ലിഫ്റ്റ് തകരാര്‍: എത്രനാള്‍ സഹിക്കണം ഈ ദുരിതം?

കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ അടിക്കടി ലിഫ്റ്റ് തകരാറിലാകുന്നത് മൂലം രോഗികളും അവരുടെ കൂട്ടിരിപ്പുകാരും ആസ്പത്രി ജീവനക്കാരും നേരിടുന്ന ബുദ്ധിമുട്ടുകള്‍ വിവരണാതീതമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോഴും പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാകുന്നില്ല. ലിഫ്റ്റ് കേടായാല്‍ അത് നന്നാക്കാന്‍ ആഴ്ചകളും മാസങ്ങളും വേണ്ടിവരുന്നു. കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ ലിഫ്റ്റ് വീണ്ടും തകരാറിലായിട്ട് ഒരുമാസത്തിലേറെയായി. ഇതിന് മുമ്പ് നിരവധി തവണ ലിഫ്റ്റ് തകറാറിലായിട്ടുണ്ട്. അപ്പോഴെല്ലാം അറ്റകുറ്റപ്പണിക്ക് ഏറെ കാലതാമസമെടുത്തിരുന്നു. ഇത്തവണയും സ്ഥിതി വ്യത്യസ്തമല്ല. കഴിഞ്ഞ ദിവസം ചുമട്ടുതൊഴിലാളികളാണ് ജനറല്‍ ആസ്പത്രിയുടെ മുകള്‍ നിലയില്‍ […]

കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ അടിക്കടി ലിഫ്റ്റ് തകരാറിലാകുന്നത് മൂലം രോഗികളും അവരുടെ കൂട്ടിരിപ്പുകാരും ആസ്പത്രി ജീവനക്കാരും നേരിടുന്ന ബുദ്ധിമുട്ടുകള്‍ വിവരണാതീതമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോഴും പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാകുന്നില്ല. ലിഫ്റ്റ് കേടായാല്‍ അത് നന്നാക്കാന്‍ ആഴ്ചകളും മാസങ്ങളും വേണ്ടിവരുന്നു. കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ ലിഫ്റ്റ് വീണ്ടും തകരാറിലായിട്ട് ഒരുമാസത്തിലേറെയായി. ഇതിന് മുമ്പ് നിരവധി തവണ ലിഫ്റ്റ് തകറാറിലായിട്ടുണ്ട്. അപ്പോഴെല്ലാം അറ്റകുറ്റപ്പണിക്ക് ഏറെ കാലതാമസമെടുത്തിരുന്നു. ഇത്തവണയും സ്ഥിതി വ്യത്യസ്തമല്ല. കഴിഞ്ഞ ദിവസം ചുമട്ടുതൊഴിലാളികളാണ് ജനറല്‍ ആസ്പത്രിയുടെ മുകള്‍ നിലയില്‍ നിന്ന് കിടപ്പുരോഗിയെ താഴെയെത്തിച്ചത്. തുടര്‍ന്ന് രോഗിയെ സുരക്ഷിതമായി വീട്ടിലെത്തിക്കുകയും ചെയ്തു. ഒരാഴ്ച മുമ്പ് മൂന്നാം നിലയില്‍ നിന്ന് ഒരു മൃതദേഹം ഇറക്കിയതും ചുമട്ടുതൊഴിലാളികളുടെ സഹായത്തോടെയായിരുന്നു. ഇതിനായി ഏഴുമണിക്കൂര്‍ നേരം കാത്തിരിക്കേണ്ടിയും വന്നു. കുമ്പള സ്വദേശിയാണ് തലേദിവസം രാത്രി 12 മണിയോടെ മരണപ്പെട്ടത്. മരിച്ചാല്‍ ഉടന്‍ തന്നെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റേണ്ടതാണെങ്കിലും ലിഫ്റ്റ് പ്രവര്‍ത്തിക്കാത്തതിനാല്‍ അതിന് കഴിഞ്ഞില്ല. താഴെയിറക്കാന്‍ പ്രാപ്തിയുള്ള ജീവനക്കാരും ഉണ്ടായിരുന്നില്ല. കൂടെ ഭാര്യയും മരുമകനും മാത്രമാണ് ഉണ്ടായിരുന്നത്. മണിക്കൂറുകള്‍ക്കൊടുവില്‍ ചുമട്ടുതൊഴിലാളികളും ആംബുലന്‍സ് ഡ്രൈവറും അടക്കമുള്ളവരുടെ സഹായത്തോടെയാണ് മൃതദേഹം താഴെയിറക്കിയത്. ലിഫ്റ്റ് പ്രവര്‍ത്തിക്കുകയാണെങ്കില്‍ കിടപ്പുരോഗികള്‍ക്ക് എത്രയും വേഗത്തിലും എളുപ്പത്തിലും ആസ്പത്രിയിലെ മുകളിലത്തെ നിലയിലും താഴത്തെ നിലയിലുമെത്താം. ലിഫ്റ്റിന്റെ സഹായമില്ലാതെ രോഗിയെ മുകളിലേക്കും താഴേക്കും കൊണ്ടുപോകുന്നതിന് വലിയ കായികാധ്വാനം വേണ്ടിവരുന്നു. അതോടൊപ്പം സമയനഷ്ടവും ഉണ്ടാകും. സ്ട്രെച്ചറിലുള്ള പിടുത്തത്തിലും കാല്‍വെയ്പ്പിലും പിഴച്ചാല്‍ രോഗികള്‍ മാത്രമല്ല സഹായികളും അപകടത്തിലാകുമെന്നതാണ് വസ്തുത. രോഗികളും കൂട്ടിരിപ്പുകാരും മാത്രമല്ല ആസ്പത്രി ജീവനക്കാരും ലിഫ്റ്റ് പ്രവര്‍ത്തനരഹിതമായതിന്റെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരാണ്. ശസ്ത്രക്രിയ കഴിഞ്ഞവരെ വാര്‍ഡിലേക്ക് മാറ്റാന്‍ പ്രയാസം നേരിടേണ്ടിവരുന്നു. കഴിഞ്ഞ ദിവസം കാന്‍സര്‍രോഗിയെ ജനറല്‍ ആസ്പത്രിയിലെത്തിച്ചപ്പോള്‍ മൂന്നാം നിലയിലേക്ക് ചുമന്നുകൊണ്ടുപോകണമെന്നാണ് അധികൃതര്‍ നിര്‍ദേശിച്ചത്. എന്നാല്‍ കൂടെ വന്നവര്‍ക്ക് അതിന് കഴിഞ്ഞില്ല. ഇതോടെ കാന്‍സര്‍രോഗിയെ കുറച്ചുനേരം അത്യാഹിതവിഭാഗത്തില്‍ കിടത്തുകയാണ് ചെയ്തത്. ചുമന്ന് കയറ്റാന്‍ കഴിയില്ലെങ്കില്‍ വീട്ടിലേക്ക് തിരിച്ചുപോകാനും അടുത്ത ദിവസം വരാനുമാണ് അധികൃതര്‍ നിര്‍ദേശിച്ചത്. റാമ്പ് ഇല്ലാതെയാണ് ജനറല്‍ ആസ്പത്രി നിര്‍മിച്ചിരിക്കുന്നത്. റാമ്പിന്റെ അഭാവത്തിന് പുറമെ ലിഫ്റ്റിന്റെ പ്രവര്‍തക്തനം കൂടിയില്ലെങ്കില്‍ കിടപ്പുരോഗികളെയും ശാരീരികപ്രയാസങ്ങള്‍ അനുഭവിക്കുന്ന മറ്റ് രോഗികളെയും വാര്‍ഡിലേക്ക് കയറ്റുകയും ഇറക്കുകയും ചെയ്യുകയെന്നത് അതീവദുഷ്‌കരം തന്നെയാണ്. ജനറല്‍ ആസ്പത്രിയില്‍ ഇരുന്നൂറിലേറെ രോഗികളാണ് ഇന്‍ പേഷ്യന്റ് വിഭാഗത്തില്‍ ചികില്‍സയിലുള്ളത്. ലിഫ്റ്റ് അറ്റകുറ്റപ്പണി നടത്തി നന്നാക്കിയാലും ഏത് സമയത്തും തകരാറിലാകാവുന്ന സ്ഥിതിയാണുള്ളത്. തീവ്രപരിചരണവാര്‍ഡുകള്‍, പ്രസവ വാര്‍ഡ്, ശസ്ത്രക്രിയാ മുറി എന്നിവിടങ്ങളില്‍ എത്തണമെങ്കില്‍ പടികള്‍ കയറുകയല്ലാതെ മറ്റ് മാര്‍ഗമില്ല. കെട്ടിടത്തില്‍ തീപിടുത്തം പോലുള്ള അത്യാഹിതങ്ങള്‍ സംഭവിച്ചാല്‍ അതിനെ നേരിടാനുള്ള സജ്ജീകരണം പോലും ജനറല്‍ ആസ്പത്രിയിലില്ല. ജനറല്‍ ആസ്പത്രിയിലെ ലിഫ്റ്റ് പ്രശ്നം അടക്കം രോഗികള്‍ നേരിടുന്ന ദുരിതങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ ആരോഗ്യവകുപ്പും സര്‍ക്കാരും അടിയന്തിരനടപടി സ്വീകരിക്കണം.

Related Articles
Next Story
Share it