വന്യജീവി സംരക്ഷണത്തിനൊപ്പം മനുഷ്യസംരക്ഷണവും പരമപ്രധാനം

കഴിഞ്ഞ ദിവസം കുറ്റിക്കോലില്‍ നടന്ന വനസൗഹൃദസദസ് വന്യജീവിസംരക്ഷണത്തിനൊപ്പം മനുഷ്യസംരക്ഷണവും പരമപ്രധാനമാണെന്ന ചിന്തയിലൂന്നിയ സംവാദത്തിനാണ് വഴിയൊരുക്കിയത്. വന്യജീവികളെ സംരക്ഷിക്കുന്നതിന് വേണ്ടി നിലവിലുള്ള നടപടിക്രമങ്ങള്‍ ഫലപ്രദമല്ലെന്നത് ഒരു യാഥാര്‍ഥ്യമാണ്. വന്യജീവികളുടെ അക്രമണങ്ങളില്‍ നിന്ന് മനുഷ്യര്‍ക്ക് സംരക്ഷണമൊരുക്കുന്നതിലും അധികാരകേന്ദ്രങ്ങളുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയാണ് ഉണ്ടാകുന്നത്. ഈ വിഷയങ്ങളിലുള്ള പോരായ്മകളും പരിഹാരമാര്‍ഗങ്ങളും വനസൗഹൃദസദസില്‍ ഗൗരവമേറിയ ചര്‍ച്ചകള്‍ക്കാണ് ഇടവരുത്തിയത്. ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞ കാര്യങ്ങള്‍ ഏറെ പ്രസക്തമാണ്.മനുഷ്യനെ മറന്നുകൊണ്ടുള്ള വന്യജീവിസംരക്ഷണവും വന്യജീവികളെ മറന്നുകൊണ്ടുള്ള മനുഷ്യരുടെ സംരക്ഷണവും എന്നൊരു നിലപാട് […]

കഴിഞ്ഞ ദിവസം കുറ്റിക്കോലില്‍ നടന്ന വനസൗഹൃദസദസ് വന്യജീവിസംരക്ഷണത്തിനൊപ്പം മനുഷ്യസംരക്ഷണവും പരമപ്രധാനമാണെന്ന ചിന്തയിലൂന്നിയ സംവാദത്തിനാണ് വഴിയൊരുക്കിയത്. വന്യജീവികളെ സംരക്ഷിക്കുന്നതിന് വേണ്ടി നിലവിലുള്ള നടപടിക്രമങ്ങള്‍ ഫലപ്രദമല്ലെന്നത് ഒരു യാഥാര്‍ഥ്യമാണ്. വന്യജീവികളുടെ അക്രമണങ്ങളില്‍ നിന്ന് മനുഷ്യര്‍ക്ക് സംരക്ഷണമൊരുക്കുന്നതിലും അധികാരകേന്ദ്രങ്ങളുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയാണ് ഉണ്ടാകുന്നത്. ഈ വിഷയങ്ങളിലുള്ള പോരായ്മകളും പരിഹാരമാര്‍ഗങ്ങളും വനസൗഹൃദസദസില്‍ ഗൗരവമേറിയ ചര്‍ച്ചകള്‍ക്കാണ് ഇടവരുത്തിയത്. ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞ കാര്യങ്ങള്‍ ഏറെ പ്രസക്തമാണ്.
മനുഷ്യനെ മറന്നുകൊണ്ടുള്ള വന്യജീവിസംരക്ഷണവും വന്യജീവികളെ മറന്നുകൊണ്ടുള്ള മനുഷ്യരുടെ സംരക്ഷണവും എന്നൊരു നിലപാട് സര്‍ക്കാരിന് സ്വീകരിക്കാന്‍ കഴിയില്ലെന്നും ഇക്കാര്യത്തില്‍ സന്തുലിതമായ നിലപാടാണ് സ്വീകാര്യമെന്നുമാണ് മന്ത്രി വ്യക്തമാക്കിയത്. കാസര്‍കോട് ജില്ലയില്‍ വന്യജീവികളുടെ അക്രമണങ്ങള്‍ കാരണം ജനങ്ങള്‍ക്കുണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ മന്ത്രിയുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ജില്ലയിലെ അതിര്‍ത്തിപ്രദേശങ്ങളിലാണ് വന്യജീവികളുടെ അക്രമണവും ശല്യവും രൂക്ഷമായി തുടരുന്നത്. കാട്ടാനകളുടെയും കാട്ടുപന്നികളുടെയും കുരങ്ങുകളുടെയും ശല്യമാണ് കൂടുതലും. ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വനമേഖലകളോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളില്‍ കാട്ടാനകളുടെ പരാക്രമം പതിവാണ്. വന്‍തോതിലാണ് ആനകള്‍ കൃഷി നശിപ്പിക്കുന്നത്. കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവര്‍ക്ക് ആനകളുടെ ശല്യം കാരണം ഉപജീവനമാര്‍ഗം വഴിമുട്ടുന്ന സ്ഥിതിയാണുള്ളത്. കാട്ടാനകളുടെ ശല്യം തടയുന്നതിന് വനംവകുപ്പ് സ്വീകരിക്കുന്ന നടപടികള്‍ ഉദ്ദേശിച്ച ഫലം ചെയ്യുന്നില്ല. സൗരോര്‍ജവേലികള്‍ അടക്കം പരീക്ഷിച്ചിരുന്നുവെങ്കിലും ഇതൊന്നും ഫലവത്താകുന്നില്ല.
കാടിറങ്ങി വരുന്ന ആനകളെ തുരത്തിയോടിച്ചാലും അവ വീണ്ടും വരികയാണ്. താല്‍ക്കാലികമായി പോലും പ്രശ്നം പരിഹരിക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. കാട്ടാന അക്രമണം, കാട്ടുപന്നി, കുരങ്ങ് എന്നിവയുടെ ശല്യം, വനഭൂമിയിലെ റോഡ് നവീകരണം, കുടിവെള്ള പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനുള്ള അനുമതി, വന്യജീവി അക്രമണം നേരിടുന്നവര്‍ക്കുള്ള നഷ്ടപരിഹാരം, മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള ആശ്വാസധനം വര്‍ധിപ്പിക്കല്‍, വനമേഖലയോട് ചേര്‍ന്നുള്ള ഇക്കോ ടൂറിസം പദ്ധതി, വനത്തെ അറിയുന്നവരെ വാച്ചര്‍മാരായി നിയമിക്കുക എന്നിങ്ങനെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ ഉന്നയിച്ച എല്ലാ വിഷയങ്ങളിലും 15 ദിവസത്തിനകം നടപടിയുണ്ടാകുമെന്ന് മന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്. ഈ ഉറപ്പ് എത്രയും വേഗം യാഥാര്‍ഥ്യമാക്കുന്നതിനുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്.
കൃഷി നശിപ്പിക്കുന്നതില്‍ മുന്‍പന്തിയിലുള്ളത് ആനകളാണെങ്കിലും മനുഷ്യജീവന് തന്നെ ആപത്ത് കാട്ടുപന്നികളാണ്. കാട്ടുപന്നികളുടെ അക്രമണങ്ങള്‍ക്ക് ഇരകളായി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിരവധി പേര്‍ മരണപ്പെട്ടിട്ടുണ്ട്. കാട്ടുപന്നികളെ കൊല്ലേണ്ടത് മനുഷ്യസംരക്ഷണത്തിന് പ്രധാനമാണെങ്കിലും നിരുപദ്രവകാരികളായ വന്യജീവികളെ മാംസത്തിന് വേണ്ടി വേട്ടയാടി കൊല്ലുന്ന സംഭവങ്ങള്‍ ഏറെയാണ്. ഇക്കൂട്ടത്തില്‍ വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളെയും കൊല്ലുന്നുണ്ട്. മനുഷ്യര്‍ക്കും പ്രകൃതിയുടെ സന്തുലിതാവസ്ഥക്ക് വേണ്ടി വന്യജീവികള്‍ക്കും സംരക്ഷണം നല്‍കുകയെന്ന ദൗത്യം കുറ്റമറ്റ രീതിയില്‍ നിറവേറ്റാന്‍ അധികാരികള്‍ക്ക് സാധിക്കണം.

Related Articles
Next Story
Share it