പിന്നെയും ആള്‍ക്കൂട്ടകൊലപാതകം

കേരളം വീണ്ടുമൊരു ആള്‍ക്കൂട്ടക്കൊലപാതകത്തിന്റെ പേരില്‍ രാജ്യത്തിന് മുന്നില്‍ തല കുനിക്കുകയാണ്. മലപ്പുറം കിഴിശേരിയില്‍ അതിഥി തൊഴിലാളിയെയാണ് കഴിഞ്ഞ ദിവസം ആള്‍ക്കൂട്ടം മര്‍ദിച്ചുകൊന്നത്. കൊല്ലപ്പെട്ടത് അതിഥി തൊഴിലാളിയും സംഭവം നടന്നത് നമ്മുടെ കേരളത്തിലുമായതിനാല്‍ ഇത് കൂടുതല്‍ വേദനാജനകവും അപമാനകരവുമാണ്. ബിഹാര്‍ ഈസ്റ്റ് ചമ്പാരന്‍ ജില്ലയിലെ മാധവ്പൂര്‍ കേഷോ സ്വദേശിയായ രാജേഷ് മാഞ്ചിയെന്ന യുവാവാണ് ആള്‍ക്കൂട്ട വിചാരണക്കിരയായി മരണത്തിന് കീഴടങ്ങിയത്. മോഷണക്കുറ്റം ചുമത്തി രാജേഷിനെ രണ്ടരമണിക്കൂറിലേറെ ക്രൂരമര്‍ദനത്തിനിരയാക്കുകയായിരുന്നു. മരണപ്പെട്ടതോടെ കവലയിലേക്ക് വലിച്ചിഴച്ച് കൊണ്ടുവന്നിടുകയാണുണ്ടായത്. സംഭവത്തില്‍ പ്രദേശവാസികളായ ഒമ്പതുപേരെ പൊലീസ് അറസ്റ്റ് […]

കേരളം വീണ്ടുമൊരു ആള്‍ക്കൂട്ടക്കൊലപാതകത്തിന്റെ പേരില്‍ രാജ്യത്തിന് മുന്നില്‍ തല കുനിക്കുകയാണ്. മലപ്പുറം കിഴിശേരിയില്‍ അതിഥി തൊഴിലാളിയെയാണ് കഴിഞ്ഞ ദിവസം ആള്‍ക്കൂട്ടം മര്‍ദിച്ചുകൊന്നത്. കൊല്ലപ്പെട്ടത് അതിഥി തൊഴിലാളിയും സംഭവം നടന്നത് നമ്മുടെ കേരളത്തിലുമായതിനാല്‍ ഇത് കൂടുതല്‍ വേദനാജനകവും അപമാനകരവുമാണ്. ബിഹാര്‍ ഈസ്റ്റ് ചമ്പാരന്‍ ജില്ലയിലെ മാധവ്പൂര്‍ കേഷോ സ്വദേശിയായ രാജേഷ് മാഞ്ചിയെന്ന യുവാവാണ് ആള്‍ക്കൂട്ട വിചാരണക്കിരയായി മരണത്തിന് കീഴടങ്ങിയത്. മോഷണക്കുറ്റം ചുമത്തി രാജേഷിനെ രണ്ടരമണിക്കൂറിലേറെ ക്രൂരമര്‍ദനത്തിനിരയാക്കുകയായിരുന്നു. മരണപ്പെട്ടതോടെ കവലയിലേക്ക് വലിച്ചിഴച്ച് കൊണ്ടുവന്നിടുകയാണുണ്ടായത്. സംഭവത്തില്‍ പ്രദേശവാസികളായ ഒമ്പതുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ശനിയാഴ്ച രാത്രി 12.15 മണിയോടെയാണ് മോഷ്ടാവെന്ന് മുദ്രകുത്തി രാജേഷിനെ വടിയും ഇരുമ്പ് പൈപ്പും കല്ലും കൊണ്ടിടിച്ച് കൊലപ്പെടുത്തിയത്. ആദിവാസി യുവാവായിരുന്ന അട്ടപ്പാടിയിലെ മധുവിനെ അരി മോഷ്ടിച്ചെന്നാരോപിച്ച് ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിന്റെ നടുക്കവും വേദനയും മനസാക്ഷിയുള്ളവരുടെ മനസിലുണ്ട്. മധുവിനെ പോലെ കേരളത്തിലെ വിവിധ ഭാഗങ്ങളിലായി ആള്‍ക്കൂട്ടത്തിന്റെ ക്രൂരമര്‍ദനത്തിനിരയായി കൊല ചെയ്യപ്പെട്ടവര്‍ നിരവധിയാണ്. കോഴിക്കോട്ട് ആസ്പത്രിയിലെത്തിയ ആളെ മോഷ്ടാവെന്ന് സംശയിച്ച് അടിച്ചുകൊലപ്പെടുത്തിയ സംഭവം നടന്നത് അടുത്തിടെയാണ്. പരസ്ത്രീ ബന്ധത്തിന്റെ പേരിലും മറ്റുമായി സദാചാരസംഘത്തിന്റെ മര്‍ദനമേറ്റ് മരിച്ചവരും ഏറെയാണ്. മോഷണമായാലും മറ്റെന്തെങ്കിലും കുറ്റമായാലും അവരെ നിയമത്തിന് വിട്ടുകൊടുക്കുന്നതിന് പകരം ചില സംഘങ്ങള്‍ നിയമം കയ്യിലെടുത്ത് പ്രാകൃതമായ രീതിയില്‍ കൊലപ്പെടുത്തുന്ന സംഭവങ്ങള്‍ക്ക് തടയിടാന്‍ ഇവിടത്തെ നിയമവ്യവസ്ഥക്ക് സാധിക്കുന്നില്ലെന്നാണ് കിഴിശേരി സംഭവം തെളിയിക്കുന്നത്. സദാചാരക്കൊലക്കേസുകളില്‍ പ്രതികള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കാത്തത് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടവരുത്തുന്നു. കേരള മനസാക്ഷിയെ നടുക്കത്തിലാഴ്ത്തിയ അട്ടപ്പാടി മധു വധക്കേസില്‍ 14 പ്രതികളില്‍ 13 പേര്‍ക്ക് ലഭിച്ചത് ഏഴുവര്‍ഷം വെറും തടവ് മാത്രമാണ്. ഒരു പ്രതിയെ വെറുതെ വിടുകയും ചെയ്തു. റിമാണ്ടില്‍ കഴിഞ്ഞ നാളുകളടക്കം കൂട്ടി ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി. സദാചാരക്കൊലക്കേസുകളില്‍ കടുത്ത ശിക്ഷ നല്‍കിയാല്‍ മാത്രമേ ഇങ്ങനെയുള്ള കുറ്റകൃത്യങ്ങള്‍ ഒരു പരിധിവരെയെങ്കിലും കുറയ്ക്കാന്‍ സാധിക്കൂ. നിര്‍ഭാഗ്യവശാല്‍ ആള്‍ക്കൂട്ട കൊലപാതകങ്ങളുമായി ബന്ധപ്പെട്ട പല കേസുകളിലും പ്രതികള്‍ ശിക്ഷിക്കപ്പെടാതെ പോകുന്നു. ചില കേസുകളില്‍ ലഭിക്കുന്നതാകട്ടെ വളരെ കുറഞ്ഞ ശിക്ഷയും. വലിയ ശിക്ഷയൊന്നും ലഭിക്കില്ലെന്ന് ബോധ്യപ്പെടുമ്പോള്‍ സമൂഹത്തില്‍ സദാചാരസംഘങ്ങളുടെ ചിന്താഗതി കൂടുതല്‍ അപകടകരമാവുകയും ആള്‍ക്കൂട്ടക്കൊലകള്‍ തുടരുകയും ചെയ്യുന്നു. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട അതിഥി തൊഴിലാളികളെ ആള്‍ക്കൂട്ടം മര്‍ദിച്ചത് മോഷണം നടത്തിയെന്ന വെറും സംശയത്തിന്റെ പേരിലാണ്. മോഷ്ടിച്ചാല്‍ തന്നെയും അയാളെ ശിക്ഷിക്കാന്‍ ആള്‍ക്കൂട്ടത്തിന് അധികാരമില്ല. നിയമപരമായി തെളിയിച്ച് കോടതിയില്‍ വിചാരണ നടത്തി ആള്‍ കുറ്റക്കാരനാണോ അല്ലയോ എന്ന് കോടതി കണ്ടെത്തുകയും ശിക്ഷിക്കുകയോ വെറുതെ വിടുകയോ ചെയ്യേണ്ട ഒരു ചെറിയ സംഭവത്തിന്റെ പേരിലാണ് ഒരു മനുഷ്യജീവന്‍ തന്നെ ഹനിക്കുന്ന ചെയ്തികള്‍ ചിലരുടെ ഭാഗത്തുന്നുണ്ടായത്. ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ തടയാന്‍ നിയമഭേദഗതി അനിവാര്യമായിരിക്കുകയാണ്.

Related Articles
Next Story
Share it