കശുവണ്ടി സംഭരണം കാര്യക്ഷമമാക്കണം

ഇപ്പോള്‍ കശുവണ്ടി സീസണാണ്. എന്നാല്‍ മുന്‍വര്‍ഷങ്ങളെപ്പോലെ ഇക്കുറിയും കശുവണ്ടി കര്‍ഷകര്‍ക്ക് നിരാശതന്നെയാണ് ഫലം. മികച്ച വിളവും വിലയും കര്‍ഷകര്‍ പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല. റബ്ബറിനും തേങ്ങക്കും പൊതുവെ വിലയിടിഞ്ഞ സമയമാണിത്. കശുവണ്ടിക്കെങ്കിലും നല്ല വില കിട്ടുമെന്ന് കരുതിയെങ്കിലും ഇക്കാര്യത്തിലും പ്രതീക്ഷക്ക് വകയൊന്നുമില്ല. സീസണിന്റെ തുടക്കത്തിലുണ്ടായിരുന്ന വില ദിവസങ്ങള്‍ കടന്നുചെല്ലുന്തോറും കുറയുന്ന അനുഭവമാണുണ്ടാകുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. മാര്‍ച്ച് 29വരെ കശുവണ്ടിക്ക് കിലോയ്ക്ക് 112 രൂപ വിലയുണ്ടായിരുന്നു. ഒരു ദിവസം പിന്നിട്ടപ്പോഴേക്കും 110 രൂപയായി കുറഞ്ഞു. തുടര്‍ന്നിങ്ങോട്ട് വില കുറഞ്ഞുകുറഞ്ഞുവരികയായിരുന്നു. ഇപ്പോള്‍ […]

ഇപ്പോള്‍ കശുവണ്ടി സീസണാണ്. എന്നാല്‍ മുന്‍വര്‍ഷങ്ങളെപ്പോലെ ഇക്കുറിയും കശുവണ്ടി കര്‍ഷകര്‍ക്ക് നിരാശതന്നെയാണ് ഫലം. മികച്ച വിളവും വിലയും കര്‍ഷകര്‍ പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല. റബ്ബറിനും തേങ്ങക്കും പൊതുവെ വിലയിടിഞ്ഞ സമയമാണിത്. കശുവണ്ടിക്കെങ്കിലും നല്ല വില കിട്ടുമെന്ന് കരുതിയെങ്കിലും ഇക്കാര്യത്തിലും പ്രതീക്ഷക്ക് വകയൊന്നുമില്ല. സീസണിന്റെ തുടക്കത്തിലുണ്ടായിരുന്ന വില ദിവസങ്ങള്‍ കടന്നുചെല്ലുന്തോറും കുറയുന്ന അനുഭവമാണുണ്ടാകുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. മാര്‍ച്ച് 29വരെ കശുവണ്ടിക്ക് കിലോയ്ക്ക് 112 രൂപ വിലയുണ്ടായിരുന്നു. ഒരു ദിവസം പിന്നിട്ടപ്പോഴേക്കും 110 രൂപയായി കുറഞ്ഞു. തുടര്‍ന്നിങ്ങോട്ട് വില കുറഞ്ഞുകുറഞ്ഞുവരികയായിരുന്നു. ഇപ്പോള്‍ കശുവണ്ടി വില കിലോയ്ക്ക് 104ല്‍ എത്തിനില്‍ക്കുകയാണ്. വരുംദിവസങ്ങളില്‍ ഇതിലും കുറയുമെന്നാണ് കര്‍ഷകരുടെ ആശങ്ക. സാധാരണഗതിയില്‍, വേനല്‍മഴ വന്നാല്‍ അതിന്റെ പേരിലാണ് കശുവണ്ടിക്ക് വില കുറക്കാറുള്ളത്. മഴ പെയ്താല്‍ അണ്ടിപ്പരിപ്പിന്റെ ഗുണനിലവാരം കുറയുമെന്ന കാരണത്താലാണ് വില കുറക്കാറുള്ളത്. ഏപ്രില്‍ പകുതി കഴിഞ്ഞിട്ടും വേനല്‍മഴ പെയ്തിട്ടില്ല. കശുവണ്ടി സംഭരണം കാര്യക്ഷമമല്ലാത്തതും വില കുറയാന്‍ ഇടവരുത്തുകയാണ്. കശുവണ്ടി സീസണ്‍ ആരംഭിച്ച സമയത്ത് കശുവണ്ടി വികസന കോര്‍പ്പറേഷന്റെയും സഹകരണവകുപ്പിന്റെയും നേതൃത്വത്തില്‍ കാസര്‍കോട് ജില്ലയിലെ സഹകരണബാങ്കുകളുടെ പ്രസിഡണ്ട്, സെക്രട്ടറി എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള യോഗം നടക്കുകയും സംഭരണം സംബന്ധിച്ച് വിശദമായ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി കിലോയ്ക്ക് 114 രൂപ നിരക്കില്‍ മാര്‍ച്ച് ആറ് മുതല്‍ മെയ് വരെ കശുവണ്ടി സംഭരിക്കാനാണ് തീരുമാനമെടുത്തത്. മുന്‍ വര്‍ഷങ്ങളില്‍ സഹകരണസംഘങ്ങള്‍ വഴി കശുവണ്ടി സംഭരിച്ച് ഫാക്ടറികളില്‍ എത്തിച്ചപ്പോള്‍ തൂക്കവ്യത്യാസമുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ സഹകരണസംഘങ്ങള്‍ക്ക് നഷ്ടമുണ്ടാകാതിരിക്കാന്‍ ഏഴ് ശതമാനം അധിക തുക നല്‍കാനും യോഗത്തില്‍ തീരുമാനമായതാണ്. എന്നാല്‍ അഞ്ചത് സഹകരണസംഘങ്ങള്‍ മാത്രമാണ് കശുവണ്ടി സംഭരണം ഏറ്റെടുക്കാന്‍ തയ്യാറായത്. ഏഴു സഹകരണസംഘങ്ങളും സംഭരണത്തോട് മുഖം തിരിക്കുകയായിരുന്നു. ഇതോടെ കശുവണ്ടി സംഭരണം കാസര്‍കോട് ജില്ലയില്‍ പരാജയമായി മാറുകയും ചെയ്തു. പൊതുമാര്‍ക്കറ്റില്‍ കശുവണ്ടി വില ആദ്യം 112 ആക്കിയിരുന്നത് കോര്‍പ്പറേഷന്‍ 114 രൂപ നിരക്കില്‍ സംഭരണനീക്കം നടത്തിയപ്പോഴായിരുന്നു. സംഭരണം പരാജയപ്പെട്ടതോടെയാണ് പൊതുമാര്‍ക്കറ്റിലും വിലയിടിവ് സംഭവിച്ചത്. ഒരു കാലത്ത് മാര്‍ച്ച് മുതല്‍ മെയ് അവസാനം വരെ കര്‍ഷകര്‍ക്ക് കശുവണ്ടി നല്ലൊരു വരുമാനമാര്‍ഗമായിരുന്നു. ഇപ്പോള്‍ ആ സ്ഥിതി മാറി, ഉല്‍പ്പാദനം കൂടിയ സമയത്ത് തന്നെ വില കുറയുന്നത് കര്‍ഷകരെ വിഷമിപ്പിക്കുന്നു. കശുവണ്ടി സംഭരണം ഫലപ്രദമാക്കുന്നതിന് ആവശ്യമായ ഇടപെടല്‍ അധികാര കേന്ദ്രങ്ങളുടെ ഭാഗത്തുന്നുണ്ടാകുന്നില്ല. ഇപ്പോള്‍ തന്നെ പലരും കശുവണ്ടി കൃഷിയില്‍ നിന്ന് പിന്‍മാറിക്കഴിഞ്ഞു. ഈ നില തുടര്‍ന്നാല്‍ കാലക്രമേണ കേരളത്തില്‍ കശുവണ്ടി വ്യവസായം തന്നെ ഇല്ലാതായേക്കും. കശുവണ്ടി മേഖലയെയും കര്‍ഷകരെയും രക്ഷിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്.

Related Articles
Next Story
Share it