കുഴികള്‍ നികത്താന്‍ ഇനിയുമെത്ര ജീവനുകള്‍ പൊലിയണം

കാസര്‍കോട് ജില്ലയിലെ പല ഭാഗങ്ങളിലും റോഡുകളില്‍ രൂപപ്പെട്ടിരിക്കുന്ന കുഴികള്‍ നികത്തപ്പെടാതെ കിടക്കുന്നത് തികച്ചും ആശങ്കാജനകമാണ്. റോഡുകളിലെ കുഴികള്‍ കാരണം വാഹനയാത്രക്കാരും കാല്‍നടയാത്രക്കാരും അപകടത്തില്‍പ്പെടുന്നത് ജില്ലയില്‍ പതിവാകുകയാണ്. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാനപാതയിലെ കോളിച്ചാലില്‍ റോഡിലെ കുഴിയില്‍ ബൈക്ക് വീണത് മൂലം ഒരു യുവാവിന്റെ ജീവനാണ് നഷ്ടമായത്. മാനടുക്കം ശാസ്ത്രിനഗര്‍ കോളനിയിലെ വിജേഷ് എന്ന യുവാവിനാണ് റോഡിലെ കുഴി കാരണം ജീവന്‍ പോയത്. പനത്തടിയില്‍ നിന്ന് കോളിച്ചാല്‍ ഭാഗത്തേക്ക് പോകുകയായിരുന്ന വിജേഷ് റോഡിലെ കുഴി ഒഴിവാക്കാനായി ബൈക്ക് വെട്ടിച്ചപ്പോഴായിരുന്നു […]

കാസര്‍കോട് ജില്ലയിലെ പല ഭാഗങ്ങളിലും റോഡുകളില്‍ രൂപപ്പെട്ടിരിക്കുന്ന കുഴികള്‍ നികത്തപ്പെടാതെ കിടക്കുന്നത് തികച്ചും ആശങ്കാജനകമാണ്. റോഡുകളിലെ കുഴികള്‍ കാരണം വാഹനയാത്രക്കാരും കാല്‍നടയാത്രക്കാരും അപകടത്തില്‍പ്പെടുന്നത് ജില്ലയില്‍ പതിവാകുകയാണ്. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാനപാതയിലെ കോളിച്ചാലില്‍ റോഡിലെ കുഴിയില്‍ ബൈക്ക് വീണത് മൂലം ഒരു യുവാവിന്റെ ജീവനാണ് നഷ്ടമായത്. മാനടുക്കം ശാസ്ത്രിനഗര്‍ കോളനിയിലെ വിജേഷ് എന്ന യുവാവിനാണ് റോഡിലെ കുഴി കാരണം ജീവന്‍ പോയത്. പനത്തടിയില്‍ നിന്ന് കോളിച്ചാല്‍ ഭാഗത്തേക്ക് പോകുകയായിരുന്ന വിജേഷ് റോഡിലെ കുഴി ഒഴിവാക്കാനായി ബൈക്ക് വെട്ടിച്ചപ്പോഴായിരുന്നു അപകടമുണ്ടായത്. റോഡിലേക്ക് തെറിച്ചുവീണ യുവാവിനെ ഉടന്‍ തന്നെ ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചു. പിന്നാലെ വന്ന ഓട്ടോറിക്ഷയും കുഴിയില്‍ വീണു. ഭാഗ്യം കൊണ്ടുമാത്രമാണ് ഓട്ടോഡ്രൈവര്‍ക്ക് ജീവാപായം സംഭവിക്കാതിരുന്നത്. വിജേഷിന്റെ അപകടമരണത്തോടെ ഒരു കുടുംബത്തിന്റെ അത്താണിയെയാണ് നഷ്ടമായത്. കോളിച്ചാലില്‍ പന്തലും പാത്രങ്ങളും വാടകയ്ക്ക് നല്‍കുന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു വിജേഷ്. മാതാപിതാക്കള്‍ക്ക് അവരുടെ ഏകമകനെ നഷ്ടമായിരിക്കുന്നു. കോളിച്ചാലിലെ ജോലിസ്ഥലത്തുനിന്ന് ബൈക്കില്‍ വീട്ടിലേക്ക് വരുമ്പോഴാണ് വിജേഷ് അപകടത്തില്‍പെട്ടത്. കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാനപാത നവീകരണം യാത്രക്കാരുടെ സുരക്ഷിതത്വത്തിന് വെല്ലുവിളിസൃഷ്ടിച്ചുകൊണ്ടാണ് മുന്നോട്ടുപോകുന്നത്. പല സ്ഥലത്തും കള്‍വര്‍ട്ട് നിര്‍മാണം പാതിവഴിയിലാണ്. വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സാധിക്കാത്ത വിധം രൂക്ഷമായ ഗതാഗതക്കുരുക്കാണ് ഇതുമൂലം അനുഭവപ്പെടുന്നത്. ദിവസവും നിരവധി ഇരുചക്രവാഹനങ്ങള്‍ സംസ്ഥാനപാതയിലെ കുഴികളില്‍ വീഴുന്നു. മൂന്ന് മാസം മുമ്പ് രാത്രിയില്‍ രാജപുരം വണ്ണാത്തിക്കാനത്തെ കള്‍വര്‍ട്ട് നിര്‍മാണത്തിനായി കുഴിച്ച കുഴിയില്‍ ബൈക്ക് വീണാണ് വിജേഷ് മരിച്ചത്. നവീകരണം നീണ്ടുപോകുകയും അപകടസാഹചര്യം നിലനില്‍ക്കുകയും ചെയ്യുമ്പോള്‍ യാത്രാസുരക്ഷിതത്വം നേരിടുന്നത് വലിയ ഭീഷണിയാണ്. കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാനപാത നവീകരണം 18 മാസം കൊണ്ട് പൂര്‍ത്തീകരിക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ പണി ഇഴഞ്ഞുനീങ്ങുകയാണ്. ഈ നില തുടര്‍ന്നാല്‍ നവീകരണം പൂര്‍ത്തിയാക്കാന്‍ വര്‍ഷങ്ങളെടുക്കും. കരാറുകാരുടെ ഭാഗത്തുനിന്നുള്ള ഇത്തരം അനാസ്ഥകള്‍ റോഡിലെ കുരുതികള്‍ വര്‍ധിക്കാന്‍ ഇടവരുത്തുന്നു. റോഡിലെ കുഴികാരണം സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ അപകടങ്ങളില്‍ പെട്ട് മരിക്കുകയും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. ഇതുസംബന്ധിച്ച പൊതുതാല്‍പര്യ ഹരജി സ്വീകരിച്ച ഹൈക്കോടതി റോഡിലെ കുഴികളെല്ലാം നികത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. റോഡ് തകരാന്‍ കാരണക്കാര്‍ കരാറുകാരനും ഉദ്യോഗസ്ഥരുമാണെന്ന് കോടതി രൂക്ഷമായ ഭാഷയില്‍ കുറ്റപ്പെടുത്തിയിരുന്നു. റോഡില്‍ കുഴികള്‍ രൂപപ്പെട്ടാല്‍ കരാറുകാര്‍ അടക്കം ഉത്തരവാദികളായ മുഴുവന്‍ പേര്‍ക്കുമെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. എന്നിട്ടും പലയിടങ്ങളിലും റോഡിലെ കുഴികള്‍ നികത്താനുള്ള യാതൊരു നടപടിയുമുണ്ടായില്ല. അധികൃതരുടെ ഭാഗത്തുനിന്നുള്ള തികഞ്ഞ അനാസ്ഥയാണ് കോളിച്ചാലിലെ വിജേഷ് അടക്കം നിരവധി പേരുടെ മരണത്തിന് കാരണമെന്നതില്‍ തര്‍ക്കമില്ല. സുരക്ഷിതമായ റോഡിലൂടെയുള്ള യാത്ര പൗരന്‍മാരുടെ അവകാശമാണ്. എത്രയോ വട്ടം പറഞ്ഞു. ഇനിയും പറയുന്നു. അരുത്. അനാസ്ഥ ആവര്‍ത്തിക്കരുത്. ഇത് വാഹനങ്ങള്‍ ഓടിക്കുന്നവരുടെയും യാത്ര ചെയ്യുന്നവരുടെയും ജീവന്റെ വിഷയമാണ്.

Related Articles
Next Story
Share it