കയങ്ങളെ കരുതിയിരിക്കണം

പയസ്വിനിപ്പുഴയില്‍ നാല് വയസുള്ള രണ്ട് കുട്ടികള്‍ മുങ്ങിമരിച്ച സംഭവം കാസര്‍കോട് ജില്ലയിലെ അതിര്‍ത്തിഗ്രാമത്തെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. ദേവറഡുക്കയിലെ മുഹമ്മദ് ആഷിഖ്, മുഹമ്മദ് ഫാസില്‍ എന്നീ കുട്ടികളാണ് പയസ്വിനിപ്പുഴയിലെ കയത്തില്‍ മുങ്ങിമരിച്ചത്. കടുത്ത വേനലായതിനാല്‍ പുഴയിലെ വെള്ളം വറ്റിയിരുന്നെങ്കിലും തുരുത്തിനരികിലുള്ള കയത്തില്‍ ഒരാള്‍ പൊക്കത്തില്‍ വെള്ളമുണ്ടായിരുന്നു. ഇതില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് രണ്ട് കുട്ടികളും മുങ്ങിമരിച്ചത്. സഹോദരങ്ങളുടെ മക്കള്‍ക്കാണ് ജീവന്‍ നഷ്ടമായത്. നീരൊഴുക്ക് നിലച്ച പുഴയായാല്‍ പോലും കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കാനിറങ്ങിയാല്‍ അപകടം സംഭവിക്കുമെന്ന് ദേവറഡുക്കയിലെ കുട്ടികളുടെ മരണം തെളിയിക്കുന്നു.കാസര്‍കോട് ജില്ലയിലെ പുഴകളില്‍ […]

പയസ്വിനിപ്പുഴയില്‍ നാല് വയസുള്ള രണ്ട് കുട്ടികള്‍ മുങ്ങിമരിച്ച സംഭവം കാസര്‍കോട് ജില്ലയിലെ അതിര്‍ത്തിഗ്രാമത്തെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. ദേവറഡുക്കയിലെ മുഹമ്മദ് ആഷിഖ്, മുഹമ്മദ് ഫാസില്‍ എന്നീ കുട്ടികളാണ് പയസ്വിനിപ്പുഴയിലെ കയത്തില്‍ മുങ്ങിമരിച്ചത്. കടുത്ത വേനലായതിനാല്‍ പുഴയിലെ വെള്ളം വറ്റിയിരുന്നെങ്കിലും തുരുത്തിനരികിലുള്ള കയത്തില്‍ ഒരാള്‍ പൊക്കത്തില്‍ വെള്ളമുണ്ടായിരുന്നു. ഇതില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് രണ്ട് കുട്ടികളും മുങ്ങിമരിച്ചത്. സഹോദരങ്ങളുടെ മക്കള്‍ക്കാണ് ജീവന്‍ നഷ്ടമായത്. നീരൊഴുക്ക് നിലച്ച പുഴയായാല്‍ പോലും കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കാനിറങ്ങിയാല്‍ അപകടം സംഭവിക്കുമെന്ന് ദേവറഡുക്കയിലെ കുട്ടികളുടെ മരണം തെളിയിക്കുന്നു.
കാസര്‍കോട് ജില്ലയിലെ പുഴകളില്‍ പലതും കൊടുംചൂടില്‍ വറ്റി വരണ്ടുതുടങ്ങിയിട്ടുണ്ട്. ഇത്തരം സമയങ്ങളില്‍ പുഴകളില്‍ അവശേഷിച്ച വെള്ളത്തില്‍ കുളിക്കുന്നതുകൊണ്ട് അപകടമൊന്നും ഉണ്ടാകില്ലെന്നാണ് പലരും കരുതുക. എന്നാല്‍ ഇത്തരം വെള്ളക്കെട്ടുകള്‍ ഉള്ള ഭാഗങ്ങളില്‍ ചിലത് കയങ്ങളായിരിക്കും. പുറമെ നിന്ന് നോക്കുമ്പോള്‍ ഇത് തിരിച്ചറിയാന്‍ സാധിക്കില്ല. അടിത്തട്ടില്‍ ചെളി അടിഞ്ഞുകൂടിയിട്ടുണ്ടാകും. ഇങ്ങനെയുള്ള വെള്ളക്കെട്ടുകളില്‍ കുളിക്കാന്‍ ഇറങ്ങുന്നവര്‍ക്ക് നീന്തല്‍ അറിഞ്ഞാല്‍ പോലും രക്ഷപ്പെടുക പ്രയാസമാകും.
കാലുകള്‍ ചെളിയില്‍ പുതഞ്ഞാല്‍ ഒരു തരത്തിലും കരയ്ക്ക് കയറാന്‍ സാധിക്കില്ല. കുട്ടികള്‍ മാത്രമല്ല മുതിര്‍ന്നവര്‍ പോലും കയങ്ങളില്‍ പെട്ടാല്‍ ജീവാപായം തന്നെ സംഭവിക്കും. പയസ്വിനിപ്പുഴയില്‍ നിരവധി കയങ്ങളുണ്ട്. അത് എവിടെയൊക്കെ ഉണ്ടെന്ന് ആര്‍ക്കും തിരിച്ചറിയാന്‍ സാധിക്കില്ല. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ പുഴകളിലെ കയങ്ങളില്‍ അകപ്പെട്ട് ജീവഹാനി സംഭവിച്ചവര്‍ അനവധിയാണ്. വേനല്‍ അവധിയായതിനാല്‍ കുട്ടികളുടെ ആഘോഷം പുഴകളിലും കടലിലും മറ്റ് ജലാശയങ്ങളിലും ഒക്കെയാണ്. അവധിയായതിനാല്‍ ബന്ധുവീടുകളില്‍ പോയി താമസിക്കുന്ന കുട്ടികള്‍ അടുത്ത് പുഴയുണ്ടെങ്കില്‍ വല്ലാത്തൊരു ആവേശത്തിലായിരിക്കും. അതേസമയം പുഴയിലെ ഒഴുക്കിനെ കുറിച്ചും കയത്തെ കുറിച്ചും ഇവര്‍ക്ക് വ്യക്തമായ ധാരണ ഉണ്ടാകണമെന്നില്ല. ഇങ്ങനെ കയത്തില്‍പെട്ട് കുട്ടികള്‍ മരണപ്പെടുന്ന സംഭവങ്ങളും ഉണ്ടാകുന്നുണ്ട്.
പുഴകളും മറ്റ് ജലാശയങ്ങളും ഉള്ള പ്രദേശങ്ങളിലുള്ള കുടുംബങ്ങളിലെ പിഞ്ചുകുട്ടികള്‍ക്ക് മേല്‍ സജീവ ശ്രദ്ധയുണ്ടായില്ലെങ്കില്‍ കുട്ടികള്‍ അപകടത്തില്‍ പെടാനുള്ള സാധ്യതയേറെയാണ്. വീട്ടുകാരുടെ കണ്ണ് തെറ്റിയാല്‍ കുഞ്ഞുങ്ങള്‍ പുഴയിലേക്ക് ഓടിപ്പോകും. അപകടത്തില്‍ പെടുമെന്ന് അറിയാവുന്നതിനാല്‍ കുട്ടികളെ പുഴയിലേക്ക് വീട്ടുകാര്‍ വിടില്ല. എന്നാല്‍ വീട്ടുകാരുടെ ഭാഗത്തുനിന്ന് ചെറിയൊരു അശ്രദ്ധയുണ്ടായാല്‍ കുട്ടികള്‍ അതൊരു അവസരമായി കണ്ട് പുഴയിലേക്ക് പോകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതുകൊണ്ട് കുട്ടികളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ വളരെയേറെ കരുതലെടുക്കേണ്ടതുണ്ട്. കയങ്ങളില്‍പെട്ടുള്ള മരണങ്ങള്‍ ഒഴിവാക്കാന്‍ അതീവ ജാഗ്രത തന്നെ ആവശ്യമാണ്.

Related Articles
Next Story
Share it