യാത്രക്കാരുടെ സുരക്ഷ വലിയ ഉത്തരവാദിത്വം

കഴിഞ്ഞ ദിവസം കേരളത്തില്‍ ഓടുന്ന തീവണ്ടിയിലുണ്ടായ തീവെപ്പ് രാജ്യത്തെ ഒട്ടാകെ അമ്പരപ്പിച്ച സംഭവമാണ്. മൂന്ന് യാത്രക്കാരുടെ മരണം സംഭവിക്കാനും ഒമ്പതുപേര്‍ക്ക് ഗുരുതരമായി പൊളളലേല്‍ക്കാനുമാണ് ഈ സംഭവം ഇടവരുത്തിയിരിക്കുന്നത്. ട്രെയിനിന് തീവെച്ചതോടെ രക്ഷപ്പെടാനുള്ള വെപ്രാളത്തില്‍ പാളത്തിലേക്ക് ചാടിയപ്പോഴാണ് പിഞ്ചുകുഞ്ഞ് അടക്കം മൂന്ന് ജീവനുകള്‍ പൊലിഞ്ഞുപോയത്. ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ റിസര്‍വേഷന്‍ കമ്പാര്‍ട്ടുമെന്റില്‍ കയറി തീവെപ്പ് നടത്തിയ പ്രതിക്ക് എളുപ്പത്തില്‍ രക്ഷപ്പെടാനും സാധിച്ചു. ഇയാളുടെ രേഖാചിത്രം തയ്യാറാക്കി പൊലീസ് അന്വേഷണം നടത്തിവരികയാണ്. എന്‍.ഐ.എയും അന്വേഷണം നടത്തുന്നുണ്ട്. ഒരാളെ മാത്രം ലക്ഷ്യം […]

കഴിഞ്ഞ ദിവസം കേരളത്തില്‍ ഓടുന്ന തീവണ്ടിയിലുണ്ടായ തീവെപ്പ് രാജ്യത്തെ ഒട്ടാകെ അമ്പരപ്പിച്ച സംഭവമാണ്. മൂന്ന് യാത്രക്കാരുടെ മരണം സംഭവിക്കാനും ഒമ്പതുപേര്‍ക്ക് ഗുരുതരമായി പൊളളലേല്‍ക്കാനുമാണ് ഈ സംഭവം ഇടവരുത്തിയിരിക്കുന്നത്. ട്രെയിനിന് തീവെച്ചതോടെ രക്ഷപ്പെടാനുള്ള വെപ്രാളത്തില്‍ പാളത്തിലേക്ക് ചാടിയപ്പോഴാണ് പിഞ്ചുകുഞ്ഞ് അടക്കം മൂന്ന് ജീവനുകള്‍ പൊലിഞ്ഞുപോയത്. ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ റിസര്‍വേഷന്‍ കമ്പാര്‍ട്ടുമെന്റില്‍ കയറി തീവെപ്പ് നടത്തിയ പ്രതിക്ക് എളുപ്പത്തില്‍ രക്ഷപ്പെടാനും സാധിച്ചു. ഇയാളുടെ രേഖാചിത്രം തയ്യാറാക്കി പൊലീസ് അന്വേഷണം നടത്തിവരികയാണ്. എന്‍.ഐ.എയും അന്വേഷണം നടത്തുന്നുണ്ട്. ഒരാളെ മാത്രം ലക്ഷ്യം വെച്ചുള്ള അക്രമണം ആയിരുന്നില്ല ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ ഉണ്ടായത്. യാത്രക്കാര്‍ക്കെല്ലാം നേരെയാണ് പെട്രോള്‍ ഒഴിച്ചത്. ട്രെയിനില്‍ യാത്ര ചെയ്യുന്നവരുടെ ജീവന്‍ അപകടത്തിലാണെന്ന് ഈ സംഭവം ഒരിക്കല്‍ കൂടി തെളിയിക്കുന്നു. പൊതുവെ ട്രെയിന്‍ യാത്ര അരക്ഷിതാവസ്ഥയില്‍ തന്നെയാണ്. ട്രെയിനുകള്‍ക്ക് നേരെ കല്ലേറ് നടക്കുന്നതും പാളത്തില്‍ കല്ലുകള്‍ നിരത്തിവെക്കുന്നതും പതിവായി മാറുകയാണ്. കല്ലേറില്‍ ട്രെയിന്‍ യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുന്ന സംഭവങ്ങളും ഉണ്ടാകുന്നുണ്ട്. എന്നാല്‍ അത്തരം സംഭവങ്ങളെക്കാള്‍ ഗുരുതരമായ സ്ഥിതിവിശേഷം തന്നെയാണ് ട്രെയിനില്‍ തീവെപ്പുണ്ടായ സംഭവം. 2011 ഫെബ്രുവരി ഒന്നിന് എറണാകുളം-ഷൊര്‍ണൂര്‍ പാസഞ്ചറില്‍ നിന്ന് സൗമ്യ എന്ന യുവതിയെ തള്ളിയിട്ട് ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന്റെ നടുക്കം ഇപ്പോഴും മലയാളികളിലുണ്ട്. ആ സംഭവത്തിന് ശേഷമാണ് നടുക്കുന്ന മറ്റൊരു ഹീനകൃത്യം കഴിഞ്ഞ ദിവസം ട്രെയിനില്‍ അരങ്ങേറിയത്. സൗമ്യയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ഗോവിന്ദച്ചാമി ഇപ്പോള്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുകൊണ്ട് ജയില്‍ കഴിയുകയാണ്. സൗമ്യ വധം സൃഷ്ടിച്ച കോളിളക്കത്തിനിടെ ചര്‍ച്ച ചെയ്ത പ്രധാനപ്പെട്ട ചര്‍ച്ച റെയില്‍വെയുടെ സുരക്ഷ സംബന്ധിച്ച് തന്നെയായിരുന്നു. സൗമ്യ വധത്തിന്റെ പശ്ചാത്തലത്തില്‍ ട്രെയിനിലെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നെങ്കിലും അവശ്യത്തിന് ജീവനക്കാര്‍ ഇല്ലാതിരുന്നതിനാല്‍ തുടര്‍ നടപടികളൊന്നുമുണ്ടായില്ല. രാത്രികാലങ്ങളിലെ ട്രെയിന്‍ യാത്രക്കാണ് കൂടുതല്‍ സുരക്ഷിതത്വം ആവശ്യമുള്ളത്. ട്രെയിനുകളിലെ ജനറല്‍ കമ്പാര്‍ട്ടുമെന്റുകളില്‍ രാത്രികാലങ്ങളില്‍ സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമാണ്. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരികളില്‍ ഇവര്‍ ട്രെയിനുകളില്‍ അതിക്രമങ്ങള്‍ നടത്തുന്നു.സ്ത്രീകളാണ് കൂടുതലും ഇത്തരക്കാരുടെ ഇരകളായി മാറുന്നത്. മാവേലി, മലബാര്‍ എക്സ്പ്രസുകളില്‍ ജനറല്‍ കമ്പാര്‍ട്ടുമെന്റുകളില്‍ രാത്രികാല യാത്ര നടത്തുന്ന പലര്‍ക്കും പറയാനുള്ളത് ദുരനുഭവങ്ങളാണ്. ആര്‍.പി.എഫിന്റെയും പൊലീസിന്റെയും റെയില്‍വെ സുരക്ഷാ സ്‌ക്വാഡിന്റെയും നിരീക്ഷണം പലപ്പോഴും ഉണ്ടാകാറില്ല. ഈ അവസരം സാമൂഹ്യവിരുദ്ധര്‍ പരമാവധി മുതലെടുക്കുകയാണ് ചെയ്യുന്നത്. ട്രെയിനുകളില്‍ അക്രമവും മോഷണവും പിടിച്ചുപറിയും പതിവാണ്. ട്രെയിനില്‍ വാക്കുതര്‍ക്കത്തിനിടെ ഒരാളെ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവം ഉണ്ടായത് ഒരാഴ്ച മുമ്പാണ്. ഒരു ട്രെയിനില്‍ ടി.ടി.ഇമാര്‍, റെയില്‍വെ സംരക്ഷണസേനാംഗങ്ങള്‍, ജനറല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സേവനം അത്യാവശ്യമാണ്. ഇവരുടെ അഭാവം രാത്രികാലങ്ങളില്‍ സാമൂഹ്യവിരുദ്ധര്‍ക്ക് ട്രെയിനുകളില്‍ തങ്ങളുടെ ഇംഗിതം പോലെ പ്രവര്‍ത്തിക്കാന്‍ അനുകൂല സാഹചര്യമുണ്ടാക്കുന്നു. യാത്രക്കാരുടെ സുരക്ഷ വലിയൊരു ഉത്തരവാദിത്വമാണെന്ന ബോധം റെയില്‍വെക്കുണ്ടാകണം. അതിനനുസരിച്ചുള്ള സുരക്ഷ ഒരുക്കിയേ മതിയാകൂ.

Related Articles
Next Story
Share it