റേഷന്‍ ഉപഭോക്താക്കളെ വലയ്ക്കുന്ന ഇ-പോസ് സംവിധാനം

റേഷന്‍ കടകളില്‍ ഏര്‍പ്പെടുത്തിയ ഇ-പോസ് സംവിധാനം തകരാറിലാകുന്നത് പതിവായതോടെ നട്ടം തിരിയുന്നത് റേഷന്‍ ഉപഭോക്താക്കളാണ്. ഈ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് മുമ്പുവരെ റേഷന്‍ വിതരണം തടസപ്പെട്ടിരുന്നില്ല. കുറച്ചുനേരം ക്യൂ നില്‍ക്കേണ്ടിവരുമെന്ന ബുദ്ധിമുട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ. റേഷന്‍ വിതരണം വേഗത്തിലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇ-പേസ് സംവിധാനം കൊണ്ടുവന്നത്. ഇത് നിലവില്‍ വന്നതുമുതലേ തകരാറായി തുടങ്ങുകയായിരുന്നു. തകരാര്‍ പരിഹരിക്കാന്‍ ദിവസങ്ങള്‍ വേണ്ടിവരുന്നതിനാല്‍ അത്രയും നാളുകളില്‍ റേഷന്‍ വിതരണം സ്തംഭിക്കുകയും ചെയ്യുന്നു. റേഷന്‍ കടകളില്‍ സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ക്ക് ഇ-പേസ് തകരാര്‍ കാരണം സാധനങ്ങള്‍ വാങ്ങാന്‍ […]

റേഷന്‍ കടകളില്‍ ഏര്‍പ്പെടുത്തിയ ഇ-പോസ് സംവിധാനം തകരാറിലാകുന്നത് പതിവായതോടെ നട്ടം തിരിയുന്നത് റേഷന്‍ ഉപഭോക്താക്കളാണ്. ഈ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് മുമ്പുവരെ റേഷന്‍ വിതരണം തടസപ്പെട്ടിരുന്നില്ല. കുറച്ചുനേരം ക്യൂ നില്‍ക്കേണ്ടിവരുമെന്ന ബുദ്ധിമുട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ. റേഷന്‍ വിതരണം വേഗത്തിലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇ-പേസ് സംവിധാനം കൊണ്ടുവന്നത്. ഇത് നിലവില്‍ വന്നതുമുതലേ തകരാറായി തുടങ്ങുകയായിരുന്നു. തകരാര്‍ പരിഹരിക്കാന്‍ ദിവസങ്ങള്‍ വേണ്ടിവരുന്നതിനാല്‍ അത്രയും നാളുകളില്‍ റേഷന്‍ വിതരണം സ്തംഭിക്കുകയും ചെയ്യുന്നു. റേഷന്‍ കടകളില്‍ സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ക്ക് ഇ-പേസ് തകരാര്‍ കാരണം സാധനങ്ങള്‍ വാങ്ങാന്‍ കഴിയാതെ തിരിച്ചുപോകേണ്ട അവസ്ഥയാണ് ഉണ്ടാകുന്നത്. പിറ്റേദിവസം റേഷന്‍ കടകളിലെത്തിയാലും തകരാര്‍ പരിഹരിക്കപ്പെട്ടില്ലെന്ന മറുപടിയായിരിക്കും ലഭിക്കുക. ദിവസവും റേഷന്‍ കടകളിലെത്തി സാധനങ്ങള്‍ വാങ്ങാന്‍ കഴിയാതെ തിരിച്ചുപോകുന്നവര്‍ നിരവധിയാണ്. ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയില്‍(ഇ-പേസ്) സംവിധാനം തകരാറിലായതോടെ കഴിഞ്ഞ കുറച്ചുദിവസങ്ങളായി സംസ്ഥാനത്തെ റേഷന്‍ കടകളിലെല്ലാം റേഷന്‍ വിതരണം സ്തംഭിച്ചിരിക്കുകയാണ്. ഇതുവരെയായിട്ടും പ്രശ്നത്തിന് പരിഹാരം കാണാന്‍ സാധിച്ചിട്ടില്ല. കേരളത്തിലെ പതിനാലായിരത്തോളം റേഷന്‍ കടകളാണ് ഇതുമൂലം ഇന്നലെ അടച്ചിട്ടത്. ഇന്നും റേഷന്‍ കടകള്‍ തുറക്കില്ല. ശനിയാഴ്ച മുതല്‍ മൂന്നുദിവസം ഏഴ് ജില്ലകളില്‍ റേഷന്‍ വിതരണസമയം ചുരുക്കുകയും ചെയ്തിരിക്കുന്നു. ബുധനാഴ്ച ഉച്ചയോടെ തന്നെ കടകള്‍ അടച്ചിടുകയായിരുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ തന്നെ റേഷന്‍ വിതരണം താറുമാറായിരുന്നു. അഞ്ച് ദിവസത്തോളമായി റേഷന്‍ വിതരണം ഇല്ലാത്ത സ്ഥിതിയാണുള്ളത്. ഇത്രയധികം റേഷന്‍ കടകള്‍ അടച്ചിടുന്നത് കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ ഇതാദ്യമായാണ്. റേഷന്‍ വിതരണം തടസപ്പെടുത്തുന്ന വിധത്തിലുള്ള ഇ-പേസ് സംവിധാനത്തിലെ തകരാര്‍ പരിഹരിക്കുന്നതിന് കേന്ദ്ര ഏജന്‍സിയായ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററിന്റെ ഹൈദരാബാദ് യൂണിറ്റ് കഴിഞ്ഞ ദിവസം നടത്തിയ ശ്രമം പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞ മൂന്നുദിവസങ്ങളിലായി കേരളത്തിലെ റേഷന്‍ കടകള്‍ രണ്ട് മണിക്കൂര്‍ വീതം മാത്രമാണ് പ്രവര്‍ത്തിച്ചത്. മൂന്ന് ലക്ഷത്തില്‍ താഴെ പേര്‍ക്ക് മാത്രമാണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച മുതലുള്ള റേഷന്‍ കിട്ടിയത്. ഇ-പേസ് സംവിധാനം നിരന്തരം തകരാറിലാകുന്ന സാഹചര്യത്തില്‍ റോഷന്‍ കടകളില്‍ ഫലപ്രദമായ മറ്റെന്തെങ്കിലും സംവിധാനം ഏര്‍പ്പെടുത്തിക്കൂടേ എന്നാണ് ഉപഭോക്താക്കള്‍ ചോദിക്കുന്നത്. വിപണിയില്‍ അരിക്കും മറ്റ് സാധനങ്ങള്‍ക്കും തീപിടിച്ച വിലയാണ്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം റേഷന്‍ കടകളില്‍ നിന്നും ലഭിക്കുന്ന അരിയും പഞ്ചസാരയും അടക്കമുള്ള സാധനങ്ങള്‍ ഏറെ ആശ്വാസകരമാണ്. ഇ-പേസ് സംവിധാനം പണിമുടക്കിയതോടെ അമിതമായ വില നല്‍കി എല്ലാ സാധനങ്ങളും വിപണിയില്‍ നിന്ന് വാങ്ങേണ്ടിവരുന്നു. ദരിദ്രകുടുംബങ്ങള്‍ക്ക് ഇതുമൂലമുണ്ടാകുന്ന സാമ്പത്തിക ബാധ്യത താങ്ങാനാകാത്തതാണ്. ഈ സാഹചര്യത്തില്‍ റേഷന്‍ വിതരണം തടസമില്ലാതെ മുന്നോട്ടുപോകുന്നതിന് മറ്റ് ഫലപ്രദമായ മാര്‍ഗങ്ങള്‍ കണ്ടെത്തണം.

Related Articles
Next Story
Share it