ബസ് സര്‍വീസ് മുടക്കി രാത്രികാലയാത്രക്കാരെ കഷ്ടപ്പെടുത്തരുത്

ദേശസാല്‍കൃത റൂട്ടില്‍ രാത്രികാലത്ത് ബസ് സര്‍വീസ് മുടക്കി യാത്രക്കാരെ കഷ്ടപ്പെടുത്തുന്ന ക്രൂരവിനോദം അധികാരികള്‍ തുടരുകയാണ്. എത്രയൊക്കെ നിവേദനങ്ങള്‍ നല്‍കിയാലും പരാതികള്‍ ഉന്നയിച്ചാലും ഈ പ്രശ്നത്തിന് മാത്രം പരിഹാരമുണ്ടാകുന്നില്ല. വിഷയത്തില്‍ ഇടപെടാന്‍ ജനപ്രതിനിധികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും പൊതുപ്രവര്‍ത്തകരും ആരും തന്നെ മുന്നോട്ടുവരുന്നുമില്ല. എന്നാല്‍ യാത്രക്കാരുടെ രാത്രികാലദുരിതം നാള്‍ക്കുനാള്‍ രൂക്ഷമാകുമ്പോള്‍ ഇതിനെതിരെ നിരന്തരം ശബ്ദമുയര്‍ത്തുക എന്നതാണ് മാധ്യമധര്‍മം. പ്രശ്നം പരിഹരിക്കപ്പെടുന്നതുവരെ ഇതേക്കുറിച്ച് ഓര്‍മപ്പെടുത്തിക്കൊണ്ടേയിരിക്കണം. ദേശീയപാത വികസന ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നത് സന്തോഷം നല്‍കുന്ന കാര്യം തന്നെയാണ്. ദേശീയപാത വികസനം പൂര്‍ത്തിയാകുമ്പോള്‍ […]

ദേശസാല്‍കൃത റൂട്ടില്‍ രാത്രികാലത്ത് ബസ് സര്‍വീസ് മുടക്കി യാത്രക്കാരെ കഷ്ടപ്പെടുത്തുന്ന ക്രൂരവിനോദം അധികാരികള്‍ തുടരുകയാണ്. എത്രയൊക്കെ നിവേദനങ്ങള്‍ നല്‍കിയാലും പരാതികള്‍ ഉന്നയിച്ചാലും ഈ പ്രശ്നത്തിന് മാത്രം പരിഹാരമുണ്ടാകുന്നില്ല. വിഷയത്തില്‍ ഇടപെടാന്‍ ജനപ്രതിനിധികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും പൊതുപ്രവര്‍ത്തകരും ആരും തന്നെ മുന്നോട്ടുവരുന്നുമില്ല. എന്നാല്‍ യാത്രക്കാരുടെ രാത്രികാലദുരിതം നാള്‍ക്കുനാള്‍ രൂക്ഷമാകുമ്പോള്‍ ഇതിനെതിരെ നിരന്തരം ശബ്ദമുയര്‍ത്തുക എന്നതാണ് മാധ്യമധര്‍മം. പ്രശ്നം പരിഹരിക്കപ്പെടുന്നതുവരെ ഇതേക്കുറിച്ച് ഓര്‍മപ്പെടുത്തിക്കൊണ്ടേയിരിക്കണം. ദേശീയപാത വികസന ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നത് സന്തോഷം നല്‍കുന്ന കാര്യം തന്നെയാണ്. ദേശീയപാത വികസനം പൂര്‍ത്തിയാകുമ്പോള്‍ യാത്രക്കാരുടെ സന്തോഷം പൂര്‍ണമാകണമെങ്കില്‍ പകലായാലും രാത്രി ആയാലും അവരുടെ യാത്രാബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം ഉണ്ടാകണം.
ഈ ബുദ്ധിമുട്ടുകള്‍ പരിഹരിച്ചില്ലെങ്കില്‍ ദേശീയപാത വികസനം കൊണ്ട് മാത്രം യാത്രാസൗകര്യം മെച്ചപ്പെടില്ല. ഏറെ കാലമായി കാസര്‍കോട് ജില്ലയില്‍ ദേശീയപാത വഴിയുള്ള ബസ് ഗതാഗതത്തിന്റെ സ്ഥിതി ദയനീയം തന്നെയാണ്. മുമ്പ് പത്തുമിനുട്ട് ഇടവിട്ട് സ്വകാര്യബസുകള്‍ ദേശീയപാത റൂട്ടിലൂടെ സര്‍വീസ് നടത്തിയിരുന്നു. ദേശസാല്‍ക്കരണം വന്നതോടെ നിരത്ത് കെ.എസ്.ആര്‍.ടി.സിയുടെ ആധിപത്യത്തിലായി. സ്വകാര്യബസ് സര്‍വീസ് പരിമിതമായി. പെര്‍മിറ്റ് പുതുക്കി നല്‍കാത്തതിനാല്‍ പല സ്വകാര്യബസുകളുടെയും സര്‍വീസ് നിര്‍ത്തിവെക്കേണ്ടി വന്നു. കാഞ്ഞങ്ങാട് നിന്ന് കാസര്‍കോട്ടേക്കും തിരിച്ചും ഹ്രസ്വദൂര സ്വകാര്യബസുകള്‍ ഒന്നോ രണ്ടോ മാത്രമാണ് ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്നത്.
കുറച്ച് സ്വകാര്യബസുകള്‍ കാസര്‍കോട്- ബന്തടുക്ക റൂട്ടിലും കാഞ്ഞങ്ങാട്- കല്യോട്ട് റൂട്ടിലും മൂന്നാംകടവ് റൂട്ടിലും മാത്രമായി സര്‍വീസ് നടത്തുന്നു. കുറച്ച് കണ്ണൂര്‍ ബസുകളും ഓടുന്നുണ്ട്. എന്നാല്‍ ഇവയുടെ സര്‍വീസ് പകല്‍നേരങ്ങളില്‍ മാത്രമാണ്. പകല്‍നേരങ്ങളില്‍ രാവിലെ മുതല്‍ വൈകിട്ട് വരെ ഓടുന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഭൂരിഭാഗവും ടൗണ്‍ ടു ടൗണ്‍ ബസുകളും ഫാസ്റ്റ് പാസഞ്ചര്‍ ബസുകളുമാണ്. ഈ ബസുകള്‍ക്കാകട്ടെ പരിമിതമായ സ്റ്റോപ്പുകള്‍ മാത്രമാണുള്ളത്. മറ്റ് സ്റ്റോപ്പുകളിലെ യാത്രക്കാര്‍ ഇതോടെ പെരുവഴിയിലാകുന്നു. കണ്ണൂരില്‍ നിന്നുള്ള ലിമിറ്റഡ് സ്റ്റോപ്പ് സ്വകാര്യബസുകള്‍ പോലും അവയ്ക്ക് സ്റ്റോപ്പുള്ള പല ഇടങ്ങളിലും നിര്‍ത്താതെ പോകുന്നുവെന്നാണ് യാത്രക്കാരുടെ പരാതി.
ഹ്രസ്വദൂര സ്വകാര്യബസുകള്‍ ഇഷ്ടം പോലെ സര്‍വീസ് നടത്തിയിരുന്ന കാലത്ത് യാത്രക്കാര്‍ ഇങ്ങനെ കഷ്ടപ്പെട്ടിരുന്നില്ല. രാത്രികാലത്ത് മുമ്പ് നിരവധി സ്വകാര്യബസുകള്‍ കാഞ്ഞങ്ങാട് -കാസര്‍കോട് ദേശീയപാതാ റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്നു. പെര്‍മിറ്റ് ഇല്ലാത്തതിനാല്‍ രാത്രിയില്‍ സ്വകാര്യബസുകള്‍ സര്‍വീസ് നടത്തുന്നില്ല. ഇപ്പോള്‍ കെ.എസ്.ആര്‍.ടി.സിയുടെ സര്‍വീസുകളും നഷ്ടത്തിന്റെ പേര് പറഞ്ഞ് സര്‍വീസ് മുടക്കുകയാണ്. രാത്രി ഏഴുമണിക്ക് ശേഷം കാസര്‍കോട് നഗരത്തിലെത്തുന്നവര്‍ക്ക് ദേശീയപാത വഴി പോകാന്‍ ബസ് കിട്ടാത്ത സ്ഥിതിയാണുള്ളത്.
രാത്രി 8.20ന് ഒരു ടൗണ്‍ ടു ടൗണ്‍ കെ.എസ്.ആര്‍.ടി.സി ബസുണ്ടെങ്കിലും അതില്‍ വന്‍ തിരക്കതാണ്. മുമ്പ് 7.45ന് കാഞ്ഞങ്ങാട്ടേക്ക് സര്‍വീസ് നടത്തിയിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് വരുമാനം കുറഞ്ഞതിനാല്‍ സര്‍വീസ് നിര്‍ത്തി. നഗരത്തില്‍ രാത്രി അല്‍പ്പം വൈകിയെത്തുന്നവര്‍ക്ക് 9 മണിക്കുള്ള കെ.എസ്.ആര്‍.ടി.സി എയര്‍പോര്‍ട്ട് ബസ് ഏറെ ആശ്വാസകരമായിരുന്നു. ഈ ബസ് ആഴ്ചയില്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. ഇനിയും രാത്രിയാത്രാദുരിതം സഹിക്കാന്‍ യാത്രക്കാര്‍ക്ക് കഴിയില്ല. ഒന്നുകില്‍ രാത്രിയില്‍ കൂടുതല്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് നടത്തുക. അല്ലെങ്കില്‍ സ്വകാര്യബസുകള്‍ക്ക് പെര്‍മിറ്റ് നല്‍കുക. ഉടന്‍ ഇക്കാര്യത്തില്‍ നടപടി സ്വീകരിച്ച് യാത്രക്കാരുടെ പ്രയാസങ്ങള്‍ക്ക് പരിഹാരം കാണണം.

Related Articles
Next Story
Share it