ജില്ലയിലെ സര്‍ക്കാര്‍ ആസ്പത്രികളെ പ്രതിസന്ധിയിലേക്ക് തള്ളിവിടരുത്

കാസര്‍കോട് ജില്ലയിലെ സര്‍ക്കാര്‍ ആസ്പത്രികളെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടുകൊണ്ട് ഡോക്ടര്‍മാരെയും ജീവനക്കാരെയും കൂട്ടത്തോടെ മാറ്റുന്ന പ്രവണത പാവപ്പെട്ട രോഗികളോടുള്ള വെല്ലുവിളി തന്നെയാണ്. കാഞ്ഞങ്ങാട്ട് അമ്മയും കുഞ്ഞും ആസ്പത്രി തുറന്നതോടെയാണ് ജില്ലയിലെ മറ്റ് സര്‍ക്കാര്‍ ആസ്പത്രികളില്‍ നിന്നും ഡോക്ടര്‍മാരെയും ജീവനക്കാരെയും ഈ ആസ്പത്രിയിലേക്ക് മാറ്റിക്കൊണ്ടിരിക്കുന്നത്. കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രി, കാസര്‍കോട് ജനറല്‍ ആസ്പത്രി എന്നിവിടങ്ങളില്‍ നിന്നും താലൂക്ക് ആസ്പത്രികളില്‍ നിന്നുമായി നിരവധി ഡോക്ടര്‍മാരെയും ജീവനക്കാരെയും അമ്മയും കുഞ്ഞും ആസ്പത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇതോടെ ജില്ലയിലെ മറ്റ് സര്‍ക്കാര്‍ ആസ്പത്രികളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലായിക്കഴിഞ്ഞു. […]

കാസര്‍കോട് ജില്ലയിലെ സര്‍ക്കാര്‍ ആസ്പത്രികളെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടുകൊണ്ട് ഡോക്ടര്‍മാരെയും ജീവനക്കാരെയും കൂട്ടത്തോടെ മാറ്റുന്ന പ്രവണത പാവപ്പെട്ട രോഗികളോടുള്ള വെല്ലുവിളി തന്നെയാണ്. കാഞ്ഞങ്ങാട്ട് അമ്മയും കുഞ്ഞും ആസ്പത്രി തുറന്നതോടെയാണ് ജില്ലയിലെ മറ്റ് സര്‍ക്കാര്‍ ആസ്പത്രികളില്‍ നിന്നും ഡോക്ടര്‍മാരെയും ജീവനക്കാരെയും ഈ ആസ്പത്രിയിലേക്ക് മാറ്റിക്കൊണ്ടിരിക്കുന്നത്. കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രി, കാസര്‍കോട് ജനറല്‍ ആസ്പത്രി എന്നിവിടങ്ങളില്‍ നിന്നും താലൂക്ക് ആസ്പത്രികളില്‍ നിന്നുമായി നിരവധി ഡോക്ടര്‍മാരെയും ജീവനക്കാരെയും അമ്മയും കുഞ്ഞും ആസ്പത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇതോടെ ജില്ലയിലെ മറ്റ് സര്‍ക്കാര്‍ ആസ്പത്രികളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലായിക്കഴിഞ്ഞു. അമ്മയും കുഞ്ഞും ആസ്പത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരും ജീവനക്കാരും വേണം. എന്നാല്‍ മറ്റ് സര്‍ക്കാര്‍ ആസ്പത്രികളുടെ പ്രവര്‍ത്തനങ്ങളെ താറുമാറാക്കിയുള്ള നിയമനം അംഗീകരിക്കാനാവില്ല. അമ്മയും കുഞ്ഞും ആസ്പത്രിയില്‍ സ്ത്രീരോഗവിദഗ്ധര്‍ ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാരുടെ തസ്തികകളും മറ്റ് ജീവനക്കാരുടെ തസ്തികകളും സൃഷ്ടിച്ച് പുതിയ നിയമനങ്ങള്‍ നടത്തുകയാണ് വേണ്ടത്. ഇതൊന്നും ചെയ്യാതെ മറ്റ് ആസ്പത്രികളില്‍ നിന്നും ജോലിക്രമീകരണം നടത്തി അമ്മയും കുഞ്ഞും പ്രവര്‍ത്തനം ആരംഭിച്ചതിനെതിരെ കെ.ജി.എം.ഒ.എ വിമര്‍ശനവുമായി രംഗത്തുവന്നിട്ടുണ്ട്. സര്‍ക്കാര്‍ തലത്തില്‍ യാതൊരു തരത്തിലുമുള്ള തയ്യാറെടുപ്പുകളും നടത്താതെയാണ് അമ്മയും കുഞ്ഞും ആസ്പത്രിയുടെ പ്രവര്‍ത്തനം തുടങ്ങിയതെന്നാണ് കെ.ജി.എം.ഒ.എ ആരോപിക്കുന്നത്. ജില്ലയിലെ മൊത്തം സര്‍ക്കാര്‍ ആസ്പത്രികളിലായി ഉള്ളത് വെറും ഒമ്പത് ഗൈനക്കോളജിസ്റ്റുകള്‍ മാത്രമാണ്. പുതിയ തസ്തിക സൃഷ്ടിക്കാതെ ഇവരില്‍ നിന്നും അമ്മയും കുഞ്ഞും ആസ്പത്രിയിലേക്ക് നടത്തുന്ന നിയമനം മറ്റ് സര്‍ക്കാര്‍ ആസ്പത്രികളിലെ പ്രസവചികില്‍സയിലും പ്രതിസന്ധിയുണ്ടാക്കും. തുടര്‍ച്ചയായുള്ള ജോലിക്രമീകരണങ്ങള്‍ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും കടുത്ത മാനസിക സമ്മര്‍ദവുമുണ്ടാക്കുന്നുണ്ട്. ഇപ്പോള്‍ ഒ.പി സേവനങ്ങള്‍ മാത്രമാണ് അമ്മയും കുഞ്ഞും ആസ്പത്രിയിലുള്ളത്. ഐ.പി, ഓപ്പറേഷന്‍ മുതലായവ ആരംഭിക്കുമ്പോള്‍ കൂടുതല്‍ ഡോക്ടര്‍മാരെ കൂടി മറ്റ് ആസ്പത്രികളില്‍ നിന്ന് നിയമിക്കുന്ന സാഹചര്യമുണ്ടാകും. ഇതോടെ ജില്ലയിലെ ആസ്പത്രികളില്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാകും. വെറും എട്ട് തസ്തികകള്‍ മാത്രമാണ് അമ്മയും കുഞ്ഞും ആസ്പത്രിയില്‍ സൃഷ്ടിച്ചിരിക്കുന്നത്. ഒരു സൂപ്രണ്ട്, ഒരു ക്ലര്‍ക്ക്, ഒരു ഓഫീസ് അറ്റന്റന്റ്, ഒരു ഫാര്‍മസിസ്റ്റ്, നാല് നഴ്സിങ്ങ് ഓഫീസര്‍മാര്‍ എന്നിങ്ങനെയാണ് തസ്തിക. ഇതില്‍ സൂപ്രണ്ട് ഒഴിച്ച് ഒരു ഡോക്ടറുടെ തസ്തിക പോലും സൃഷ്ടിച്ചിട്ടില്ല. കാസര്‍കോട് ജില്ലയിലെ ആരോഗ്യമേഖലയോട് അധികാരികള്‍ കാണിക്കുന്ന വിവേചനം പാലക്കാട്ടെ അമ്മയും കുഞ്ഞും ആസ്പത്രിയുടെ മികവ് വിലയിരുത്തുമ്പോള്‍ മനസിലാകുന്നുണ്ട്. അവിടെ എട്ട് ഗൈനക്കോളജിസ്റ്റുമാരുടെ തസ്തിക സൃഷ്ടിച്ച് നിയമനവും നടത്തിക്കഴിഞ്ഞു. അവിടത്തെ മറ്റ് സര്‍ക്കാര്‍ ആസ്പത്രികളില്‍ നിന്ന് ഡോക്ടര്‍മാരെ മാറ്റാതെയാണ് നിയമനം നടത്തിയിരിക്കുന്നത്. എന്നാല്‍ കാസര്‍കോട് ജില്ലയുടെ കാര്യമെത്തിയപ്പോള്‍ ഒരു ആരോഗ്യസംവിധാനത്തെ മെച്ചപ്പെടുത്താന്‍ മറ്റ് ആരോഗ്യസംവിധാനങ്ങളെ തകിടം മറിക്കുന്നു. അധികാരികളുടെ ഇത്തരം നയങ്ങള്‍ തിരുത്തിക്കാന്‍ ആവശ്യമായ ഇടപെടലുകള്‍ ജില്ലയിലെ ജനപ്രതിനിധികളുടെയും രാഷ്ട്രീയപാര്‍ട്ടികളുടെയും പൊതുസമൂഹത്തിന്റെയും ഭാഗത്തുനിന്ന് ഉണ്ടാകണം.

Related Articles
Next Story
Share it