കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജിനോട് അവഗണന തുടരുമ്പോള്‍

പേരിന് മാത്രം പ്രവര്‍ത്തിക്കുന്ന ഉക്കിനടുക്കയിലുള്ള കാസര്‍കോട് ഗവ.മെഡിക്കല്‍ കോളേജിനെ ഉയര്‍ന്ന നിലവാരത്തിലേക്കുയര്‍ത്താന്‍ അധികാരികള്‍ ഇപ്പോഴും മടിക്കുകയാണ്. മെഡിക്കല്‍ കോളേജില്‍ ഒരുകാലത്തും മെച്ചപ്പെട്ട ചികില്‍സാ സൗകര്യങ്ങള്‍ ഉണ്ടാകരുതെന്ന് അധികാരികള്‍ വാശിപിടിക്കുന്നു. അതുകൊണ്ടുതന്നെ മെഡിക്കല്‍ കോളേജിന്റെ വികസനം അനിശ്ചിതാവസ്ഥയില്‍ തന്നെയാണ്. കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജ് കെട്ടിടം വിപുലീകരിക്കാനും വിദഗ്ധ ചികില്‍സാ സൗകര്യങ്ങളും സജ്ജീകരണങ്ങളും ഏര്‍പ്പെടുത്താനും നടപടികള്‍ ആരംഭിച്ചിരുന്നെങ്കിലും തുടര്‍പ്രവര്‍ത്തനങ്ങള്‍ സ്തംഭനാവസ്ഥയില്‍ തന്നെയാണ്. മെഡിക്കല്‍ കോളേജിലെ അനുബന്ധ കെട്ടിടങ്ങളുടെ പ്രവൃത്തി നിലച്ചിട്ട് ഒരുവര്‍ഷം പിന്നിട്ടിരിക്കുന്നു. കരാറുകാരന് പണം നല്‍കാതിരുന്നതിനാലാണ് പണി […]

പേരിന് മാത്രം പ്രവര്‍ത്തിക്കുന്ന ഉക്കിനടുക്കയിലുള്ള കാസര്‍കോട് ഗവ.മെഡിക്കല്‍ കോളേജിനെ ഉയര്‍ന്ന നിലവാരത്തിലേക്കുയര്‍ത്താന്‍ അധികാരികള്‍ ഇപ്പോഴും മടിക്കുകയാണ്. മെഡിക്കല്‍ കോളേജില്‍ ഒരുകാലത്തും മെച്ചപ്പെട്ട ചികില്‍സാ സൗകര്യങ്ങള്‍ ഉണ്ടാകരുതെന്ന് അധികാരികള്‍ വാശിപിടിക്കുന്നു. അതുകൊണ്ടുതന്നെ മെഡിക്കല്‍ കോളേജിന്റെ വികസനം അനിശ്ചിതാവസ്ഥയില്‍ തന്നെയാണ്. കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജ് കെട്ടിടം വിപുലീകരിക്കാനും വിദഗ്ധ ചികില്‍സാ സൗകര്യങ്ങളും സജ്ജീകരണങ്ങളും ഏര്‍പ്പെടുത്താനും നടപടികള്‍ ആരംഭിച്ചിരുന്നെങ്കിലും തുടര്‍പ്രവര്‍ത്തനങ്ങള്‍ സ്തംഭനാവസ്ഥയില്‍ തന്നെയാണ്. മെഡിക്കല്‍ കോളേജിലെ അനുബന്ധ കെട്ടിടങ്ങളുടെ പ്രവൃത്തി നിലച്ചിട്ട് ഒരുവര്‍ഷം പിന്നിട്ടിരിക്കുന്നു. കരാറുകാരന് പണം നല്‍കാതിരുന്നതിനാലാണ് പണി നിര്‍ത്തിവെച്ചിരിക്കുന്നത്. തമിഴ്നാട് ആസ്ഥാനമായുള്ള കരാര്‍ കമ്പനിയായ തുളസി ബില്‍ഡേഴ്സാണ് കാസര്‍കോട് ഗവ. കോളേജ് കെട്ടിടത്തിന്റെ കരാര്‍ ജോലികള്‍ ഏറ്റെടുത്തിരിക്കുന്നത്. ഈ കമ്പനി സംസ്ഥാനസര്‍ക്കാരില്‍ നിന്ന് തുക ലഭ്യമാക്കുന്നതിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് കരാറുകാരന് പണം നല്‍കാന്‍ എത്ര സമയം വേണമെന്ന് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ആരായുകയും ചെയ്തു. ആറ് കോടി രൂപയാണ് കമ്പനിക്ക് നല്‍കാനുള്ളതെന്നും ഫണ്ട് അപര്യാപ്തമായതിനാല്‍ 1.77 കോടി നല്‍കാനുള്ള നടപടി സ്വീകരിക്കാമെന്നുമാണ് കോടതിയെ സര്‍ക്കാര്‍ അറിയിച്ചത്. പണം നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാരിന് മൂന്നാഴ്ചത്തെ സമയം അനുവദിച്ച് ഫെബ്രുവരി 28നാണ് ഹൈക്കോടതി ഉത്തരവിട്ടത്. കരാറുകാരന് പണം നല്‍കാന്‍ ഹൈക്കോടതി അനുവദിച്ച സമപരിധി അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. 11 കോടി രൂപ കുടിശികയുണ്ടായിരുന്ന കമ്പനിക്ക് 3.5 കോടിയോളം രൂപ മാത്രമാണ് ലഭിച്ചതെന്നും ബാക്കി തുക ലഭിക്കാത്തതിനാല്‍ പണി തുടരാന്‍ നിര്‍വാഹമില്ലെന്നും കമ്പനി അധികൃതര്‍ വിശദീകരിക്കുന്നു. വിവിധ ഫണ്ടുകള്‍ ഉപയോഗിച്ച് പ്രവൃത്തി നടത്തുമ്പോള്‍ സംസ്ഥാനസര്‍ക്കാരിന്റെ ഫണ്ട് ലഭിക്കാത്തതാണ് മെഡിക്കല്‍ കോളേജിന്റെ വികസനത്തിന് പ്രധാനമായും തടസമായിരിക്കുന്നത്. 48 കോടി രൂപയുടെ പണിയാണ് ഇതിനകം പൂര്‍ത്തിയായത്. ആറുനില കെട്ടിടത്തിന്റെ പുറത്ത് പ്ലാസ്റ്ററിംഗ് നടത്തിയിട്ടുണ്ട്. എന്നാല്‍ അകത്ത് ഇതുവരെ പ്ലാസ്റ്ററിംഗ് ജോലി നടന്നിട്ടില്ല. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് 23.32 കോടി രൂപ ചിലവില്‍ കെട്ടിടത്തിന്റെ വൈദ്യുതീകരണം നടത്തുന്നത്.
കരാറുകാരന് കൊടുക്കാനുണ്ടായിരുന്ന 11 കോടി രൂപയില്‍ 3.5 കോടി രൂപ ധനവകുപ്പ് നല്‍കിയിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ പണി വേഗത്തില്‍ തുടങ്ങുമെന്നും ആരോഗ്യമന്ത്രി ഉറപ്പുനല്‍കിയത് ഇക്കഴിഞ്ഞ ജനുവരി 12നാണ്. എന്നാല്‍ മന്ത്രി ജില്ലയില്‍ നിന്നുപോയി രണ്ടുമാസം കഴിഞ്ഞിട്ടും മെഡിക്കല്‍ കോളേജ് കെട്ടിടത്തിന്റെ പണി ആരംഭിച്ചിട്ടില്ല. ഹൈക്കോടതി ഇടപെട്ടിട്ടുപോലും മെഡിക്കല്‍ കോളേജ് കെട്ടിടനിര്‍മാണത്തിന്റെ കാര്യത്തില്‍ അലംഭാവം തുടരുന്നുവെങ്കില്‍ അത് ജില്ലയോടുള്ള അവഗണനയുടെ ഭാഗം മാത്രമായിട്ടേ കാണാന്‍ സാധിക്കൂ. മെഡിക്കല്‍ കോളേജ് വികസനം യാഥാര്‍ഥ്യമാക്കാന്‍ കക്ഷിരാഷ്ട്രീയം മറന്നുള്ള പ്രവര്‍ത്തനം അനിവാര്യമാണ്.

Related Articles
Next Story
Share it