സുപ്രീംകോടതി നടപടി മാധ്യമ സ്വാതന്ത്ര്യത്തിന് കരുത്ത് പകരും

മീഡിയ വണ്ണിന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് റദ്ദാക്കിക്കൊണ്ട് സുപ്രീംകോടതി നടത്തിയ നിരീക്ഷണങ്ങള്‍ മാധ്യമരംഗത്ത് നല്‍കുന്ന ആത്മവിശ്വാസം വിലമതിക്കാനാകാത്തതാണ്. മാധ്യമങ്ങള്‍ക്ക് നേരെ സര്‍ക്കാരുകളുടെ അനാവശ്യ നിയന്ത്രണങ്ങള്‍ പാടില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. ദേശസുരക്ഷയുടെ പേര് പറഞ്ഞാണ് മീഡിയവണ്‍ ചാനലിന് കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്. വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് മീഡിയാവണ്‍ മാനേജ്‌മെന്റ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ചാനല്‍ ലൈസന്‍സ് പുതുക്കി നല്‍കാനും അധികാരികള്‍ തയ്യാറായിരുന്നില്ല. മീഡിയാവണ്ണിന്റെ ലൈസന്‍സ് നാലാഴ്ചക്കകം പുതുക്കി നല്‍കണമെന്നാണ് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. കേന്ദ്രം സമര്‍പ്പിച്ച മുദ്രവെച്ച കവറിന്റെ ഉള്ളടക്കം മാത്രം അവലംബിച്ച് […]

മീഡിയ വണ്ണിന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് റദ്ദാക്കിക്കൊണ്ട് സുപ്രീംകോടതി നടത്തിയ നിരീക്ഷണങ്ങള്‍ മാധ്യമരംഗത്ത് നല്‍കുന്ന ആത്മവിശ്വാസം വിലമതിക്കാനാകാത്തതാണ്. മാധ്യമങ്ങള്‍ക്ക് നേരെ സര്‍ക്കാരുകളുടെ അനാവശ്യ നിയന്ത്രണങ്ങള്‍ പാടില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. ദേശസുരക്ഷയുടെ പേര് പറഞ്ഞാണ് മീഡിയവണ്‍ ചാനലിന് കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്. വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് മീഡിയാവണ്‍ മാനേജ്‌മെന്റ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ചാനല്‍ ലൈസന്‍സ് പുതുക്കി നല്‍കാനും അധികാരികള്‍ തയ്യാറായിരുന്നില്ല. മീഡിയാവണ്ണിന്റെ ലൈസന്‍സ് നാലാഴ്ചക്കകം പുതുക്കി നല്‍കണമെന്നാണ് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. കേന്ദ്രം സമര്‍പ്പിച്ച മുദ്രവെച്ച കവറിന്റെ ഉള്ളടക്കം മാത്രം അവലംബിച്ച് ചാനലിന് സുരക്ഷാ ക്ലിയറന്‍സ് നിഷേധിച്ച ഹൈക്കോടതി നടപടി നീതീകരിക്കാനാകില്ലെന്ന് വിധിന്യായത്തില്‍ എടുത്തുപറയുന്നുണ്ട്. കേവലം ദേശസുരക്ഷയുടെ പേര് പറഞ്ഞ് പൗരാവകാശങ്ങള്‍ നിഷേധിക്കാന്‍ സ്റ്റേറ്റിന് അധികാരമില്ലെന്നും വിധിയില്‍ വ്യക്തമാക്കുന്നു.
കേന്ദ്രസര്‍ക്കാരിന്റെ നടപടികളെ വിമര്‍ശിക്കുന്നു എന്നത് കൊണ്ട് അത്തരം വാര്‍ത്തകളെ ദേശവിരുദ്ധമായി കണക്കാക്കാന്‍ കഴിയില്ലെന്ന സുപ്രീംകോടതി വിലയിരുത്തല്‍ ഇനിയെങ്കിലും ഇതിന്റെ പേരില്‍ മാധ്യമങ്ങള്‍ക്കെതിരെയുള്ള കടന്നാക്രമണങ്ങളില്‍ നിന്ന് പിന്തിരിയാന്‍ അധികാരികളെ പ്രേരിപ്പിക്കുമെന്ന് വിലയിരുത്താം. പൗരത്വഭേദഗതി നിയമം, ദേശീയപൗരത്വ രജിസ്റ്റര്‍, ജുഡീഷ്യറിയെയും സ്റ്റേറ്റിനെയും കുറിച്ചുള്ള വിമര്‍ശനം തുടങ്ങിയവയൊന്നും ഏതൊരു മാധ്യമത്തിനും പ്രവര്‍ത്തിക്കുന്നതിന് വിലക്കേര്‍പ്പെടുത്താനുള്ള ന്യായമായ കാരണങ്ങളല്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാണിക്കുന്നു. ഒരു ജനാധിപത്യ റിപ്പബ്ലിക്കിന്റെ സുതാര്യപ്രവര്‍ത്തനത്തിന് സ്വതന്ത്ര മാധ്യമങ്ങള്‍ അതിപ്രധാനമാണെന്നും സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്നത് കൊണ്ടുമാത്രം മാധ്യമങ്ങളുടെ പ്രവര്‍ത്തനം തടസപ്പെടുത്തുന്നത് അനീതിയാണെന്നും പരമോന്നത നീതിപീഠം വിലയിരുത്തുന്നു. രാജ്യത്ത് പൊതുവെ മാധ്യമസ്വാതന്ത്ര്യം കടുത്ത അഗ്‌നിപരീക്ഷണങ്ങളിലൂടെയാണ് കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നത്. മീഡിയാവണിന് പുറമെ മറ്റ് മൂന്ന് ചാനലുകള്‍ക്ക് കൂടി കേന്ദ്രം വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിന് പുറമെ പല മാധ്യമങ്ങളെയും കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ട് ശ്വാസം മുട്ടിക്കുകയും ചെയ്യുന്നു. ഭരണകൂടത്തെക്കുറിച്ച് മാധ്യമങ്ങള്‍ നല്ലതുമാത്രമേ പറയാവൂ എന്നും അത്തരം മാധ്യമങ്ങളെ മാത്രമേ നിലനിര്‍ത്തൂവെന്നുമുള്ള മനോഭാവം ജനാധിപത്യത്തില്‍ ഭൂഷണമല്ല. തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് വാര്‍ത്തകള്‍ നല്‍കാത്ത മാധ്യമങ്ങളെ ഇല്ലാതാക്കുന്നതിനുള്ള ഭരണകൂട പദ്ധതികള്‍ വിജയിച്ചാല്‍ അവിടെ പരാജയപ്പെടുന്നത് മാധ്യമസ്വാതന്ത്ര്യം മാത്രമല്ല, ജനാധിപത്യവും ഭരണഘടനയും കൂടിയാണ്. മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ സുപ്രീംകോടതി ഉയര്‍ന്ന നീതിബോധത്തോടെ നടത്തിയ ഇടപെടല്‍ നീതിനിഷേധങ്ങള്‍ക്കെതിരെ തുടര്‍ന്നും പൊരുതാന്‍ മാധ്യമങ്ങള്‍ക്ക് ശക്തി നല്‍കും.

Related Articles
Next Story
Share it