ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് കര്‍ശന നിയന്ത്രണം അനിവാര്യം

കുട്ടികളുടെ ഭാവി അപകടത്തിലാക്കുന്ന ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ്. വാതുവെപ്പ്, ചൂതാട്ടം എന്നിവ നടത്തുന്ന ഓണ്‍ലൈന്‍ ഗെയിമുകള്‍ പൂര്‍ണമായി നിരോധിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. കുട്ടികളെ മാനസികസംഘര്‍ഷത്തിലേക്ക് തള്ളിവിട്ട് ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്ന ബ്ലൂവെയില്‍ ഗെയിം അടക്കമുള്ള ഏതാനും ഗെയിമുകള്‍ക്ക് മുമ്പ് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ കുട്ടികളെ പഠനത്തില്‍ പോലും പിറകോട്ടടുപ്പിച്ചുകൊണ്ട് പല തരത്തിലുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ ഇപ്പോഴും സജീവമാണ്. ഇത്തരം ഗെയിമുകള്‍ കാരണം പണം നഷ്ടപ്പെടുന്നത് കുടുംബങ്ങളില്‍ വലിയ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. ഓണ്‍ലൈന്‍ ഗെയിം […]

കുട്ടികളുടെ ഭാവി അപകടത്തിലാക്കുന്ന ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ്. വാതുവെപ്പ്, ചൂതാട്ടം എന്നിവ നടത്തുന്ന ഓണ്‍ലൈന്‍ ഗെയിമുകള്‍ പൂര്‍ണമായി നിരോധിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. കുട്ടികളെ മാനസികസംഘര്‍ഷത്തിലേക്ക് തള്ളിവിട്ട് ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്ന ബ്ലൂവെയില്‍ ഗെയിം അടക്കമുള്ള ഏതാനും ഗെയിമുകള്‍ക്ക് മുമ്പ് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ കുട്ടികളെ പഠനത്തില്‍ പോലും പിറകോട്ടടുപ്പിച്ചുകൊണ്ട് പല തരത്തിലുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ ഇപ്പോഴും സജീവമാണ്. ഇത്തരം ഗെയിമുകള്‍ കാരണം പണം നഷ്ടപ്പെടുന്നത് കുടുംബങ്ങളില്‍ വലിയ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. ഓണ്‍ലൈന്‍ ഗെയിം കളിച്ച് രക്ഷിതാക്കള്‍ക്ക് സാമ്പത്തിക ബാധ്യത വരുത്തുന്ന കുട്ടികള്‍ ഏറെയാണ്. ഇക്കാരണത്താല്‍ ആത്മഹത്യ ചെയ്ത കുട്ടികളുടെ എണ്ണവും കുറവല്ല. പതിനെട്ടുവയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഗെയിം കളിക്കുന്നതിന് രക്ഷിതാക്കളുടെ അനുമതി വേണമെന്നും വ്യവസായ പ്രതിനിധികള്‍, വിദ്യാഭ്യാസ വിദഗ്ധര്‍, ശിശു വിദഗ്ധര്‍, മനശാസ്ത്ര വിദഗ്ധര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന സ്വയംനിയന്ത്രിത സംവിധാനമാണ് കാര്യങ്ങള്‍ നിയന്ത്രിക്കുകയെന്നും കേന്ദ്ര ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ വിശദീകരിക്കുന്നു. വാതുവെപ്പ് നടത്തുന്നുണ്ടോ ഇല്ലയോ എന്നതിന്റെ അടിസ്ഥാനത്തില്‍ ഏതെല്ലാം ഓണ്‍ലൈന്‍ ഗെയിമുകളാണ് അനുവദനീയമെന്ന് തീരുമാനിക്കുന്ന ചുമതല ഈ സംവിധാനത്തിനായിരിക്കും. സര്‍ക്കാര്‍ ആവശ്യപ്പെടുമ്പോള്‍ ചട്ടവിരുദ്ധ ഉള്ളടക്കം നീക്കം ചെയ്യുന്നതിലൂടെ കമ്പനിക്ക് സേഫ് ഹാര്‍ബര്‍ എന്ന നിയമപരമായ സുരക്ഷ ലഭിക്കുന്നുണ്ട്. പുതിയ നയങ്ങള്‍ പാലിക്കാത്ത ഗെയിമിങ്ങ് സ്ഥാപനങ്ങള്‍ക്ക് സേഫ് ഹാര്‍ബര്‍ പരിരക്ഷ നഷ്ടമാകുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കുന്നു.പണം വെച്ച് കളിക്കുന്ന ഓണ്‍ലൈന്‍ ഗെയിമുകളുടെ കെണികളില്‍ കുട്ടികള്‍ വേഗത്തില്‍ അകപ്പെടുകയാണ് ചെയ്യുന്നത്. ഇത്തരം ഗെയിമുകള്‍ കളിക്കുന്നതിനായി രക്ഷിതാക്കളുടെ പണം മോഷ്ടിക്കുന്ന കുട്ടികളുടെ എണ്ണം പെരുകുന്നുണ്ട്. പണം വെച്ച് കളിക്കുന്ന ഗെയിമുകള്‍ക്ക് മാത്രമാണ് നിയന്ത്രണമെന്ന് കേന്ദ്രമന്ത്രി പറയുന്നു. അതേ സമയം മറ്റ് ഗെയിമുകളും കുട്ടികളില്‍ അപകടകരമായ സ്വാധീനമാണ് ചെലുത്തുന്നത്. പരീക്ഷാകാലത്ത് പോലും അക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കാതെ ഓണ്‍ലൈന്‍ ഗെയിമിന് പ്രാധാന്യം കൊടുക്കുന്ന കുട്ടികള്‍ നിരവധിയാണ്. വേനല്‍ അവധിക്കാലമായതിനാല്‍ രണ്ടുമാസക്കാലം സ്‌കൂളില്‍ പോകേണ്ടാത്തതിനാല്‍ മിക്ക സമയങ്ങളിലും കുട്ടികള്‍ ഓണ്‍ലൈന്‍ ഗെയിമില്‍ മുഴുകാനുള്ള സാധ്യതയേറെയാണ്. ഈ സാഹചര്യത്തില്‍ കുട്ടികളുടെ കാര്യത്തില്‍ രക്ഷിതാക്കളുടെ ശ്രദ്ധയും നിരീക്ഷണവും ആവശ്യമാണ്. ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കെതിരെ അധികാരികള്‍ സ്വീകരിക്കുന്ന നടപടികള്‍ക്കൊപ്പം തന്നെ രക്ഷിതാക്കളുടെ ജാഗ്രതയും ഇടപെടലും അനിവാര്യം തന്നെയാണ്.

Related Articles
Next Story
Share it