ജനകീയ ഹോട്ടലുകളെ കൊല്ലരുത്‌

കേരളത്തില്‍ ഏറെ പ്രതീക്ഷയോടെ പ്രവര്‍ത്തനം ആരംഭിച്ച ജനകീയ ഹോട്ടലുകളുടെ സ്ഥിതി ഇപ്പോള്‍ പരിതാപകരമാണ്. കുറഞ്ഞ നിരക്കില്‍ വയറുനിറയെ ഭക്ഷണം ലഭിക്കുന്ന ജനകീയ ഹോട്ടലുകള്‍ സാമ്പത്തിക പ്രതിസന്ധിമൂലം അടച്ചുപൂട്ടേണ്ട അവസ്ഥയിലെത്തിയെന്നാണ് വിവരം. കുടുംബശ്രീ വനിതകളാണ് ജനകീയഹോട്ടലിന്റെ നടത്തിപ്പ് ഏറ്റെടുത്ത് നടത്തുന്നത്. കേരളത്തിലെ മറ്റ് ജില്ലകളെ പോലെ തന്നെ കാസര്‍കോട് ജില്ലയിലും ജനകീയഹോട്ടലുകളുടെ പ്രവര്‍ത്തനം പരാതിക്കിടയില്ലാത്ത വിധമാണ് നാളിതുവരെ നടന്നത്. 20 രൂപയ്ക്ക് ഊണ് കിട്ടുന്നത് സാമ്പത്തികമായി പിന്നോക്കാവസ്ഥ നേരിടുന്നവരെ സംബന്ധിച്ച് വലിയൊരു ആശ്വാസം തന്നെയാണ്. വലിയ തുക നല്‍കി […]

കേരളത്തില്‍ ഏറെ പ്രതീക്ഷയോടെ പ്രവര്‍ത്തനം ആരംഭിച്ച ജനകീയ ഹോട്ടലുകളുടെ സ്ഥിതി ഇപ്പോള്‍ പരിതാപകരമാണ്. കുറഞ്ഞ നിരക്കില്‍ വയറുനിറയെ ഭക്ഷണം ലഭിക്കുന്ന ജനകീയ ഹോട്ടലുകള്‍ സാമ്പത്തിക പ്രതിസന്ധിമൂലം അടച്ചുപൂട്ടേണ്ട അവസ്ഥയിലെത്തിയെന്നാണ് വിവരം. കുടുംബശ്രീ വനിതകളാണ് ജനകീയഹോട്ടലിന്റെ നടത്തിപ്പ് ഏറ്റെടുത്ത് നടത്തുന്നത്. കേരളത്തിലെ മറ്റ് ജില്ലകളെ പോലെ തന്നെ കാസര്‍കോട് ജില്ലയിലും ജനകീയഹോട്ടലുകളുടെ പ്രവര്‍ത്തനം പരാതിക്കിടയില്ലാത്ത വിധമാണ് നാളിതുവരെ നടന്നത്. 20 രൂപയ്ക്ക് ഊണ് കിട്ടുന്നത് സാമ്പത്തികമായി പിന്നോക്കാവസ്ഥ നേരിടുന്നവരെ സംബന്ധിച്ച് വലിയൊരു ആശ്വാസം തന്നെയാണ്. വലിയ തുക നല്‍കി ഭക്ഷണം കഴിക്കാന്‍ നിര്‍വാഹമില്ലാത്തവര്‍ക്കും നിരാലംബര്‍ക്കുമെല്ലാം ജനകീയഹോട്ടലുകള്‍ ഏറെ പ്രയോജനപ്പെടുന്നുണ്ട്. നഗരങ്ങളില്‍ സ്ഥിരമായി ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്ക് ലഭിക്കുന്ന കുറഞ്ഞ നിരക്കിലുള്ള ഊണ് വലിയ കാര്യം തന്നെയാണ്. വിവിധ ആവശ്യങ്ങള്‍ക്കായി നഗരത്തിലെത്തുന്ന സാധാരണക്കാര്‍ക്കും ജനകീയ ഹോട്ടലുകളോടാണ് പ്രിയം. എന്നാല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സബ്സിഡി ലഭിക്കാത്തത് ജനകീയഹോട്ടലുകളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുകയാണ്. സബ്സിഡ് ലഭിക്കാതായിട്ട് 10 മാസമാണ് പിന്നിട്ടിരിക്കുന്നത്. പല ഹോട്ടലുകള്‍ക്കും സബ്സിഡി ഇനത്തില്‍ 10 ലക്ഷം രൂപ വരെ ലഭിക്കാനുണ്ടെന്നും പറയുന്നുണ്ട്. തദ്ദേശസ്ഥാപനങ്ങള്‍ക്ക് സ്വന്തം കെട്ടിടമില്ലാത്ത ഇടങ്ങളില്‍ സ്ഥാപനം പ്രവര്‍ത്തിക്കുന്നതിന് വാടക നല്‍കണമെന്നതാണ് മറ്റൊരു പ്രശ്നം. വൈദ്യുതി, വെള്ളം തുടങ്ങിയവയുടെ നിരക്ക് അടക്കേണ്ടത് മറ്റൊരു സാമ്പത്തിക ബാധ്യതയാണ്. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പല ജനകീയ ഹോട്ടലുകളുടെയും നടത്തിപ്പുകാര്‍ക്ക് വാടക ലഭിക്കാത്ത പരാതിയാണ് ഉന്നയിക്കാനുള്ളത്. രണ്ട് വര്‍ഷം മുമ്പാണ് 20 രൂപയ്ക്ക് ഊണ് നല്‍കുന്ന പദ്ധതി കാസര്‍കോട് ജില്ലയില്‍ ആരംഭിച്ചത്. ആദ്യമൊക്കെ ചില ആക്ഷേപങ്ങള്‍ ഉയര്‍ന്നുവെങ്കിലും പിന്നീട് പദ്ധതി വിജയകരമായി മുന്നോട്ട് പോകുകയായിരുന്നു. കുടുംബശ്രീ വനിതകള്‍ക്ക് ഇതൊരു ഉപജീവനമാര്‍ഗമാവുകയും ചെയ്തു. കുടുംബശ്രീകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും സിവില്‍ സപ്ലൈസ് വകുപ്പിന്റെയും സഹകരണത്തോടെയാണ് പദ്ധതി മുന്നോട്ട് പോകുന്നത്. എന്നാല്‍ ഇനി ഏത് സമയത്തും ജനകീയഹോട്ടലുകള്‍ നിലയ്ക്കാവുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. കാസര്‍കോട് ജില്ലയില്‍ നഗരസഭകളിലെയും പഞ്ചായത്തുകളിലെയും ഹോട്ടലുകളില്‍ ചുരുങ്ങിയത് രണ്ട് കോടിയോളം രൂപയുടെ സബ്സിഡി ലഭിക്കാനുണ്ട്. കാസര്‍കോട് നഗരസഭയില്‍ ജനകീയ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത് വാടക കെട്ടിടത്തിലാണ്. വാടകയായി പ്രതിമാസം 9000 രൂപയാണ് അടുത്ത കാലം വരെ നല്‍കിയത്. ഇപ്പോള്‍ തുക 14000 രൂപ വരെയായി ഉയര്‍ത്തിയിട്ടുണ്ട്. അഞ്ച് ലക്ഷത്തിലേറെ രൂപയാണ് സബ്സിഡി ഇനത്തില്‍ ലഭിക്കാനുള്ളത്. മറ്റ് തദ്ദേശസ്ഥാപനങ്ങളിലെ ജനകീയ ഹോട്ടലുകളും പ്രതിസന്ധിയില്‍ തന്നെയാണ്. എത്രയും വേഗം സബ്സിഡ് നല്‍കി ജനകീയ ഹോട്ടലുകളെ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം.

Related Articles
Next Story
Share it