ക്ഷേമപെന്‍ഷന്റെ പേരില്‍ വയോജനങ്ങളെ കഷ്ടപ്പെടുത്തരുത്

പൊതുജനങ്ങളില്‍ ഏറ്റവും കൂടുതല്‍ കരുതലും പരിഗണനയും ലഭിക്കേണ്ട ഒരു വിഭാഗമാണ് വയോജനങ്ങള്‍. വാര്‍ധക്യസഹജമായ അസുഖങ്ങളും ശാരീരിക ദൗര്‍ബല്യങ്ങളും അതുമൂലമുള്ള മാനസിക പ്രയാസങ്ങളും അനുഭവിക്കുന്ന വയോധികരെ സാമൂഹ്യക്ഷേമപെന്‍ഷന്റെ പേരില്‍ ബുദ്ധിമുട്ടിക്കുന്ന നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഒരിക്കലും ഉണ്ടായിക്കൂടാത്തതാണ്. നിര്‍ഭാഗ്യവശാല്‍ വയോജനങ്ങള്‍ക്ക് ക്ഷേമപെന്‍ഷനോട് തന്നെ മടുപ്പ് തോന്നുന്ന വിധത്തിലുള്ള പുതിയ നടപടിക്രമങ്ങളാണ് വയോജനങ്ങള്‍ക്ക് മേല്‍ അധികാരികള്‍ അടിച്ചേല്‍പ്പിക്കുന്നത്.പെന്‍ഷന്‍ ലഭിക്കണമെങ്കില്‍ മസ്റ്ററിങ്ങ് നിര്‍ബന്ധമാക്കിയതാണ് വയോജനങ്ങളെ വട്ടംചുറ്റിക്കുന്നത്. ജീവിച്ചിരിക്കുന്നുവെന്ന് സര്‍ക്കാരിനെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നടപടി. ഇതോടെ അക്ഷയകേന്ദ്രങ്ങളില്‍ വന്‍ തിരക്ക് അനുഭവപ്പെട്ടുതുടങ്ങിയിരിക്കുകയാണ്. […]

പൊതുജനങ്ങളില്‍ ഏറ്റവും കൂടുതല്‍ കരുതലും പരിഗണനയും ലഭിക്കേണ്ട ഒരു വിഭാഗമാണ് വയോജനങ്ങള്‍. വാര്‍ധക്യസഹജമായ അസുഖങ്ങളും ശാരീരിക ദൗര്‍ബല്യങ്ങളും അതുമൂലമുള്ള മാനസിക പ്രയാസങ്ങളും അനുഭവിക്കുന്ന വയോധികരെ സാമൂഹ്യക്ഷേമപെന്‍ഷന്റെ പേരില്‍ ബുദ്ധിമുട്ടിക്കുന്ന നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഒരിക്കലും ഉണ്ടായിക്കൂടാത്തതാണ്. നിര്‍ഭാഗ്യവശാല്‍ വയോജനങ്ങള്‍ക്ക് ക്ഷേമപെന്‍ഷനോട് തന്നെ മടുപ്പ് തോന്നുന്ന വിധത്തിലുള്ള പുതിയ നടപടിക്രമങ്ങളാണ് വയോജനങ്ങള്‍ക്ക് മേല്‍ അധികാരികള്‍ അടിച്ചേല്‍പ്പിക്കുന്നത്.
പെന്‍ഷന്‍ ലഭിക്കണമെങ്കില്‍ മസ്റ്ററിങ്ങ് നിര്‍ബന്ധമാക്കിയതാണ് വയോജനങ്ങളെ വട്ടംചുറ്റിക്കുന്നത്. ജീവിച്ചിരിക്കുന്നുവെന്ന് സര്‍ക്കാരിനെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നടപടി. ഇതോടെ അക്ഷയകേന്ദ്രങ്ങളില്‍ വന്‍ തിരക്ക് അനുഭവപ്പെട്ടുതുടങ്ങിയിരിക്കുകയാണ്. അതിരാവിലെ തന്നെ അക്ഷയകേന്ദ്രങ്ങളിലെത്തി വായോജനങ്ങള്‍ക്ക് മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവരുന്നു. പല തരത്തിലുള്ള അസുഖങ്ങളും ശാരീരിക അസ്വസ്ഥതകളും ഉള്ളവര്‍ക്ക് ഇതുണ്ടാക്കുന്ന ബുദ്ധിമുട്ട് വിവരണാതീതമാണ്. എല്ലാവര്‍ക്കും ഇവിടെ ഇരിക്കാനുള്ള സൗകര്യമുണ്ടാകില്ല. തിരക്ക് കൂടുമ്പോള്‍ ഭൂരിഭാഗം പേര്‍ക്കും നില്‍ക്കേണ്ടിവരുന്നു.
സെര്‍വര്‍ തകരാറിലാകുമ്പോള്‍ മസ്റ്ററിങ്ങ് ചെയ്യാന്‍ സാധിക്കാതെ വയോജനങ്ങള്‍ക്ക് മടങ്ങിപ്പോകേണ്ടിവരുന്നു. അക്ഷയകേന്ദ്രങ്ങളില്‍ തുടര്‍ച്ചയായുണ്ടാകുന്ന ഇത്തരം സാങ്കേതിക തടസങ്ങള്‍ വയോജനങ്ങളെ സംബന്ധിച്ചിടത്തോളം അഗ്‌നിപരീക്ഷണം തന്നെയാണ്. ഏപ്രില്‍ ഒന്നിന് പെന്‍ഷന്‍ മസ്റ്ററിങ്ങ് തുടങ്ങി വെറും ഒരാഴ്ച കഴിയുമ്പോഴാണ് രണ്ടുതവണ സെര്‍വര്‍ തകരാറിലാകുന്നത്. ഇതോടെ പെന്‍ഷന്‍ മസ്റ്ററിങ്ങ് തടസപ്പെടുന്നു. പല തരത്തിലുള്ള കാരണങ്ങള്‍ കൊണ്ട് ബയോമെട്രിക് വിവരങ്ങള്‍ സ്‌കാന്‍ ചെയ്യുന്നതില്‍ സാങ്കേതിക പ്രശ്നങ്ങളുണ്ടാകുന്നത് മസ്റ്ററിങ്ങ് വൈകിപ്പിക്കുന്നതിന് ഇടവരുത്തുകയാണ്. നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ ആധാര്‍ സെര്‍വറില്‍ അറ്റകുറ്റപണി നടത്തിയതുകാരണമാണ് ഇത്തവണ സാങ്കേതികതടസമുണ്ടായതെന്നാണ് ഇക്കാര്യത്തില്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം.
കേരളത്തില്‍ സാമൂഹിക പെന്‍ഷന്‍ കൈപ്പറ്റുന്നത് 64.5 ലക്ഷത്തിലേറെ പേരാണ്. എന്നാല്‍ മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കിയത് വെറും 1.87 ലക്ഷം പേര്‍ മാത്രമാണ്. 97 ശതമാനം പേര്‍ക്കും മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. സര്‍ക്കാര്‍ മസ്റ്ററിങ്ങിന്റെ ചുമതല നല്‍കിയിരിക്കുന്നത് അക്ഷയ കേന്ദ്രങ്ങള്‍ക്ക് മാത്രമാണ്. ഗുണഭോക്താക്കളുടെ എണ്ണത്തിനനുസരിച്ചുള്ള അക്ഷയകേന്ദ്രങ്ങള്‍ ഇല്ലാത്തതും തിരക്ക് കൂടാന്‍ കാരണമാണ്. ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്നാണ് അര്‍ഹതപ്പെട്ടവര്‍ക്ക് ക്ഷേമപെന്‍ഷന്‍ നല്‍കുന്നത്. ഇത് ഒരു ഔദാര്യം പോലെ കണ്ട് വയോജനങ്ങളെ ഇങ്ങനെ പ്രയാസപ്പെടുത്തുന്നത് ശരിയായ രീതിയല്ല എന്ന് മാത്രമേ പറയാനുള്ളൂ.

Related Articles
Next Story
Share it