വന്ദേഭാരത് കാസര്‍കോട് വരെ നീട്ടിയത് സ്വാഗതാര്‍ഹം

കേന്ദ്രം കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസ് കണ്ണൂര്‍ വരെ മാത്രമേ ഓടൂവെന്ന വിവരം കാസര്‍കോട് ജില്ലക്കാരില്‍ വലിയ നിരാശയുണ്ടാക്കിയിരുന്നു. എന്നാല്‍ കാസര്‍കോടിന്റെ ആവശ്യം അല്‍പ്പം വൈകിയാണെങ്കിലും അംഗീകരിക്കാന്‍ റെയില്‍വെ തയ്യാറായത് സ്വാഗതാര്‍ഹമാണ്. കാസര്‍കോടെന്താ കേരളത്തിലല്ലേ എന്ന ചോദ്യത്തിന് കാരണമാകുന്ന നിരന്തരമായ അവഗണനകള്‍ക്കിടെയാണ് വന്ദേ ഭാരത് എക്‌സ് പ്രസ് കണ്ണൂര്‍ വരെ മാത്രം അനുവദിക്കപ്പെട്ടത്. എന്നാല്‍ ശക്തമായ ഇടപെടല്‍ തന്നെ കാസര്‍കോട് ജില്ലയിലെ ജനപ്രതിനിധികളും രാഷ്ട്രീയപാര്‍ട്ടികളും പൊതുസമൂഹവും നടത്തിയതിനാല്‍ വന്ദേ ഭാരത് എക്‌സ്പ്രസ് കാസര്‍കോട് വരെ നീട്ടുകയായിരുന്നു. കാസര്‍കോടിന്റെ […]

കേന്ദ്രം കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസ് കണ്ണൂര്‍ വരെ മാത്രമേ ഓടൂവെന്ന വിവരം കാസര്‍കോട് ജില്ലക്കാരില്‍ വലിയ നിരാശയുണ്ടാക്കിയിരുന്നു. എന്നാല്‍ കാസര്‍കോടിന്റെ ആവശ്യം അല്‍പ്പം വൈകിയാണെങ്കിലും അംഗീകരിക്കാന്‍ റെയില്‍വെ തയ്യാറായത് സ്വാഗതാര്‍ഹമാണ്. കാസര്‍കോടെന്താ കേരളത്തിലല്ലേ എന്ന ചോദ്യത്തിന് കാരണമാകുന്ന നിരന്തരമായ അവഗണനകള്‍ക്കിടെയാണ് വന്ദേ ഭാരത് എക്‌സ് പ്രസ് കണ്ണൂര്‍ വരെ മാത്രം അനുവദിക്കപ്പെട്ടത്. എന്നാല്‍ ശക്തമായ ഇടപെടല്‍ തന്നെ കാസര്‍കോട് ജില്ലയിലെ ജനപ്രതിനിധികളും രാഷ്ട്രീയപാര്‍ട്ടികളും പൊതുസമൂഹവും നടത്തിയതിനാല്‍ വന്ദേ ഭാരത് എക്‌സ്പ്രസ് കാസര്‍കോട് വരെ നീട്ടുകയായിരുന്നു. കാസര്‍കോടിന്റെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കാന്‍ തയ്യാറായ കേന്ദ്ര റേയില്‍വെ മന്ത്രാലയത്തെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. വന്ദേ ഭാരത് എക്‌സ്പ്രസ് നടത്തിയ ആദ്യത്തെ പരീക്ഷണ ഓട്ടം വിജയകരമായിരുന്നു. ട്രെയിന്‍ തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലെത്തിയത് ഏഴുമണിക്കൂറും പത്ത് മിനുട്ടും എടുത്താണ്. കോട്ടയം വഴിയുള്ള ഏറ്റവും വേഗതയേറിയ ട്രെയിനിനെക്കാള്‍ രണ്ടരമണിക്കൂര്‍ കുറവ് സമയത്തിലാണ് വന്ദേഭാരത് കണ്ണൂരിലെത്തിയത്. തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് രാവിലെ 5.10ന് പുറപ്പെട്ട ട്രെയിന്‍ ഉച്ചയ്ക്ക് 12.20നാണ് കണ്ണൂരിലെത്തിയത്. തിരികെ 2.10ന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് രാത്രി 9.20ന് തിരുവനന്തപുരത്ത് എത്തുകയും ചെയ്തു.വന്ദേ ഭാരതിന്റെ രണ്ടാംഘട്ട പരീക്ഷണ ഓട്ടം കാസര്‍കോട് വരെയുണ്ടാകുമെന്നത് ആഹ്ലാദകരമാണ്. വന്ദേഭാരത് എക്‌സ്പ്രസ് കാസര്‍കോട്ട് സ്റ്റോപ്പോടുകൂടി മംഗളൂരുവരെ നീട്ടിയാല്‍ കാസര്‍കോട് ജില്ലക്കാര്‍ക്ക് അത് പല തരത്തിലും ആശ്വാസകരമാകും. വിദ്യാഭ്യാസത്തിനും ജോലിക്കും ചികില്‍സക്കും വ്യാപാര ആവശ്യത്തിനും മറ്റുമൊക്കെയായി കാസര്‍കോട് ജില്ലക്കാര്‍ മംഗളൂരുവിനെ ആശ്രയിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ വന്ദേ ഭാരത് എക്‌സ്പ്രസ് കൂടി വന്നാല്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്ക് മംഗളൂരുവിലേക്കും തിരിച്ചുമുള്ള യാത്ര കൂടുതല്‍ എളുപ്പമാകും. പല ട്രെയിനുകളും കണ്ണൂരില്‍ യാത്ര അവസാനിപ്പിച്ച് വെറുതെ നിര്‍ത്തിയിടുന്നത് പതിവുകാഴ്ചയാണ്. വിദഗ്ധ ചികില്‍സ ലഭിക്കുന്ന ആസ്പത്രികളും ഉന്നത വിദ്യാഭ്യാസം ലഭിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും കാസര്‍കോട് ജില്ലയിലില്ല. ഇതിനൊക്കെ മംഗളൂരുവിനെയാണ് ആശ്രയിക്കുന്നത്. റെയില്‍വെക്ക് നല്ല വരുമാനം ഉണ്ടാക്കിക്കൊടുക്കുന്ന കേരളത്തിലെ റെയില്‍വെ സ്റ്റേഷനുകളിലൊന്ന് കാസര്‍കോട് റെയില്‍വെ സ്റ്റേഷനാണ്. എന്നാല്‍ അതിനനുസരിച്ചുള്ള പരിഗണന കാസര്‍കോടിന് ലഭിക്കുന്നില്ലെന്ന പരാതികള്‍ നിലനില്‍ക്കുന്നുണ്ട്. കണ്ണൂര്‍-ആലപ്പുഴ എക്സിക്യൂട്ടീവ്, കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി, കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി, കണ്ണൂര്‍-ഷൊര്‍ണൂര്‍ പാസഞ്ചര്‍ തുടങ്ങിയ ട്രെയിനുകള്‍ കാസര്‍കോട്ടേക്ക് നീട്ടണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്. രാത്രികാലങ്ങളില്‍ മംഗളൂരുവില്‍ നിന്ന് കാസര്‍കോട്ടേക്ക് കൂടുതല്‍ ട്രെയിനുകള്‍ വേണമെന്ന ആവശ്യവും ശക്തമാണ്. മംഗളൂരുവിനും കണ്ണൂരിനും കൂടുതല്‍ ട്രെയിനുകള്‍ വേണമെന്നതാണ് മറ്റൊരു ആവശ്യം. ഈ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം ഉണ്ടാകേണ്ടതുണ്ട്. പ്രധാനപ്പെട്ട ചില ട്രെയിനുകള്‍ക്ക് കാസര്‍കോട്ട് സ്റ്റോപ്പില്ലാത്ത അവസ്ഥയുണ്ട്. കാസര്‍കോട് വഴി കൂടുതല്‍ ട്രെയിനുകള്‍ ഓടാത്തതിനാല്‍ ഭൂരിഭാഗം പേര്‍ക്ക് യാത്രക്ക് ബസുകളെയാണ് ആശ്രയിക്കേണ്ടിവരുന്നത്. ബസുകളില്‍ കുത്തിനിറച്ചുള്ള യാത്ര ഏറെ ദുരിതമുണ്ടാക്കുന്നു.ഇക്കാര്യങ്ങളെല്ലവാം കണക്കിലെടുത്ത് കാസര്‍കോടിന് മതിയായ പരിഗണന നല്‍കാന്‍ റെയില്‍വെ തയ്യാറാകണം.

Related Articles
Next Story
Share it