എ.ഐ ക്യാമറകള്‍ സുരക്ഷിത യാത്രക്ക് വഴിയൊരുക്കട്ടെ

പൊതുനിരത്തില്‍ വാഹനാപകടങ്ങളും നിയമലംഘനങ്ങളും വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ എ.ഐ ക്യാമറകളുടെ നിരീക്ഷണം ഏറെ പ്രതീക്ഷകള്‍ നല്‍കുന്നതാണ്. മോട്ടോര്‍ വാഹനനിയമങ്ങളെക്കുറിച്ചുള്ള ബോധമില്ലാതെ റോഡിലൂടെ അമിതവേഗതയിലും അപകടകരമായ വിധത്തിലും വാഹനങ്ങള്‍ ഓടിക്കുന്നവരുണ്ട്. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിയില്‍ വാഹനങ്ങള്‍ ഓടിക്കുന്നവരുമുണ്ട്. ഇതൊക്കെ കാരണം റോഡില്‍ അപകടങ്ങളും അപകടമരണങ്ങളും ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. ആളുകളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ റോഡില്‍ സാഹസികമായി വാഹനങ്ങള്‍ ഓടിച്ച് അപകടങ്ങളുണ്ടാക്കുന്ന യുവാക്കളുടെ എണ്ണവും പെരുകുന്നുണ്ട്. പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനങ്ങളോടിച്ച് അപകടത്തില്‍ ചാടുന്ന സംഭവങ്ങളും ഉണ്ടാകുന്നു. ഹെല്‍മെറ്റില്ലാതെ വാഹനങ്ങള്‍ ഓടിക്കുന്നവരും നമ്പര്‍ പ്ലേറ്റില്ലാതെ വാഹനങ്ങള്‍ ഓടിക്കുന്നവരും കുറവല്ല. […]

പൊതുനിരത്തില്‍ വാഹനാപകടങ്ങളും നിയമലംഘനങ്ങളും വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ എ.ഐ ക്യാമറകളുടെ നിരീക്ഷണം ഏറെ പ്രതീക്ഷകള്‍ നല്‍കുന്നതാണ്. മോട്ടോര്‍ വാഹനനിയമങ്ങളെക്കുറിച്ചുള്ള ബോധമില്ലാതെ റോഡിലൂടെ അമിതവേഗതയിലും അപകടകരമായ വിധത്തിലും വാഹനങ്ങള്‍ ഓടിക്കുന്നവരുണ്ട്. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിയില്‍ വാഹനങ്ങള്‍ ഓടിക്കുന്നവരുമുണ്ട്. ഇതൊക്കെ കാരണം റോഡില്‍ അപകടങ്ങളും അപകടമരണങ്ങളും ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. ആളുകളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ റോഡില്‍ സാഹസികമായി വാഹനങ്ങള്‍ ഓടിച്ച് അപകടങ്ങളുണ്ടാക്കുന്ന യുവാക്കളുടെ എണ്ണവും പെരുകുന്നുണ്ട്. പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനങ്ങളോടിച്ച് അപകടത്തില്‍ ചാടുന്ന സംഭവങ്ങളും ഉണ്ടാകുന്നു. ഹെല്‍മെറ്റില്ലാതെ വാഹനങ്ങള്‍ ഓടിക്കുന്നവരും നമ്പര്‍ പ്ലേറ്റില്ലാതെ വാഹനങ്ങള്‍ ഓടിക്കുന്നവരും കുറവല്ല. വാഹനങ്ങളില്‍ മദ്യവും മയക്കുമരുന്നും കഞ്ചാവും കടത്തുന്നവരും ഏറെയാണ്. റോഡിലെ നിയമലംഘനം കണ്ടെത്തുന്നതില്‍ ഇതുവരെ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും പൊലീസിനും ചില പരിമിതികള്‍ ഉണ്ടായിരുന്നു. എ.ഐ നിരീക്ഷണക്യാമറകള്‍ കേരളത്തെ എല്ലാ ജില്ലകളിലെയും പ്രധാന നഗരങ്ങളില്‍ സ്ഥാപിച്ചതോടെ ഈ ഭാഗങ്ങളിലെ നിയമലംഘനങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്താനും നിയമനടപടികള്‍ സ്വീകരിക്കാനും സാധിക്കും. സംസ്ഥാന സര്‍ക്കാറിന്റെ ഡിജിറ്റല്‍ എന്‍ഫോഴ്സ്മെന്റ് പദ്ധതിയുടെ ഭാഗമായാണ് റോഡപകടങ്ങള്‍ തടയുന്നതിനും യാത്രക്ക് ഭീഷണി ഉയര്‍ത്തുന്ന മറ്റ് പ്രശ്നങ്ങള്‍ കണ്ടെത്തി പരിഹരിക്കുന്നതിനുമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്(എ.ഐ) ക്യാമറകള്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്തുടനീളം പ്രവര്‍ത്തനമാരംഭിച്ചത്. പ്രധാന അപകടസാധ്യതാ മേഖലകള്‍ കേന്ദ്രീകരിച്ച് 726 ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ക്യമാറകളിലൂടെ നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ ഉടന്‍ നോട്ടീസ് നല്‍കി പിഴ ഈടാക്കുന്ന നടപടിയിലേക്ക് കടക്കും. ഓരോ നിയമലംഘനത്തിനും വ്യത്യസ്ത പിഴയാണ് ഈടാക്കുന്നത്. ഒരുമാസം വരെ പിഴ ഈടാക്കില്ലെന്നും ബോധവല്‍ക്കരണം നടത്തുമെന്നുമാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. കേരള റോഡ് സേഫ്റ്റി അതോറിറ്റിയുടെ 232.25 കോടി രൂപ ഉപയോഗിച്ച് സംസ്ഥാന പൊതുമേഖലായ സ്ഥാപനമായ കെല്‍ട്രോണ്‍ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ഹെല്‍മെറ്റ് ഉപയോഗിക്കാതിരിക്കല്‍, ഇരുചക്രവാഹനങ്ങളിലെ രണ്ടില്‍ കൂടുതല്‍ പേരുടെ യാത്ര, മൊബൈല്‍ ഫോണ്‍ ഉപയോഗം, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍, അപകടമുണ്ടാക്കി വാഹനങ്ങള്‍ നിര്‍ത്താതെ പോകല്‍ തുടങ്ങിയ കുറ്റങ്ങള്‍ ക്യാമറയിലൂടെ കണ്ടെത്താന്‍ അധികൃതര്‍ക്ക് സാധിക്കും. പൊലീസിന്റെയും മോട്ടോര്‍ വാഹനവകുപ്പിന്റെയും വാഹനപരിശോധന പൊതുജനങ്ങള്‍ക്ക് വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന പരാതികള്‍ പൊതുവെ ഉണ്ടാകാറുണ്ട്. എ.ഐ ക്യാമറകള്‍ വന്നതോടെ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തിയുള്ള പരിശോധനകള്‍ വളരെ കുറയും. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ വാഹനാപകടങ്ങളും അപകടമരണങ്ങളും സംഭവിക്കുന്ന സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ എ.ഐ ക്യാമറകള്‍ സംസ്ഥാനത്ത് അത്യന്താപേക്ഷിതമാണ്. അതേ സമയം ചില ഉദ്യോഗസ്ഥര്‍ നിയമം ദുരുപയോഗം ചെയ്യാനും നിയമം ലംഘിക്കാതെ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ പീഡിപ്പിക്കപ്പെടാനും സാധ്യതയുണ്ടെന്ന ആശങ്കയും നിലനില്‍ക്കുന്നു. നിയമലംഘനം നടത്താത്തവരെ ബുദ്ധിമുട്ടിക്കുന്ന സമീപനങ്ങള്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്ന് കൂടി ഉറപ്പുവരുത്തണം.

Related Articles
Next Story
Share it