കുടിവെള്ളവിതരണ തടസത്തിന് ഉടന്‍ പരിഹാരം കാണണം

വേനല്‍ കത്തുകയാണ്. ഇതോടെ കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ളക്ഷാമവും രൂക്ഷമായിമാറിയിരിക്കുകയാണ്. വരള്‍ച്ച എല്ലാ ഭാഗങ്ങളിലും പിടിമുറുക്കിയിരിക്കുന്നു. പല ഭാഗങ്ങളിലും കാര്‍ഷികവിളകള്‍ കരിഞ്ഞുണങ്ങുകയാണ്. പുഴകളും കിണറുകളും മറ്റ് ജലാശയങ്ങളും വറ്റിവരളുകയാണ്. വരും ദിവസങ്ങളില്‍ വേനല്‍ച്ചൂടിന്റെ കാഠിന്യം കൂടുന്നതോടെ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നവരുടെ എണ്ണവും വര്‍ധിക്കും.തദ്ദേശസ്ഥാപനങ്ങളുടെ കുടിവെള്ള പദ്ധതിയെയും വാട്ടര്‍ അതോറിറ്റിയെയും കുടിവെള്ളത്തിനായി ആശ്രയിക്കുന്നവര്‍ പോലും കടുത്ത പ്രതിസന്ധിയിലാണ്. പലപ്പോഴും കുടിവെള്ളവിതരണം മുടങ്ങുന്നത് കാരണം നിരവധി കുടുംബങ്ങളാണ് ദുരിതത്തില്‍ കഴിയുന്നത്. ദേശീയപാതവികസനജോലികള്‍ പുരോഗമിക്കുമ്പോള്‍ കുടിവെള്ള പൈപ്പുകള്‍ പൊട്ടുന്നത് ജില്ലയിലെ മിക്ക […]

വേനല്‍ കത്തുകയാണ്. ഇതോടെ കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ളക്ഷാമവും രൂക്ഷമായിമാറിയിരിക്കുകയാണ്. വരള്‍ച്ച എല്ലാ ഭാഗങ്ങളിലും പിടിമുറുക്കിയിരിക്കുന്നു. പല ഭാഗങ്ങളിലും കാര്‍ഷികവിളകള്‍ കരിഞ്ഞുണങ്ങുകയാണ്. പുഴകളും കിണറുകളും മറ്റ് ജലാശയങ്ങളും വറ്റിവരളുകയാണ്. വരും ദിവസങ്ങളില്‍ വേനല്‍ച്ചൂടിന്റെ കാഠിന്യം കൂടുന്നതോടെ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നവരുടെ എണ്ണവും വര്‍ധിക്കും.
തദ്ദേശസ്ഥാപനങ്ങളുടെ കുടിവെള്ള പദ്ധതിയെയും വാട്ടര്‍ അതോറിറ്റിയെയും കുടിവെള്ളത്തിനായി ആശ്രയിക്കുന്നവര്‍ പോലും കടുത്ത പ്രതിസന്ധിയിലാണ്. പലപ്പോഴും കുടിവെള്ളവിതരണം മുടങ്ങുന്നത് കാരണം നിരവധി കുടുംബങ്ങളാണ് ദുരിതത്തില്‍ കഴിയുന്നത്. ദേശീയപാതവികസനജോലികള്‍ പുരോഗമിക്കുമ്പോള്‍ കുടിവെള്ള പൈപ്പുകള്‍ പൊട്ടുന്നത് ജില്ലയിലെ മിക്ക പ്രദേശങ്ങളിലും ജലവിതരണം മുടങ്ങാന്‍ കാരണമാകുന്നു. പൊട്ടിയ പൈപ്പില്‍ നിന്ന് വെള്ളം പുറത്തേക്കൊഴുകി പാഴാകുകയാണ് ചെയ്യുന്നത്. കാസര്‍കോട് നഗരസഭയിലെ വിവിധ പ്രദേശങ്ങളില്‍ പതിവായി ജലവിതരണം മുടങ്ങുന്നുണ്ട്. ദേശീയപാത വികസനപ്രവൃത്തികള്‍ നടത്തുമ്പോള്‍ ജലവിതരണപൈപ്പ് ലൈനുകള്‍ മാറ്റി സ്ഥാപിക്കേണ്ടിവരുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇങ്ങനെ മാറ്റി സ്ഥാപിക്കുന്നതിനിടെ പൈപ്പുകള്‍ പൊട്ടിപ്പോകുന്നു.ഇതാണ് ജലവിതരണം അടിക്കടി തടസപ്പെടാന്‍ ഇടവരുത്തുന്നത്.
വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ളവിതരണത്തെ മാത്രം ആശ്രയിക്കുന്ന കുടുംബങ്ങള്‍ക്ക് ഇതുമൂലമുണ്ടാകുന്ന ദുരിതം വളരെ വലുതാണ്. ജലക്ഷാമം രൂക്ഷമാകുന്ന കാലത്ത് തന്നെ വെള്ളം മുടങ്ങുന്നത് ഇവരുടെ ജീവിതം അതീവ ദുസഹമാക്കി മാറ്റുന്നു. ഇക്കാരണത്താല്‍ താമസം മാറേണ്ടിവന്ന കുടുംബങ്ങള്‍ വരെ കാസര്‍കോട്ടുണ്ട്. കാസര്‍കോട്ടെ അടുക്കത്ത് ബയല്‍, താഴെ പച്ചക്കാട്, ചാല തുടങ്ങിയ സ്ഥലങ്ങളിലെ ചില ഗുണഭോക്താക്കള്‍ വെള്ളം മുടങ്ങിയതിനെ തുടര്‍ന്ന് താമസം മാറിയിരുന്നു. പൊട്ടുന്ന പൈപ്പുകള്‍ ദേശീയപാത നിര്‍മാണകമ്മിറ്റി നേരിട്ടാണ് നന്നാക്കുന്നത്. ഒരിടത്ത് വിതരണം പുനസ്ഥാപിക്കുമ്പോള്‍ മറ്റൊരിടത്ത് പൈപ്പ് പൊട്ടുന്നു. ഇവ നന്നാക്കാനും താമസം നേരിടുന്നുണ്ട്. അതുവരെ കുടിവെള്ളം കിട്ടാതെ കുടുംബങ്ങള്‍ വലയേണ്ടിവരുന്നു. ഇത് ആവര്‍ത്തിക്കപ്പെടുന്നതിനാല്‍ ജീവിതത്തോട് തന്നെ മടുപ്പ് തോന്നുന്നുവെന്നാണ് കുടിവെള്ള ദുരിതം നേരിടുന്ന കുടുംബങ്ങള്‍ പറയുന്നത്. ജല അതോറിറ്റി അധികൃതര്‍ ഈ വിഷയത്തില്‍ കൈമലര്‍ത്തുകയാണ് ചെയ്യുന്നത്. തങ്ങളെ അറിയിക്കാതെയാണ് പൈപ്പ് ലൈനുകള്‍ മാറ്റുന്നതെന്നും ജലവിതരണം മുടങ്ങിയത് സംബന്ധിച്ച പരാതി ലഭിക്കുമ്പോള്‍ മാത്രമാണ് തങ്ങള്‍ ഇക്കാര്യം അറിയുന്നതെന്നും വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ വ്യക്തമാക്കുന്നു. ദേശീയപാതയുടെ ഇരുഭാഗത്തുമുള്ള ജല അതോറിറ്റി പൈപ്പ് ലൈന്‍, പാത വികസനം പൂര്‍ത്തിയാകുമ്പോള്‍ പല ഭാഗത്തും സര്‍വീസ് റോഡിന് അടിയിലാണ് വരുന്നത്. ഡ്രെയിനേജ് കഴിഞ്ഞ് രണ്ട് മീറ്റര്‍ സ്ഥലം വൈദ്യുതി പോസ്റ്റിനും ജല അതോറിറ്റി പൈപ്പ് ലൈനും വേണ്ടിയാണെന്ന് നേരത്തെ അറിയിച്ചിരുന്നു.
എന്നാല്‍ പല ഭാഗത്തും ഇതിന് മതിയായ സ്ഥലം ലഭിക്കുന്നില്ലെന്ന പരാതിയും ഉയരുകയാണ്. ജല അതോറിറ്റിയുടെ പ്രധാന പൈപ്പ് ലൈനും ഗുണഭോക്താക്കള്‍ക്കുള്ള ലൈന്‍ കണക്ഷനും സര്‍വീസ് റോഡിന് അടിയിലാണ് വരുന്നത്. ഇങ്ങനെ സ്ഥാപിച്ചാല്‍ പില്‍ക്കാലത്ത് പുതിയ കണക്ഷനും അറ്റകുറ്റപ്പണിക്കുമായി റോഡ് കുത്തിപ്പൊളിക്കേണ്ടിവരുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. കനത്ത ചൂടില്‍ കുടിവെള്ളവിതരണം തടസപ്പെട്ടുകൊണ്ടേയിരുന്നാല്‍ ആരോഗ്യപ്രശ്നങ്ങളും രൂക്ഷമാകും. ഇതൊരു ജീവല്‍പ്രശ്നമായി കണ്ടുള്ള അടിയന്തിരപരിഹാരനടപടികളാണ് ഉണ്ടാകേണ്ടത്. പൈപ്പുകള്‍ മാറ്റിസ്ഥാപിക്കുമ്പോള്‍ കഴിയുന്നതും പൊട്ടാതിരിക്കാനുള്ള ജാഗ്രത കാണിക്കുക. പൊട്ടിയാല്‍ ഉടന്‍ ന്നാക്കാനുള്ള നടപടി സ്വീകരിക്കുകയാണ് വേണ്ടത്.

Related Articles
Next Story
Share it