തീപിടിത്തങ്ങള്‍ വ്യാപകമാകുമ്പോള്‍ ജാഗ്രത അനിവാര്യം

ദിവസവും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ചെറുതും വലുതുമായ തീപിടിത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്. വേനല്‍ക്കാലത്ത് തീപിടിത്തങ്ങള്‍ ഉണ്ടാവുക സാധാരണമാണ്. എന്നാല്‍ പല തീപിടിത്തങ്ങളും സംഭവിക്കുന്നത് അശ്രദ്ധ കൊണ്ടാണ്. പെട്ടെന്ന് അണക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇതുമൂലം വലിയ ദുരന്തങ്ങള്‍ തന്നെ സംഭവിക്കുകയും ചെയ്യും. കാസര്‍കോട് ജില്ലയില്‍ ഇപ്പോള്‍ തീപിടിത്തം ഉണ്ടാകാത്ത ഒരു ദിവസം പോലും ഇല്ലെന്ന് തന്നെ പറയാം. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് മല്‍സ്യമാര്‍ക്കറ്റിന് സമീപത്തുണ്ടായ തീപിടിത്തം നഗരത്തില്‍ വലിയ പരിഭ്രാന്തിയാണ് സൃഷ്ടിച്ചത്. ഞായറാഴ്ച ഉച്ചക്ക് 12.45 മണിയോടെ മീന്‍മാര്‍ക്കറ്റിന് സമീപത്തെ […]

ദിവസവും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ചെറുതും വലുതുമായ തീപിടിത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്. വേനല്‍ക്കാലത്ത് തീപിടിത്തങ്ങള്‍ ഉണ്ടാവുക സാധാരണമാണ്. എന്നാല്‍ പല തീപിടിത്തങ്ങളും സംഭവിക്കുന്നത് അശ്രദ്ധ കൊണ്ടാണ്. പെട്ടെന്ന് അണക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇതുമൂലം വലിയ ദുരന്തങ്ങള്‍ തന്നെ സംഭവിക്കുകയും ചെയ്യും. കാസര്‍കോട് ജില്ലയില്‍ ഇപ്പോള്‍ തീപിടിത്തം ഉണ്ടാകാത്ത ഒരു ദിവസം പോലും ഇല്ലെന്ന് തന്നെ പറയാം. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് മല്‍സ്യമാര്‍ക്കറ്റിന് സമീപത്തുണ്ടായ തീപിടിത്തം നഗരത്തില്‍ വലിയ പരിഭ്രാന്തിയാണ് സൃഷ്ടിച്ചത്. ഞായറാഴ്ച ഉച്ചക്ക് 12.45 മണിയോടെ മീന്‍മാര്‍ക്കറ്റിന് സമീപത്തെ മാലിന്യത്തിന് തീപിടിക്കുകയായിരുന്നു. ഇവിടെയുള്ള ഒരു കെട്ടിടത്തിന്റെ മുകളിലേക്ക് വരെ തീ പടര്‍ന്ന് കയറിയിരുന്നു. പൂട്ടിയിട്ട മുറിക്കത്തെ പി.വി.സി സൂക്ഷിച്ച ഭാഗത്താണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞെത്തിയ അഗ്‌നിരക്ഷാസേന തീ നിയന്ത്രണമാക്കിയതിനാലാണ് ദുരന്തം ഒഴിവായത്. കാഞ്ഞങ്ങാട്ട് മാലിന്യത്തിന് ആരോ തീയിട്ടതാണെന്നാണ് സംശയിക്കുന്നത്. നഗരത്തില്‍ മുമ്പും മാലിന്യത്തിന് തീയിട്ട സംഭവങ്ങള്‍ ഉണ്ടായിരുന്നു.
മൂന്ന് ദിവസം മുമ്പാണ് ഭീമനടി കടുമേനിയില്‍ സ്വകാര്യവ്യക്തിയുടെ കശുമാവിന്‍ തോട്ടത്തിന് തീപിടിച്ച് ഒന്നരയേക്കറോളം കശുമാവുകള്‍ കത്തിനശിച്ചത്. ഏറെ നേരം നീണ്ട കഠിനമായ ശ്രമങ്ങള്‍ക്കൊടുവിലാണ് തീയണക്കാന്‍ സാധിച്ചത്. പുല്ലിന് തീപിടിച്ചാണ് കശുമാവിന്‍തോട്ടത്തിലേക്ക് പടര്‍ന്നത്. മിക്കയിടങ്ങളിലും മാലിന്യങ്ങള്‍ക്കും പുല്ലുകള്‍ക്കുമാണ് തീപിടിക്കുന്നത്. ജില്ലയിലെ പല ഭാഗങ്ങളിലും തീപിടിത്തങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഇത്തരം സംഭവങ്ങളെ നിസാരമായി കാണാന്‍ സാധിക്കില്ല. ചിലര്‍ ബോധപൂര്‍വം തീയിടുന്നു. അലക്ഷ്യമായി വലിച്ചെറിയുന്ന എരിയുന്ന സിഗരറ്റ് കുറ്റികളും ബീഡിക്കുറ്റികളും തീ പടരാന്‍ കാരണമാകുന്നു. ഫയര്‍ഫോഴ്സിന് എത്തിപ്പെടാന്‍ ഏറെ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലെ തീപിടിത്തങ്ങള്‍ ഏറെ ആശങ്കയുളവാക്കുന്നുണ്ട്.
തീപിടിത്തമുണ്ടാകുമ്പോള്‍ അവിടേക്ക് ഫയര്‍ഫോഴ്സിന് എത്തേണ്ട ദൂരം പരമാവധി കുറഞ്ഞുകിട്ടുകയെന്നത് പ്രധാനമാണ്. എത്താന്‍ വൈകുന്ന ഓരോ നിമിഷവും വളരെ വിലപ്പെട്ടതാണ്. വൈകുന്തോറും ദുരന്തത്തിന്റെ വ്യാപ്തിയും കൂടും. ഫയര്‍ഫോഴ്സില്‍ ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലെന്ന പരാതി പൊതുവെയുണ്ട്. ആവശ്യത്തിന് സജ്ജീകരണങ്ങള്‍ ഇല്ലെന്ന പോരായ്മയുമുണ്ട്. ദുര്‍ഘടം നിറഞ്ഞ പ്രദേശങ്ങളിലെ തീപിടിത്തങ്ങളും മറ്റ് അപകടങ്ങളും ഫയര്‍ഫോഴ്സിനെ ഏറെ കുഴയ്ക്കുന്നു.
തീപിടിങ്ങള്‍ ഒഴിവാക്കുന്നതിന് ആവശ്യമായ ശ്രദ്ധ പുലര്‍ത്തുന്നതിന് സാമൂഹിക ബോധവല്‍ക്കരണവും ആവശ്യമായി വരികയാണ്. അപകടസാധ്യതയെക്കുറിച്ച് മനസിലാക്കാതെ പുലര്‍ത്തുന്ന ഓരോ അശ്രദ്ധയും വലിയ തീപിടിത്തങ്ങള്‍ക്കാണ് ഇടവരുത്തുക. ചില ഭാഗങ്ങളില്‍ എളുപ്പത്തില്‍ എത്താമായിരുന്നിട്ടും ഫയര്‍ഫോഴ്സ് വൈകിയെത്തുന്നുവെന്ന പരാതിയും ഉയരുന്നുണ്ട്. തീ നിയന്ത്രണാതീതമായാല്‍ അത് അണയ്ക്കുക എന്നുള്ളത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇത്തരം സാഹചര്യങ്ങളില്‍ വേഗത്തിലുള്ള നടപടിയും കാര്യക്ഷമതയും ജാഗ്രതയും ഒരു പോലെ പ്രധാനം തന്നെയാണ്.

Related Articles
Next Story
Share it