കാസര്‍കോട് ജില്ലയിലെ പുഴകളില്‍ വന്‍തോതില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന സാമൂഹ്യദ്രോഹപ്രവര്ത്തനം ഇപ്പോഴും നിര്‍ബാധം തുടരുകയാണ്. ചന്ദ്രഗിരി, കാര്യങ്കോട്, ചിത്താരി പുഴകളിലെല്ലാം മാലിന്യങ്ങള്‍ തള്ളുന്നത് ആരോഗ്യത്തിന് ഗുരുതരമായ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ചാക്കുകണക്കിന് മാലിന്യങ്ങള്‍ ദിവസവും പുഴകളില്‍ തള്ളുന്നുണ്ട്. അറവുശാലകളിലെയും കോഴിക്കടകളിലെയും വിവാഹസല്ക്കാരച്ചടങ്ങുകളിലെയും അവശിഷ്ടങ്ങളെല്ലാം പുഴകളില്‍ എത്തിപ്പെടുന്നു. അറവുമാടുകളുടെയും കോഴികളുടെയും അവശിഷ്ടങ്ങള്‍ പുഴകളില്‍ നിറയുന്നത് വെള്ളം മലിനമാകാന്‍ ഇടവരുത്തുകയാണ്. ചിത്താരിപ്പുഴയുടെ ഭാഗമായ കീക്കാന്‍-മുക്കൂട് പുഴയില്‍ കോഴികളുടെയും അറവുമൃഗങ്ങളുടെയും അവശിഷ്ടങ്ങള്‍ തള്ളുന്നത് പതിവായിട്ടുണ്ട്. മാലിന്യം മുക്കൂട് പാലത്തിന് സമീപം പൊങ്ങിക്കിടക്കുന്നത് പതിവ് കാഴ്ചയാണ്. മാലിന്യങ്ങള്‍ പുഴയില്‍ കൂട്ടക്കനി സ്കൂളിലെ കുട്ടികള്‍ നട്ടുപിടിപ്പിച്ച കണ്ടല്ച്ചെടികള്ക്കും വലിയ ഭീഷണിയായി മാറിക്കഴിഞ്ഞു. വേനല്‍ക്കാലമായതിനാല്‍ ചിത്താരിപ്പുഴയില്‍ നീരൊഴുക്ക് കുറവാണ്. ഇതുകാരണം മാലിന്യം നിറച്ച ചാക്കുകള്‍ ഈ ഭാഗത്ത് തന്നെ കെട്ടിക്കിടക്കുകയാണ് ചെയ്യുന്നത്. നിരന്തരമായി മാലിന്യം തള്ളുന്നത് കാരണം പുഴവെള്ളത്തില്‍ നിന്ന് ദുര്‍ഗന്ധവും ഉയരുന്നു. രണ്ടാഴ്ച മുമ്പ് ശുചീകരണത്തിന്റെ ഭാഗമായി പുഴയോരത്തുണ്ടായിരുന്ന മാലിന്യം പഞ്ചായത്ത് അധികൃതര്‍ മണ്ണുമാന്തി ഉപയോഗിച്ച് അവിടെ തന്നെ കുഴിച്ചുമൂടിയിരുന്നു. ഇതിന് ശേഷമാണ് മാലിന്യം ചാക്കില്‍ നിറച്ച് പുഴയിലേക്ക് തള്ളാന്‍ തുടങ്ങിയത്. മഴ ആരംഭിച്ചാല്‍ പുഴയില്‍ ജലനിരപ്പ് ഉയരുകയും തങ്ങിക്കിടക്കുന്ന ചാക്കുകണക്കിന് മാലിന്യങ്ങള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ചിത്താരിപുഴയിലൂടെ കടലിലേക്ക് എത്തുകയും ചെയ്യും. പുഴയിലെ മല്‍സ്യസമ്പത്തിനും മാലിന്യങ്ങള്‍ വലിയ ഭീഷണിയാണ്. മാലിന്യങ്ങളിലൂടെയുള്ള വിഷാംശങ്ങള്‍ പുഴകളിലെ മീനുകള്‍ ചത്തുപൊങ്ങാന്‍ കാരണമാകാറുണ്ട്. ഇതിനുമുമ്പ് പുഴകളില്‍ മീനുകള്‍ ചത്തുപൊങ്ങിയതിന് കാരണം മാലിന്യങ്ങളിലൂടെയുള്ള വിഷാംശങ്ങളാണെന്ന് കണ്ടെത്തിയിരുന്നു.മലയോരപ്രദേശങ്ങളിലെ പുഴകളില്‍ മാലിന്യങ്ങള്‍ മാത്രമല്ല തോട്ടയിട്ടുള്ള മീന്‍പിടുത്തങ്ങളും വെല്ലുവിളി ഉയര്‍ത്തുന്നു. വരള്‍ച്ച മൂലം പുഴയില്‍ വെള്ളം കുറയുന്നത് അവസരമാക്കി മീനുകളെ എളുപ്പത്തില്‍ കിട്ടാനാണ് തോട്ടയിടുന്നത്. ഇത് പുഴയിലെ മല്‍സ്യസമ്പത്ത് നശിക്കാന്‍ മാത്രമല്ല വെള്ളം മലിനമാകാനും ഇടവരുത്തുകയാണ്. അലക്കാന്‍ മാത്രമല്ല കുടിക്കാനും പുഴവെള്ളം ഉപയോഗിക്കുന്നുണ്ട്. പുഴവെള്ളം ശുദ്ധീകരിച്ചാണ് കുടിവെള്ളത്തിനായി പോലും ഉപയോഗിക്കുന്നത്. ആ നിലയ്ക്ക് പൊതുജനാരോഗ്യസംരക്ഷണത്തിനും പരിസ്ഥിതി സംരക്ഷണത്തിനും പുഴ മലിനമാകാതെ ശ്രദ്ധിക്കേണ്ടത് വലിയ സാമൂഹിക ഉത്തരവാദിത്വമാണ്. പുഴയില്‍ മാലിന്യം തള്ളുന്നവരെ നിരീക്ഷിച്ച് കണ്ടെത്തി അത്തരക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. കര്‍ശന ശിക്ഷ ഇവര്‍ക്ക് ലഭിക്കുകയും വേണം