മഞ്ചേശ്വരത്ത് മാലിന്യശേഖരണ കേന്ദ്രത്തില്‍ തീപിടിച്ച സംഭവം അന്വേഷിക്കണം

ബ്രഹ്മപുരത്ത് ഖരമാലിന്യസംസ്‌കരണകേന്ദ്രത്തിലുണ്ടായ തീപിടിത്തം സംസ്ഥാനമന്ത്രിസഭയെ തന്നെ പിടിച്ചുലച്ച സംഭവമായിരുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിയുണ്ടായ പുക ശ്വസിച്ച് ആസ്പത്രിയിലായത് നിരവധി പേരാണ്. പലരും ശ്വാസതടസം മൂലം തളര്‍ന്നുവീഴുകയായിരുന്നു. വിട്ടുമാറാത്ത പുക കാരണം പുതുതായി ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ബാധിച്ചവരും ഏറെയാണ്. ദിവസങ്ങളോളം നീണ്ടുനിന്ന പുക ഒരു പ്രദേശത്തെ മുഴുവന്‍ ജനങ്ങളുടെയും ജീവിതം താറുമാറാക്കുകയായിരുന്നു. ഒടുവില്‍ പ്രശ്നത്തില്‍ ഹൈക്കോടതിക്ക് വരെ ഇടപെടേണ്ടിവന്നു. അതോടെയാണ് താല്‍ക്കാലികമായെങ്കിലും പ്രശ്നത്തിന് പരിഹാരമായത്. അതേ സമയം ബ്രഹ്മപുരം തീപിടിത്തം സംബന്ധിച്ച് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. തീപിടുത്തത്തിന് എന്താണ് […]

ബ്രഹ്മപുരത്ത് ഖരമാലിന്യസംസ്‌കരണകേന്ദ്രത്തിലുണ്ടായ തീപിടിത്തം സംസ്ഥാനമന്ത്രിസഭയെ തന്നെ പിടിച്ചുലച്ച സംഭവമായിരുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിയുണ്ടായ പുക ശ്വസിച്ച് ആസ്പത്രിയിലായത് നിരവധി പേരാണ്. പലരും ശ്വാസതടസം മൂലം തളര്‍ന്നുവീഴുകയായിരുന്നു. വിട്ടുമാറാത്ത പുക കാരണം പുതുതായി ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ബാധിച്ചവരും ഏറെയാണ്. ദിവസങ്ങളോളം നീണ്ടുനിന്ന പുക ഒരു പ്രദേശത്തെ മുഴുവന്‍ ജനങ്ങളുടെയും ജീവിതം താറുമാറാക്കുകയായിരുന്നു. ഒടുവില്‍ പ്രശ്നത്തില്‍ ഹൈക്കോടതിക്ക് വരെ ഇടപെടേണ്ടിവന്നു. അതോടെയാണ് താല്‍ക്കാലികമായെങ്കിലും പ്രശ്നത്തിന് പരിഹാരമായത്. അതേ സമയം ബ്രഹ്മപുരം തീപിടിത്തം സംബന്ധിച്ച് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. തീപിടുത്തത്തിന് എന്താണ് കാരണമെന്നാണ് അന്വേഷിക്കുന്നത്. ബ്രഹ്മപുരം മാലിന്യപ്ലാന്റിന് ആരെങ്കിലും തീയിട്ടതാണോ എന്ന സംശയം ഇനിയും ദൂരീകരിക്കാനായിട്ടില്ല. ബ്രഹ്മപുരത്ത് സംഭവിച്ചതിന് സമാനമായ തീപിടുത്തമാണ് കഴിഞ്ഞ ദിവസം മഞ്ചേശ്വരത്തെ മാലിന്യശേഖരണകേന്ദ്രത്തിലുണ്ടായത്. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി മഞ്ചേശ്വരം പഞ്ചായത്തിലെ അഞ്ചാം വാര്‍ഡായ ഗേരുക്കട്ടയിലെ മാലിന്യശേഖരണകേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്. പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്ന് ഹരിതകര്‍മസേനയുടെ നേതൃത്വത്തില്‍ ശേഖരിച്ച പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങളാണ് കത്തിയത്. ഏറെ മണിക്കൂറുകള്‍ക്ക് ശേഷമാണ് അഗ്‌നിശമന സേനക്ക് ഇവിടത്തെ തീയണക്കാന്‍ സാധിച്ചത്. ശനിയാഴ്ച രാത്രി 12 മണിക്കാണ് അഗ്‌നിരക്ഷാ സേന തീയണക്കാന്‍ തുടങ്ങിയിരുന്നത്. ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയാണ് തീയണക്കാന്‍ സാധിച്ചത്. രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്‌കരമായിരുന്നു. പുകയും ചൂടും പ്ലാസ്റ്റിക് കത്തിയ ഗന്ധവും രക്ഷാപ്രവര്‍ത്തനത്തിന് സൃഷ്ടിച്ചത് കടുത്ത വെല്ലുവിളി തന്നെയാണ്. തീ കെടുത്തിയ ഭാഗത്തെ അവശിഷ്ടങ്ങള്‍ മണ്ണുമാന്തി യന്ത്രമുപയോഗിച്ച് നീക്കിയ ശേഷമാണ് അടുത്ത ഭാഗത്തുള്ള തീയണച്ചത്. തീയണച്ച ഭാഗത്ത് വീണ്ടും തീ പടര്‍ന്നത് പരിഭ്രാന്തി പരത്തിയിരുന്നു. പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ആവശ്യമായ വെള്ളമെത്തിച്ചതിനാലാണ് വൈകിയാണെങ്കിലും തീയണക്കാന്‍ സാധിച്ചത്. അല്ലായിരുന്നെങ്കില്‍ ദിവസങ്ങളോളം പുക പടലങ്ങള്‍ വ്യാപിച്ച് പ്രദേശത്തെ ജനങ്ങളെല്ലാം ശ്വാസം മുട്ടുന്ന അവസ്ഥയുണ്ടാകുമായിരുന്നു. ഗേരുക്കട്ടയില്‍ മാലിന്യശേഖരണകേന്ദ്രം തുറന്നത് 2018ലാണ്. 1.70 ഏക്കര്‍ സ്ഥലത്താണ് മാലിന്യശേഖരണകേന്ദ്രം പ്രവര്‍ത്തിക്കുന്നത്. 40 ലക്ഷം രൂപ ചിലവിട്ടാണ് ഇതിന് സൗകര്യമൊരുക്കിയത്. തകര ഷീറ്റിട്ട ഷെഡും മോട്ടോര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. ഒരുമാസം മുമ്പ് ഇവിടെ നിരീക്ഷണക്യാമറകള്‍ സ്ഥാപിച്ചിരുന്നെങ്കിലും പ്രവര്‍ത്തനം തുടങ്ങിയിരുന്നില്ല. പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ തീപിടിത്തത്തിനുള്ള കാരണം കണ്ടെത്താമായിരുന്നു. 30 ലക്ഷത്തിന്റെ നഷ്ടമാണ് തീപിടിത്തത്തില്‍ സംഭവിച്ചത്. തീപിടിത്തം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണം. ബോധപൂര്‍വമാണ് തീയിട്ടതെങ്കില്‍ കുറ്റക്കാരെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കണം.

Related Articles
Next Story
Share it