പുഴകളും തോടുകളും മാലിന്യമുക്തമാക്കണം

പൊതുജനാരോഗ്യത്തിന് കടുത്ത ഭീഷണി സൃഷ്ടിച്ചുകൊണ്ട് കാസര്‍കോട് ജില്ലയില്‍ പുഴകളിലും തോടുകളിലും മറ്റ് ജലാശയങ്ങളിലുമെല്ലാം മാലിന്യങ്ങള്‍ നിറയുകയാണ്. വേനല്‍ക്കാലമായതിനാല്‍ ഒട്ടുമിക്ക പുഴകളും തോടുകളും വറ്റിവരണ്ടുകഴിഞ്ഞു. ഇതോടെ ചെളിയും മണ്ണും നിറഞ്ഞ് പുഴകളും തോടുകളും മലിനമായിരിക്കുകയാണ്. ഇതിന് പുറമെയാണ് മാലിന്യങ്ങളും അടിഞ്ഞുകൂടിയിരിക്കുന്നത്. ഇക്കാരണങ്ങളാല്‍ തന്നെ പുഴകള്‍ നാശത്തിന്റെ വക്കിലാണ്. കുമ്പള കഞ്ചിക്കട്ട പുഴ മാലിന്യങ്ങള്‍ അടിഞ്ഞുകൂടി പ്രദേശവാസികള്‍ക്ക് രോഗഭീതി ഉയര്‍ത്തുകയാണ്. കഞ്ചിക്കട്ട പുഴയില്‍ അര്‍ത്തിഞ്ച മുതല്‍ കഞ്ചിക്കട്ട പാലം വരെയുള്ള ഭാഗങ്ങളില്‍ മണ്ണും ചെളിയും അടിഞ്ഞിരിക്കുന്നു. പുഴയോട് അനുബന്ധിച്ചുള്ള തോടുകളുടെ […]

പൊതുജനാരോഗ്യത്തിന് കടുത്ത ഭീഷണി സൃഷ്ടിച്ചുകൊണ്ട് കാസര്‍കോട് ജില്ലയില്‍ പുഴകളിലും തോടുകളിലും മറ്റ് ജലാശയങ്ങളിലുമെല്ലാം മാലിന്യങ്ങള്‍ നിറയുകയാണ്. വേനല്‍ക്കാലമായതിനാല്‍ ഒട്ടുമിക്ക പുഴകളും തോടുകളും വറ്റിവരണ്ടുകഴിഞ്ഞു. ഇതോടെ ചെളിയും മണ്ണും നിറഞ്ഞ് പുഴകളും തോടുകളും മലിനമായിരിക്കുകയാണ്. ഇതിന് പുറമെയാണ് മാലിന്യങ്ങളും അടിഞ്ഞുകൂടിയിരിക്കുന്നത്. ഇക്കാരണങ്ങളാല്‍ തന്നെ പുഴകള്‍ നാശത്തിന്റെ വക്കിലാണ്. കുമ്പള കഞ്ചിക്കട്ട പുഴ മാലിന്യങ്ങള്‍ അടിഞ്ഞുകൂടി പ്രദേശവാസികള്‍ക്ക് രോഗഭീതി ഉയര്‍ത്തുകയാണ്. കഞ്ചിക്കട്ട പുഴയില്‍ അര്‍ത്തിഞ്ച മുതല്‍ കഞ്ചിക്കട്ട പാലം വരെയുള്ള ഭാഗങ്ങളില്‍ മണ്ണും ചെളിയും അടിഞ്ഞിരിക്കുന്നു. പുഴയോട് അനുബന്ധിച്ചുള്ള തോടുകളുടെ അവസ്ഥയും ഇതുതന്നെയാണ്. കാര്‍ഷിക ആവശ്യങ്ങള്‍ക്ക് വെള്ളം കിട്ടാതെ കര്‍ഷകര്‍ കടുത്ത ദുരിതമനുഭവിക്കുന്നു. വേനല്‍ അവസാനം വരെയും പുഴയില്‍ നിന്നും തോടുകളില്‍ നിന്നും മുമ്പ് വെള്ളം ലഭിച്ചിരുന്നതായി കര്‍ഷകര്‍ പറയുന്നു. ഈ സ്ഥിതിക്കാണ് ഇപ്പോള്‍ മാറ്റം സംഭവിച്ചിരിക്കുന്നത്. ഇക്കുറി ജനുവരിയുടെ തുടക്കം മുതല്‍ തന്നെ തോടുകള്‍ വരണ്ടുതുടങ്ങിയിരുന്നു. കൊടിയമ്മ, കോട്ടക്കാര്‍, താഴെ കൊടിയമ്മ, കുണ്ടാപ്പ് വയല്‍, ആരിക്കാടി പുജൂര്‍, മളി എന്നിവിടങ്ങളിലെ കര്‍ഷകരാണ് ദുരിതത്തില്‍ കഴിയുന്നത്. കിഴക്കുഭാഗത്ത് മണ്ണും ചെളിയും മാലിന്യവും പുഴയില്‍ അടിഞ്ഞുകൂടിയിട്ടുണ്ട്. തോടിന്റെ വശങ്ങളില്‍ കാടുകള്‍ വളര്‍ന്നത് മൂലം മഴക്കാലങ്ങളില്‍ ഒഴുക്ക് തടസപ്പെടുന്നുണ്ട്. ഇത് സംരക്ഷണഭിത്തി തകരാന്‍ ഇടവരുത്തുന്നു. കുമ്പള പഞ്ചായത്തിലെ നെല്ലറ എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്. എന്നാല്‍ വേനല്‍ക്കാലത്ത് വെള്ളം കിട്ടാതായതോടെ നെല്‍കൃഷി ചെയ്യാനാകാതെ പാടം തരിശായി കിടക്കുകയാണ്. പുഴയും തോടുകളും സംരക്ഷിക്കണമെന്ന് നാട്ടുകാര്‍ നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയൊന്നും ഉണ്ടാകുന്നില്ല. നാലുവര്‍ഷം മുമ്പ് പുഴസംരക്ഷണത്തിന്റെ ഭാഗമായി ജലസേചനവകുപ്പ്, പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ യോഗം ചേരുകയും ഉചിതമായ നടപടിയെടുക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തുടര്‍ പ്രവര്‍ത്തനങ്ങളൊന്നും ഉണ്ടായില്ല. ജില്ലയിലെ മറ്റ് ഭാഗങ്ങളിലും പുഴകളും തോടുകളും നാശോന്‍മുഖമാണ്. ജില്ലയിലെ പ്രധാന പുഴകളില്‍ ഒന്നായ ചന്ദ്രഗിരി പുഴയിലടക്കം മാലിന്യങ്ങള്‍ തള്ളുന്നുണ്ട്. ഗ്രാമപ്രദേശങ്ങളില്‍ കുടിവെള്ള പദ്ധതിക്കായി ആശ്രയിക്കുന്നത് ചെറുതും വലുതുമായ പുഴകളെയാണ്. വെള്ളം ശുദ്ധീകരിച്ചാണ് വീടുകളില്‍ എത്തിക്കുന്നത്. എന്നാല്‍ പുഴകളില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് ഈ വെള്ളം ഉപയോഗിക്കുന്നവര്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കും. അറവുമൃഗങ്ങളുടെ അടക്കം അവശിഷ്ടങ്ങള്‍ പുഴകളില്‍ വലിച്ചെറിയുന്നത് പുഴയോരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് പകര്‍ച്ചവ്യാധികള്‍ പടരാന്‍ ഇടയാകുന്നു. പുഴകളിലെ അനധികൃത മണലെടുപ്പാണ് മറ്റൊരു ഭീഷണി. പുഴകളും തോടുകളും മാലിന്യമുക്തമാക്കാന്‍ തദ്ദേശതലങ്ങളില്‍ കര്‍മപദ്ധതികള്‍ ആവിഷ്‌കരിക്കണം. മാലിന്യങ്ങള്‍ തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും വേണം.

Related Articles
Next Story
Share it