞ്ഞത്. […]

കാസര്‍കോട് ജില്ലയില്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ജലജന്യരോഗങ്ങള്‍ വര്‍ധിച്ചുവരുന്നതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. വയറിളക്കം, മഞ്ഞപ്പിത്തം തുടങ്ങിയ ജലജന്യരോഗങ്ങള്‍ ജില്ലയില്‍ നാലുവര്‍ഷത്തിനിടെ ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്. മതിയായ ചികില്‍സ ലഭിച്ചില്ലെങ്കില്‍ വയറിളക്കവും മഞ്ഞപ്പിത്തവും മൂര്‍ഛിക്കുകയും മരണം വരെ സംഭവിക്കുകയും ചെയ്യും. അതുകൊണ്ട് ഈ രോഗങ്ങളെ നിസാരമായി കാണാന്‍ സാധിക്കില്ല. ജില്ലയിലെ വയറിളക്കം സംബന്ധിച്ച കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്.
2020ല്‍ വയറിളക്കം ബാധിച്ച് കാസര്‍കോട് ജില്ലയിലെ സര്‍ക്കാര്‍ ആസ്പത്രികളില്‍ ചികില്‍സയില്‍ കഴിഞ്ഞവരുടെ എണ്ണം 15743 ആയിരുന്നു. 2021 ല്‍ 12770 പേരാണ് ചികില്‍സയില്‍ കഴിഞ്ഞത്. 2022ല്‍ വയറിളക്കം ബാധിച്ച് ചികില്‍സ തേടിയത് 20973 പേരാണ്. 2023ലെ മെയ് മാസം വരെയുള്ള കണക്കെടുത്താല്‍ 12779 പേര്‍ വയറിളക്കം ബാധിച്ച് ചികില്‍സ തേടിയതായി കണ്ടെത്താന്‍ കഴിയും. മെയ് മാസം വരെ മാത്രം ഇത്രയും പേര്‍ ചികില്‍സ തേടിയെങ്കില്‍ ഡിസംബര്‍ വരെയുള്ള ഇനിയുള്ള മാസങ്ങളിലെ കൂടി കണക്കെടുപ്പ് കൂടി കഴിഞ്ഞാല്‍ മുന്‍മാസങ്ങളെ അപേക്ഷിച്ച് വര്‍ധനവുണ്ടാകാന്‍ സാധ്യതയേറെയാണ്. ഇതിപ്പോള്‍ ഔദ്യോഗിക കണക്ക് മാത്രമാണ്. സര്‍ക്കാര്‍ ആസ്പത്രികള്‍ക്ക് പുറമെ സ്വകാര്യാസ്പത്രികളിലും ക്ലിനിക്കുകളിലും ചികില്‍സ തേടിയവരുടെ കൂടി കണക്കെടുത്താല്‍ ഔദ്യോഗിക കണക്കിലും ഇരട്ടിയുണ്ടാകുമെന്നതില്‍ സംശയമില്ല. മഞ്ഞപ്പിത്തം ബാധിക്കുന്നവരുടെ എണ്ണത്തിലും വലിയ വര്‍ധനവാണ് ജില്ലയില്‍ രേഖപ്പെടുത്തിയത്.
2022ല്‍ മഞ്ഞപ്പിത്തം ബാധിച്ചത് 17 പേര്‍ക്കാണ്. മംഗല്‍പ്പാടി-കുമ്പള പഞ്ചായത്ത് പരിധികളിലാണ് കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ മഞ്ഞപ്പിത്തം രേഖപ്പെടുത്തിയത്. ഈ വര്‍ഷം മെയ്മാസം വരെ വലിയ പറമ്പ്, കുമ്പള, ചെമ്മനാട്, ചെങ്കള പഞ്ചായത്ത് പരിധികളിലും കാസര്‍കോട് നഗരസഭാപരിധിയിലും കൂടുതല്‍ പേര്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ 49 പേര്‍ക്ക് ടൈഫോയ്ഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. ഈ വര്‍ഷം മെയ് വരെ ടൈഫോയ്ഡ് ലക്ഷണങ്ങളോടെ ചികില്‍സ തേടിയത് 43 പേരാണ്. ടൈഫോയ്ഡ് ബാധിതരുടെ എണ്ണം ഏറ്റവും കൂടുതലുള്ളത് കാസര്‍കോട് നഗരസഭാ പരിധിയിലാണ്. കഴിഞ്ഞ വര്‍ഷം കാസര്‍കോട് നഗരസഭാ പരിധിക്ക് പുറമെ ചെങ്കള പഞ്ചായത്ത് പരിധിയിലും ടൈഫോയ്ഡ് ബാധിതരുടെ എണ്ണം കൂടുതലായിരുന്നു. ഈ വര്‍ഷം കാസര്‍കോട് നഗരസഭക്ക് പുറമെ ബേഡഡുക്ക, മധൂര്‍, ചെങ്കള പഞ്ചായത്ത് പരിധിയിലും കൂടുതല്‍ പേര്‍ക്ക് ടൈഫോയ്ഡ് ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഐസിലൂടെയാണ് പലര്‍ക്കും ടൈഫോയ്ഡ് പടരുന്നത്. ജലജന്യരോഗങ്ങള്‍ ബാധിക്കുന്നവരില്‍ നല്ലൊരു ശതമാനവും കുട്ടികളാണ്. അതുകൊണ്ട് ജലജന്യരോഗങ്ങള്‍ വരുന്നത് തടയാനും പ്രതിരോധിക്കാനും ആവശ്യമായ ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങളും നടപടികളും ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടാകണം.

Related Articles
Next Story
Share it