പ്രതീക്ഷ നല്‍കുന്ന തീരദേശഹൈവേ

കാസര്‍കോട് ജില്ലയില്‍ നിര്‍മാണം ആരംഭിക്കാനിരിക്കുന്ന തീരദേശഹൈവേ ജില്ലയുടെ വികസന ചരിത്രത്തില്‍ ഒരു നാഴികക്കല്ലായി മാറുമെന്നതില്‍ സംശയമില്ല. തീരദേശജനതയുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും തീരദേശഹൈവേ വളരെയേറെ പ്രയോജനപ്പെടും.കാസര്‍കോട് ജില്ലയുടെ തെക്കെ അതിര്‍ത്തിയിലെ വലിയ പറമ്പ് പാണ്ഡ്യാല കടവില്‍ നിന്ന് തുടങ്ങി വടക്കേ അതിര്‍ത്തി പ്രദേശമായ മൊഗ്രാല്‍ പന്നിക്കുന്നിലാണ് തീരദേശപാത അവസാനിക്കുന്നത്. നിര്‍ദിഷ്ട തീരദേശഹൈവേക്ക് 56.16 കിലോമീറ്റര്‍ നീളമുണ്ടാകുമെന്നാണ് അറിയുന്നത്. ഇതിന്റെ പകുതി ഭാഗവും കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മിക്കുക. വാഹനങ്ങള്‍ക്ക് സര്‍വീസ് നടത്താനായി 10 മീറ്റര്‍ […]

കാസര്‍കോട് ജില്ലയില്‍ നിര്‍മാണം ആരംഭിക്കാനിരിക്കുന്ന തീരദേശഹൈവേ ജില്ലയുടെ വികസന ചരിത്രത്തില്‍ ഒരു നാഴികക്കല്ലായി മാറുമെന്നതില്‍ സംശയമില്ല. തീരദേശജനതയുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും തീരദേശഹൈവേ വളരെയേറെ പ്രയോജനപ്പെടും.കാസര്‍കോട് ജില്ലയുടെ തെക്കെ അതിര്‍ത്തിയിലെ വലിയ പറമ്പ് പാണ്ഡ്യാല കടവില്‍ നിന്ന് തുടങ്ങി വടക്കേ അതിര്‍ത്തി പ്രദേശമായ മൊഗ്രാല്‍ പന്നിക്കുന്നിലാണ് തീരദേശപാത അവസാനിക്കുന്നത്. നിര്‍ദിഷ്ട തീരദേശഹൈവേക്ക് 56.16 കിലോമീറ്റര്‍ നീളമുണ്ടാകുമെന്നാണ് അറിയുന്നത്. ഇതിന്റെ പകുതി ഭാഗവും കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മിക്കുക. വാഹനങ്ങള്‍ക്ക് സര്‍വീസ് നടത്താനായി 10 മീറ്റര്‍ ടാര്‍ റോഡിന് പുറമെ ഇരുഭാഗങ്ങളിലും ഒന്നരമീറ്റര്‍ നടപ്പാതയും 2.5 മീറ്റര്‍ സൈക്കിള്‍ ട്രാക്കും നിര്‍മിക്കുന്നുണ്ട്. പാണ്ഡ്യാല രണ്ട് തെങ്ങ്, അഴിത്തല, ചിത്താരി, ബേക്കല്‍, കാപ്പില്‍, ചെമ്പരിക്ക, തളങ്കര, ഏരിയാല്‍ എന്നിവിടങ്ങളിലായി പാതക്ക് എട്ട് പാലങ്ങള്‍ നിര്‍മിക്കുന്നു. വടക്കേയറ്റം കണ്ണൂര്‍ ജില്ലയിലെ രാമന്തളിയുമായി ബന്ധിപ്പിക്കുന്ന രീതിയിലാണ് പാട കടന്നുപോകുന്നത്. ബേക്കലില്‍ നാല് കിലോ മീറ്ററോളം ചന്ദ്രഗിരിപ്പാതയിലൂടെ കടന്നുപോകുമ്പോള്‍ ബാക്കിയിടങ്ങളില്‍ നിലവിലുള്ള പാതകളെ വിപുലപ്പെടുത്തുകയും നവീകരിക്കുകയുംചെയ്യും. വെള്ളാപ്പ്പാലം, കന്നുവീട് കടപ്പുറം, തൃക്കരിപ്പൂര്‍ കടപ്പുറം, പടന്ന, അഴിത്തല, തൈക്കടപ്പുറം സ്റ്റോര്‍,പുഞ്ചാവി, ബല്ലാകടപ്പുറം, ആവിക്കല്‍ കടപ്പുറം, ചിത്താരി കടപ്പുറം, ബേക്കല്‍, കാപ്പില്‍, ചെമ്പരിക്ക, കാസര്‍കോട് തുറമുഖം, ലൈറ്റ് ഹൗസ്, ചേരങ്കൈ, എരിയാല്‍ പ്രദേശങ്ങളിലൂടെയാണ് പാത കടന്നുപോകുന്നത്. കാഞ്ഞങ്ങാട് നിയോജകമണ്ഡലത്തില്‍ 15 മീറ്ററും ഉദുമ മണ്ഡലത്തില്‍ 15 കിലോമീറ്ററും തൃക്കരിപ്പൂരില്‍ 20 കിലോ മീറ്ററും ബാക്കിഭാഗം കാസര്‍കോടുമായാണ് പാത കടന്നുപോകുന്നത്. തീരദേശപാതയുടെ അവസാന രൂപരേഖ തയ്യാറാക്കിവരുന്നതായി കിഫ്ബി എഞ്ചിനീയര്‍മാര്‍ പറയുന്നു. പാതയുടെ സ്ഥലമെടുപ്പ് അടക്കമുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചാല്‍ മാത്രമേ അടുത്ത ഘട്ടത്തിലേക്ക് കടക്കാന്‍ കഴിയൂ. രണ്ടുതരത്തിലുള്ള പുനരധിവാസ പാക്കേജാണ് സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സ്ഥലത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ കൈവശമുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കുമാണ് പാക്കേജുകള്‍ ഏര്‍പ്പെടുത്തുന്നത്.
രേഖകളുള്ള സ്ഥലത്തിന്റെ കാലപ്പഴക്കം പരിഗണിച്ചുള്ള വിപണിവിലയും സ്ഥലത്തിന്റെ വിലയും നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. രേഖകള്‍ ഇല്ലാത്ത കുടികിടപ്പുകാര്‍ക്ക് ആകര്‍ഷകമായ പാക്കേജ് നടപ്പിലാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. തീരദേശപാത എത്രയും വേഗം യാഥാര്‍ഥ്യമാക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങളും നടപടികളും അധികാരികളുടെ ഭാഗത്തുനിന്നുണ്ടാകണം.

Related Articles
Next Story
Share it