മാലിന്യസംസ്‌കരണത്തിന് സമഗ്രപദ്ധതി അനിവാര്യം

ബ്രഹ്മപുരം ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ മാലിന്യസംസ്‌കരണത്തിന് സംസ്ഥാനമൊട്ടുക്കും സമഗ്ര പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടത് അനിവാര്യമാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന നടപടികള്‍ യാഥാര്‍ഥ്യമാകേണ്ടതുണ്ട്. സംസ്ഥാനത്ത് ഖരമാലിന്യസംസ്‌കരണത്തിന് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ ചട്ടങ്ങള്‍ നടപ്പിലാക്കാന്‍ സമയക്രമം പ്രഖ്യാപിച്ചിരിക്കുകയാണ്. ഖരമാലിന്യസംസ്‌കരണം നടപ്പിലാക്കാന്‍ അടിയന്തരമായും ദീര്‍ഘകാലം, ഹ്രസ്വകാലം എന്നിങ്ങനെ വേര്‍തിരിച്ചും തദ്ദേശഭരണ അഡീഷണല്‍ ചീഫ് സെക്രട്ടറി നല്‍കിയ സമയക്രമം അംഗീകരിച്ചുമാണ് നടപടി സ്വീകരിക്കുന്നത്. ഹൈക്കോടതിയുടെ ശക്തമായ ഇടപെടല്‍ കൊണ്ടാണ് ഇനിയെങ്കിലും ബ്രഹ്മപുരത്തുണ്ടായതുപോലെ മാലിന്യങ്ങളില്‍ തീപിടിക്കുന്ന സാഹചര്യം പരമാവധി ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഉണര്‍ന്നുപ്രവര്‍ത്തിച്ച് തുടങ്ങിയത്. വളരെ നേരത്തെ ചെയ്യേണ്ടിയിരുന്ന […]

ബ്രഹ്മപുരം ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ മാലിന്യസംസ്‌കരണത്തിന് സംസ്ഥാനമൊട്ടുക്കും സമഗ്ര പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടത് അനിവാര്യമാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന നടപടികള്‍ യാഥാര്‍ഥ്യമാകേണ്ടതുണ്ട്. സംസ്ഥാനത്ത് ഖരമാലിന്യസംസ്‌കരണത്തിന് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ ചട്ടങ്ങള്‍ നടപ്പിലാക്കാന്‍ സമയക്രമം പ്രഖ്യാപിച്ചിരിക്കുകയാണ്. ഖരമാലിന്യസംസ്‌കരണം നടപ്പിലാക്കാന്‍ അടിയന്തരമായും ദീര്‍ഘകാലം, ഹ്രസ്വകാലം എന്നിങ്ങനെ വേര്‍തിരിച്ചും തദ്ദേശഭരണ അഡീഷണല്‍ ചീഫ് സെക്രട്ടറി നല്‍കിയ സമയക്രമം അംഗീകരിച്ചുമാണ് നടപടി സ്വീകരിക്കുന്നത്. ഹൈക്കോടതിയുടെ ശക്തമായ ഇടപെടല്‍ കൊണ്ടാണ് ഇനിയെങ്കിലും ബ്രഹ്മപുരത്തുണ്ടായതുപോലെ മാലിന്യങ്ങളില്‍ തീപിടിക്കുന്ന സാഹചര്യം പരമാവധി ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഉണര്‍ന്നുപ്രവര്‍ത്തിച്ച് തുടങ്ങിയത്. വളരെ നേരത്തെ ചെയ്യേണ്ടിയിരുന്ന കാര്യമാണ് ബ്രഹ്മപുരം ദുരന്തത്തിന്റെ പശ്ചാത്തലത്തിലെങ്കിലും ചെയ്യാനുള്ള നടപടിയുണ്ടായത്. ബ്രഹ്മപുരം തീപിടുത്തം വരാനിരിക്കുന്ന ദുരന്തങ്ങളുടെ മുന്നറിയിപ്പാണെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാനത്തിന് മാലിന്യസംസ്‌കരണത്തിന്റെ മേല്‍നോട്ടത്തിന് മൂന്ന് അമിക്കസ് ക്യൂറിമാരെയും നിയമിച്ചിട്ടുണ്ട്. തൃശൂര്‍-എറണാകുളം ജില്ലകളെ ഒരു മേഖലയായി കണക്കാക്കി ടി.വി വിനുവിനും പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളുടെ ചുമതല പൂജാമേനോനും കോട്ടയം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളുടെ ചുമതല എസ് വിഷ്ണുവിനും നല്‍കിയാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. കാസര്‍കോട് ജില്ലയെ സംബന്ധിച്ചിടത്തോളം ഈ പദ്ധതി വിജയകരമായി നടപ്പാക്കുകയാണെങ്കില്‍ അത് ഏറെ ആശ്വാസപ്രദമാകും. കാസര്‍കോട് ജില്ലയിലെ ബംബ്രാണയിലുള്ള മാലിന്യമല ഏറെ ആശങ്ക ഉയര്‍ത്തുന്നുണ്ട്. ഇവിടെ ചെറിയ തീപിടുത്തങ്ങള്‍ ഉണ്ടാകാറുണ്ട്. ബ്രഹ്മപുരത്ത് സംഭവിച്ചതുപോലുള്ള വലിയ തീപിടുത്തം ഉണ്ടായിട്ടില്ലെങ്കിലും ഭാവിയില്‍ സംഭവിച്ചുകൂടായ്കയില്ല. ഈ സാഹചര്യത്തില്‍ ബംബ്രാണയിലുള്ള ഖരമാലിന്യങ്ങള്‍ അടക്കമുള്ളവ ശാസ്ത്രീയമായി സംസ്‌കരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. ബംബ്രാണയിലെ മാലിന്യപ്ലാന്റില്‍ നിലവില്‍ സംസ്‌കരണത്തിനുള്ള സംവിധാനമില്ല. അതുകൊണ്ട് മാലിന്യങ്ങള്‍ കുമിഞ്ഞുകൂടി വലിയ മല പോലെയായി മാറിയിരിക്കുകയാണ്. ജില്ലയിലെ മറ്റ് ഭാഗങ്ങളിലെ മാലിന്യപ്ലാന്റുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. മാലിന്യസംസ്‌കരണചട്ടങ്ങള്‍ എല്ലാ തദ്ദേശഭരണസ്ഥാപനങ്ങളും നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ദുരന്തനിവാരണ നിയമപ്രകാരമുള്ള അധികാരം ഉപയോഗിക്കാന്‍ തദ്ദേശഭരണ അഡീഷണല്‍ ചീഫ് സെക്രട്ടറി, കലക്ടര്‍ എന്നിവര്‍ക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. തദ്ദേശഭരണസ്ഥാപനങ്ങളിലെ മാലിന്യം തള്ളുന്ന സ്ഥലങ്ങളിലെ സാമ്പിളുകള്‍ മലിനീകരണനിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ശേഖരിക്കണമെന്നും നിര്‍ദേശമുണ്ട്. ഖരമാലിന്യസംസ്‌കരണത്തിന് വേണ്ട നടപടികള്‍ പ്രായോഗികതലത്തില്‍ വിജയിപ്പിക്കുക എന്നതാണ് പ്രധാനം.

Related Articles
Next Story
Share it