കേരളജനതയെ ഷോക്കടിപ്പിച്ച് പീഡിപ്പിക്കുന്നതിനുതുല്യമായി വൈദ്യുതിമേഖലയില്‍ ഇരട്ടസര്‍ചാര്‍ജ് നിലവില്‍ വന്നിരിക്കുകയാണ്. മാസം തോറും സര്‍ചാര്‍ജ് ചുമത്താനുള്ള പുതിയ ചട്ടപ്രകാരം ജൂണ്‍മാസത്തേക്ക് യൂണിറ്റിന് 10 പൈസ അധികം ഈടാക്കാന്‍ വൈദ്യുതിബോര്‍ഡ് നേരിട്ടാണ് തീരുമാനമെടുത്തിരിക്കുന്നത്. ഇതുകൂടാതെ ജൂണ്‍ മുതല്‍ നവംബര്‍ വരെ ഒമ്പത് പൈസ സര്‍ചാര്‍ജായി ഈടാക്കാന്‍ റെഗുലേറ്ററി കമ്മീഷനും അനുമതി നല്‍കിയിരിക്കുകയാണ്. പഴയകാല അപേക്ഷകള്‍ പരിഗണിച്ചാണ് ഇത്തരമൊരു തീരുമാനെം കൈക്കൊണ്ടിരിക്കുന്നത്. ഇതോടെ ജൂണ്‍മാസത്തില്‍ നിലവിലെ നിരക്കില്‍ നിന്ന് യൂണിറ്റിന് 19 പൈസ അധികം നല്‍കേണ്ടിവരും. ജൂണ്‍മാസം കഴിഞ്ഞാലും കമ്മീഷന്‍ അനുവദിച്ച ഒമ്പതുപൈസ ഈടാക്കാവുന്നതാണ്. നവംബര്‍ മാസം വരെയാണ് ഇതിന് അനുമതി നല്‍കിയിരിക്കുന്നതെങ്കിലും ഒക്ടോബറില്‍ ബോര്‍ഡ് സമീപിച്ചാല്‍ കമ്മീഷന്‍ ഇത് പുനപരിശോധിക്കുമെന്നും അറിയുന്നു. എല്ലാ മാസവും മുന്‍കൂര്‍ അനുമതിയില്ലാതെ തന്നെ പരമാവധി 10 പൈസ വരെ സര്‍ചാര്‍ജ് ഈടാക്കാന്‍ കേന്ദ്രനിര്‍ദേശപ്രകാരം ബോര്‍ഡിന് കമ്മീഷന്‍ അനുവാദവും നല്‍കിയിട്ടുണ്ട്. ഈയിടെയാണ് വൈദ്യുതി നിരക്ക് കുത്തനെ ഉയര്‍ത്തിയത്. ഇതുമൂലം വൈദ്യുതി ഉപഭോക്താക്കള്‍ കടുത്ത സാമ്പത്തിക ബാധ്യതയാണ് നേരിടുന്നത്. ഇതിന് പുറമെയാണ് സര്‍ചാര്‍ജ് ഇരട്ടിയാക്കിയ നടപടി. കമ്മീഷന്‍ മാറ്റം വരുത്തും വരെ 19 പൈസയായിരിക്കും സര്‍ചാര്‍ജ് ആയി അധികം നല്‍കേണ്ടിവരിക.
ആയിരം വാട്ടില്‍ താഴെ കണക്ടഡ് ലോഡുള്ളതും മാസം 40 യൂണിറ്റില്‍ താഴെ മാത്രം ഉപയോഗവുമുള്ള വീട്ടുകാരൊഴികെ മറ്റ്കുടുംബങ്ങളെല്ലാം നിര്‍ബന്ധമായും സര്‍ചാര്‍ജ് നല്‍കാന്‍ ബാധ്യസ്ഥരാവുകയാണ്. സര്‍ചാര്‍ജ് തുക എത്രയാണെന്ന് ബില്ലില്‍ രേഖപ്പെടുത്തുകയും ചെയ്യും. ഇതിനിടെ ജൂണ്‍മാസത്തില്‍ തന്നെ വൈദ്യുതി നിരക്ക് വീണ്ടും വര്‍ധിപ്പിക്കുന്നതിനുള്ള ഒരുക്കത്തിലാണ് സംസ്ഥാന വൈദ്യുതിബോര്‍ഡ്. യൂണിറ്റിന് 40 പൈസ വര്‍ധിപ്പിക്കണമെന്നാണ് ബോര്‍ഡ് ആവശ്യപ്പെടുന്നത്. സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ വൈദ്യുതി നിരക്ക് കൂട്ടും. എത്ര കൂട്ടണമെന്നതുസംബന്ധിച്ച് കമ്മീഷന്‍ തീരുമാനമെടുത്ത് സര്‍ക്കാരിന്റെ അനുമതി ലഭിക്കും. കാലവര്‍ഷം തുടങ്ങിയാല്‍ അടിക്കടി പവര്‍കട്ടും ലോഡ് ഷെഡിംഗും ഉണ്ടാകും. മണിക്കൂറുകളോളം വൈദ്യുതി മുടങ്ങും. എന്നാല്‍ ഉപയോഗിക്കാത്ത വൈദ്യുതിക്ക്കൂടി പണം നല്‍കേണ്ട സ്ഥിതിയാണ് ഉപഭോക്താക്കള്‍ക്കുള്ളത്. അവശ്യസാധനങ്ങള്‍ക്ക് തീപിടിച്ച വിലയാണ്.
ജീവിതച്ചിലവുകള്‍ വര്‍ധിക്കുന്നതിനനുസരിച്ച് വരുമാനം ഉണ്ടാകുന്നില്ല. നികുതിഭാരവും ജനങ്ങളെ വലയ്ക്കുകയാണ്. ഇതിനിടയിലാണ് വൈദ്യുതിനിരക്കും സര്‍ചാര്‍ജും നിരന്തരം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നത്. ജനങ്ങളെ കടുത്തദുരിതത്തിലാഴ്ത്തുന്ന നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണം.