നോക്കുകുത്തിയാകുന്ന കുടിവെള്ള പദ്ധതികള്‍

വേനല്‍ കടുക്കുകയും വരള്‍ച്ച രൂക്ഷമാവുകയും ചെയ്യുമ്പോഴും കാസര്‍കോട് ജില്ലയിലെ പല കുടിവെള്ള പദ്ധതികളുടെയും പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായിരിക്കുകയാണ്. കുടിവെള്ള പദ്ധതികളെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങള്‍ ജില്ലയിലുണ്ട്. എന്നാല്‍ ഈ പദ്ധതികള്‍ വഴിയുള്ള ജലവിതരണം ഒട്ടുമിക്ക ഭാഗങ്ങളിലും തടസപ്പെടുകയാണ്. ചിലയിടങ്ങളില്‍ തീരെ നിലയ്ക്കുന്ന സ്ഥിതിയുമുണ്ട്. വേനല്‍ മഴയുടെ ലഭ്യതക്കുറവും കൊടും ചൂടും കാരണം ജില്ലയിലെ എല്ലാ ഭാഗങ്ങളിലും കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നുണ്ട്. പല കുടുംബങ്ങളും കുഴല്‍ക്കിണറുകളും മറ്റും നിര്‍മിച്ച് കുടിവെള്ളപ്രശ്നത്തിന് പരിഹാരം കാണാനുള്ള ശ്രമത്തിലാണ്. എന്നാല്‍ കുഴല്‍കിണര്‍ നിര്‍മിച്ചാലും […]

വേനല്‍ കടുക്കുകയും വരള്‍ച്ച രൂക്ഷമാവുകയും ചെയ്യുമ്പോഴും കാസര്‍കോട് ജില്ലയിലെ പല കുടിവെള്ള പദ്ധതികളുടെയും പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായിരിക്കുകയാണ്. കുടിവെള്ള പദ്ധതികളെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങള്‍ ജില്ലയിലുണ്ട്. എന്നാല്‍ ഈ പദ്ധതികള്‍ വഴിയുള്ള ജലവിതരണം ഒട്ടുമിക്ക ഭാഗങ്ങളിലും തടസപ്പെടുകയാണ്. ചിലയിടങ്ങളില്‍ തീരെ നിലയ്ക്കുന്ന സ്ഥിതിയുമുണ്ട്. വേനല്‍ മഴയുടെ ലഭ്യതക്കുറവും കൊടും ചൂടും കാരണം ജില്ലയിലെ എല്ലാ ഭാഗങ്ങളിലും കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നുണ്ട്. പല കുടുംബങ്ങളും കുഴല്‍ക്കിണറുകളും മറ്റും നിര്‍മിച്ച് കുടിവെള്ളപ്രശ്നത്തിന് പരിഹാരം കാണാനുള്ള ശ്രമത്തിലാണ്. എന്നാല്‍ കുഴല്‍കിണര്‍ നിര്‍മിച്ചാലും വെള്ളം കിട്ടാത്ത അനുഭവങ്ങളുമുണ്ട്. വലിയ സാമ്പത്തികബാധ്യത വേണ്ടിവരുന്നതിനാല്‍ കുഴല്‍കിണര്‍ നിര്‍മിക്കാന്‍ നിര്‍വാഹമില്ലാത്ത കുടുംബങ്ങള്‍ എറെയാണ്. അത്തരം കുടുംബങ്ങള്‍ ആശ്രയിക്കുന്നത് തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള കുടിവെള്ള പദ്ധതികളെയാണ്. ആദ്യം നിശ്ചിത തുക അടച്ചാണ് കുടുംബങ്ങള്‍ കുടിവെള്ള പദ്ധതികളുടെ ഗുണഭോക്താക്കളായി മാറിയത്. പിന്നീട് മാസം തോറും പണമടക്കുന്നു. പുഴകളും മറ്റ് ജലസ്രോതസുകളും വറ്റി തുടങ്ങിയതോടെ കുടിവെള്ള പദ്ധതി വഴിയുള്ള ജലവിതരണവും തടസപ്പെടുകയാണ്. ബേഡഡുക്ക പഞ്ചായത്തിലെ ബഡക്കിക്കണ്ടം, ബീംബുങ്കാല്‍ പ്രദേശങ്ങളിലെ ഭൂരിഭാഗം ജലസ്രോതസുകളും വറ്റിവരണ്ടതോടെ ഈ പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമാണ്. ജലജീവന്‍മിഷന്‍ കുടിവെള്ള പദ്ധതിയില്‍ പൈപ്പ് കണക്ഷന്‍ അനുവദിച്ചിട്ടുണ്ടെങ്കിലും കുടിവെള്ളം ലഭിക്കുന്നില്ലെന്ന പരാതികള്‍ വ്യാപകമാണ്. കോടികള്‍ മുടക്കിയാണ് ഇവിടെ ശുദ്ധജലസംവിധാനം ഒരുക്കിയത്. എന്നാല്‍ വേനല്‍ക്കാലമാകുമ്പോള്‍ ഈ പദ്ധതി മുഖേനയുള്ള വെള്ളം കിട്ടാത്ത അവസ്ഥയാണുള്ളതെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇതുസംബന്ധിച്ച് നിരവധി തവണ പരാതി നല്‍കിയപ്പോഴാണ് ജല അതോറിറ്റി കണക്ഷന്‍ അനുവദിച്ചത്. എന്നാല്‍ ശുദ്ധജലം ലഭിക്കുന്നത് വല്ലപ്പോഴും മാത്രമാണ്. പദ്ധതിക്കായി ബീംബുങ്കാലില്‍ സ്ഥാപിച്ച ടാങ്ക് ചെറുതാണ്. വലിയ ടാങ്ക് സ്ഥാപിച്ചാല്‍ മാത്രമേ എല്ലാവര്‍ക്കും കുടിവെള്ളമെത്തിക്കാന്‍ സാധിക്കൂവെന്ന് അധികൃതര്‍ പറയുന്നു. നിരവധി കുടുംബങ്ങളാണ് ഈ ഭാഗത്ത് കുടിവെള്ളമില്ലാതെ വലയുന്നത്. ജില്ലയിലെ മറ്റ് പഞ്ചായത്തുകളിലും കുടിവെള്ളക്ഷാമം കാരണം ദുരിതത്തിലായ അനവധി കുടുംബങ്ങളുണ്ട്. പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ കുടിവെള്ള പദ്ധതിയ വഴിയും വെള്ളം കിട്ടുന്നില്ലെന്ന പരാതികള്‍ ഉയരുന്നുണ്ട്. പുഴയില്‍ നീരൊഴുക്ക് കുറഞ്ഞതാണ് കുടിവെള്ള വിതരണം തടസപ്പെടുന്നതിന് കാരണമായി പറയുന്നത്. അതേ സമയം ഭൂമിക്കടിയിലൂടെ കടന്നുപോകുന്ന പൈപ്പുകളില്‍ സുഷിരമുണ്ടാക്കി അനുവദിച്ചതിലും അളവില്‍ വെള്ളം ചോര്‍ത്തുന്നവരുമുണ്ട്. ഇതുസംബന്ധിച്ച പരാതികള്‍ ലഭിച്ചാലും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. അതേ സമയം ഉപയോഗിക്കാത്ത വെള്ളത്തിന്റെ തുക കൃത്യമായി പിരിച്ചെടുക്കാന്‍ ഉല്‍സാഹമാണ്. ആദിവാസി കുടുംബങ്ങള്‍ക്കുവേണ്ടി പ്രത്യേകമായി ഉണ്ടാക്കിയ കുടിവെള്ള പദ്ധതികളും നോക്കുകുത്തികളാണ്. കുടിവെള്ളപദ്ധതികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ നടപടിയെടുക്കുന്നതോടൊപ്പം കുടിവെള്ളം എത്തിക്കാന്‍ ആവശ്യമായ സംവിധാനം അധികൃതര്‍ ഒരുക്കണം.

Related Articles
Next Story
Share it