കാസര്‍കോട് റെയില്‍വെ പൊലീസില്‍ വനിതാ ഓഫീസര്‍മാരെ നിയമിക്കണം

കേരളത്തിലെ മറ്റ് ജില്ലകളില്‍ റെയില്‍വെ പൊലീസിലും റെയില്‍വെ സംരക്ഷണസേനയിലും വനിതാ ഓഫീസര്‍മാരുണ്ടെങ്കിലും കാസര്‍കോട്ടെ കാര്യം തികച്ചും വ്യത്യസ്തമാണ്. ജില്ലാ ആസ്ഥാനത്തെ പ്രധാന റെയില്‍വെ സ്റ്റേഷനാണ് കാസര്‍കോട് റെയില്‍വെ സ്റ്റേഷന്‍. എന്നാല്‍ കാസര്‍കോട് റെയില്‍വെ പൊലീസിലും റെയില്‍വെ സംരക്ഷണസേനയിലും നാളിതുവരെയായിട്ടും വനിതാ ഓഫീസര്‍മാരെ നിയമിച്ചിട്ടില്ല. റെയില്‍വെ സ്റ്റേഷനുകളിലും ട്രെയിനുകളിലും സ്ത്രീകള്‍ അക്രമിക്കപ്പെടുകയും കവര്‍ച്ചക്കിരയാവുകയും ചെയ്യുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരികയാണ്. കാസര്‍കോട് റെയില്‍വെ സ്റ്റേഷനിലും അത്തരം സംഭവങ്ങള്‍ ഉണ്ടായിക്കൂടെന്നില്ല. സ്ത്രീകള്‍ റെയില്‍വെ സ്റ്റേഷനില്‍അപകടത്തില്‍പെടുകയോ തളര്‍ന്നുവീഴുകയോ ഒറ്റപ്പെട്ടുപോവുകയോ ചെയ്യുന്ന സാഹചര്യങ്ങളും ഉണ്ടാകാം.ഇങ്ങനെയുള്ള സമയങ്ങളില്‍ […]

കേരളത്തിലെ മറ്റ് ജില്ലകളില്‍ റെയില്‍വെ പൊലീസിലും റെയില്‍വെ സംരക്ഷണസേനയിലും വനിതാ ഓഫീസര്‍മാരുണ്ടെങ്കിലും കാസര്‍കോട്ടെ കാര്യം തികച്ചും വ്യത്യസ്തമാണ്. ജില്ലാ ആസ്ഥാനത്തെ പ്രധാന റെയില്‍വെ സ്റ്റേഷനാണ് കാസര്‍കോട് റെയില്‍വെ സ്റ്റേഷന്‍. എന്നാല്‍ കാസര്‍കോട് റെയില്‍വെ പൊലീസിലും റെയില്‍വെ സംരക്ഷണസേനയിലും നാളിതുവരെയായിട്ടും വനിതാ ഓഫീസര്‍മാരെ നിയമിച്ചിട്ടില്ല. റെയില്‍വെ സ്റ്റേഷനുകളിലും ട്രെയിനുകളിലും സ്ത്രീകള്‍ അക്രമിക്കപ്പെടുകയും കവര്‍ച്ചക്കിരയാവുകയും ചെയ്യുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരികയാണ്. കാസര്‍കോട് റെയില്‍വെ സ്റ്റേഷനിലും അത്തരം സംഭവങ്ങള്‍ ഉണ്ടായിക്കൂടെന്നില്ല. സ്ത്രീകള്‍ റെയില്‍വെ സ്റ്റേഷനില്‍അപകടത്തില്‍പെടുകയോ തളര്‍ന്നുവീഴുകയോ ഒറ്റപ്പെട്ടുപോവുകയോ ചെയ്യുന്ന സാഹചര്യങ്ങളും ഉണ്ടാകാം.ഇങ്ങനെയുള്ള സമയങ്ങളില്‍ സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കാനും തുണയാകാനും റെയില്‍വെ പൊലീസില്‍ സ്ത്രീ ഉദ്യോഗസ്ഥര്‍ ഉണ്ടാകാത്തത് വലിയ പോരായ്മ തന്നെയാണ്. സ്ത്രീകളുടെ കാര്യങ്ങളില്‍ കൂടുതല്‍ ഇടപെട്ട് പ്രവര്‍ത്തിക്കുന്നതിന് റെയില്‍വെ പൊലീസിലെയും സംരക്ഷണസേനയിലും പുരുഷ ഉദ്യോഗസ്ഥര്‍ക്ക് പരിമിതികളുണ്ട്. ഇവിടെയാണ് വനിതാ ഉദ്യോഗസ്ഥരുടെ പ്രസക്തി. സഹായം വേണ്ടിവരുന്ന സ്ത്രീയാത്രക്കാര്‍ക്ക് വനിതാ ഉദ്യോഗസ്ഥരുടെ സേവനം തന്നെയായിരിക്കും കൂടുതല്‍ ആശ്വാസകരമാകുക. അത്യാവശ്യഘട്ടങ്ങളില്‍ സ്ത്രീയാത്രക്കാരെ സഹായിക്കാന്‍ റെയില്‍വെ പൊലീസിന് കാസര്‍കോട് വനിതാ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥകളെയാണ് ആശ്രയിക്കേണ്ടിവരുന്നത്. പിങ്ക് പട്രോളിങ്ങ് യൂണിറ്റുകളുടെ സഹായവും തേടാറുണ്ട്. എന്നാല്‍ വൈകിട്ട് ആറുമണിക്ക് ശേഷം ഈ വിഭാഗങ്ങളില്‍ നിന്നുള്ള സേവനം വളരെ കുറവായിരിക്കും. രാത്രികാലത്ത് കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ സ്ത്രീകള്‍ക്കെതിരെ എന്തെങ്കിലും അതിക്രമങ്ങള്‍ നടന്നാലോ, ഒറ്റപ്പെട്ടുപോയ അവസ്ഥയുണ്ടായാലോ വനിതാ ഓഫീസര്‍മാരുടെ സഹായം ഇല്ലെങ്കില്‍ അത് വലിയ ബുദ്ധിമുട്ടിന് ഇടവരുത്തും. കാസര്‍കോട് റെയില്‍വെ പൊലീസ് രണ്ടുവര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 16 കേസുകളാണ്. കവര്‍ച്ചാക്കേസുകളാണ് ഇതില്‍ ഏറെയും. 2021ല്‍ രജിസ്റ്റര്‍ ചെയ്ത ആറുകേസുകളില്‍ മൂന്നെണ്ണം ട്രെയിന്‍ യാത്രക്കാരുടെ സ്വര്‍ണവും പണവും അടങ്ങിയ ബാഗ് കവര്‍ച്ച ചെയ്ത സംഭവമാണ്. മൂന്നെണ്ണം സ്ത്രീകള്‍ക്കെതിരായ അതിക്രമക്കേസുകളാണ്. ഇതില്‍ ഒരെണ്ണം ഒഴികെ ബാക്കി കേസുകളിലെ പ്രതികളെയെല്ലാം പിടികൂടിയിട്ടുണ്ട്. 2022ല്‍ ട്രെയിനുകളിലെ കവര്‍ച്ചയുമായി ബന്ധപ്പെട്ട് ഏഴ് കേസുകള്‍ റെയില്‍വെ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണെടുത്തത്. ഇതില്‍ ഒരു കേസില്‍ മാത്രമാണ് പ്രതി പിടിലാകാനുള്ളത്. കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ ദിവസും യാത്രക്കാരുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഇവരില്‍ നല്ലൊരു ശതമാനം സ്ത്രീകളും കുട്ടികളുമാണ്. സ്ത്രീകള്‍ക്ക് ട്രെയിനില്‍ കയറുന്നതിനിടെ അപകടം സംഭവിക്കുകയോ യാത്രക്കിടെ ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടാവുകയോ ചെയ്യുമ്പോള്‍ വനിതാ ഓഫീസര്‍മാരുടെ സഹായം ലഭിക്കാത്ത സ്ഥിതിയാണുള്ളത്. കവര്‍ച്ചകളും മറ്റും വര്‍ധിക്കുമ്പോള്‍ സംശയമുള്ള സ്ത്രീയാത്രക്കാരെ പരിശോധിക്കണമെങ്കിലും വനിതാ ഓഫീസര്‍മാര്‍ ഉണ്ടാകണം. ഇത്തരം പ്രശ്നങ്ങളൊക്കെ കണക്കിലെടുക്കുമ്പോള്‍ റെയില്‍വെ പൊലീസില്‍ വനിതാ ഓഫീസറുടെ നിയമനം അനിവാര്യം തന്നെയാണ്.

Related Articles
Next Story
Share it