തൊഴിലുറപ്പ് തൊഴിലാളികളെ വലയ്ക്കരുത്

തൊഴിലുറപ്പ് തൊഴിലാളികളെ അധികാരികള്‍ അവഗണിക്കുകയാണെന്നും ഇവരുടെ പ്രശ്നങ്ങളും പ്രയാസങ്ങളും പരിഹരിക്കുന്നില്ലെന്നുമുള്ള ആക്ഷേപം ശക്തമാവുകയാണ്. കാസര്‍കോട് ജില്ലയില്‍ ആറായിരത്തിലേറെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വേതനവും തൊഴിലും മുടങ്ങിയതായാണ് വിവരം. ഫെബ്രുവരി ഒന്നുമുതല്‍ എല്ലാ തൊഴിലുറപ്പ് തൊഴിലാളികളുടെയും വേതനവിതരണത്തിന് ആധാര്‍ ബേസ്ഡ് പേമെന്റ് സിസ്റ്റം നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ഈ ക്രമീകരണം വന്നതോടെ മസ്റ്റര്‍ റോളിലെ ഒരാള്‍ക്ക് ആധാര്‍ അധിഷ്ഠിത വേതനവിതരണസമ്പ്രദായം ലഭിച്ചില്ലെങ്കില്‍ മുഴുവന്‍ ആളുകള്‍ക്കും വേതനം ലഭിക്കില്ലെന്നതാണ് അവസ്ഥ. ഇത് ശരിയാക്കുന്നതുവരെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ മസ്റ്റര്‍ റോളില്‍ പേര് ചേര്‍ക്കാന്‍ സാധിക്കില്ലെന്നതാണ് മറ്റൊരു […]

തൊഴിലുറപ്പ് തൊഴിലാളികളെ അധികാരികള്‍ അവഗണിക്കുകയാണെന്നും ഇവരുടെ പ്രശ്നങ്ങളും പ്രയാസങ്ങളും പരിഹരിക്കുന്നില്ലെന്നുമുള്ള ആക്ഷേപം ശക്തമാവുകയാണ്. കാസര്‍കോട് ജില്ലയില്‍ ആറായിരത്തിലേറെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വേതനവും തൊഴിലും മുടങ്ങിയതായാണ് വിവരം. ഫെബ്രുവരി ഒന്നുമുതല്‍ എല്ലാ തൊഴിലുറപ്പ് തൊഴിലാളികളുടെയും വേതനവിതരണത്തിന് ആധാര്‍ ബേസ്ഡ് പേമെന്റ് സിസ്റ്റം നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ഈ ക്രമീകരണം വന്നതോടെ മസ്റ്റര്‍ റോളിലെ ഒരാള്‍ക്ക് ആധാര്‍ അധിഷ്ഠിത വേതനവിതരണസമ്പ്രദായം ലഭിച്ചില്ലെങ്കില്‍ മുഴുവന്‍ ആളുകള്‍ക്കും വേതനം ലഭിക്കില്ലെന്നതാണ് അവസ്ഥ. ഇത് ശരിയാക്കുന്നതുവരെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ മസ്റ്റര്‍ റോളില്‍ പേര് ചേര്‍ക്കാന്‍ സാധിക്കില്ലെന്നതാണ് മറ്റൊരു പ്രതിസന്ധി. ഈ സംവിധാനം ഉടന്‍ ശരിയായില്ലെങ്കില്‍ തൊഴിലാളികള്‍ക്ക് 90 മുതല്‍ 99 വരെ തൊഴില്‍ദിനങ്ങള്‍ ലഭിച്ച തൊഴിലാളികള്‍ക്ക് കനത്ത നഷ്ടമാണ് സഹിക്കേണ്ടിവരിക. 100 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ സംസ്ഥാനസര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന 1000 രൂപ ഇന്‍സെന്റീവും ഇക്കുറി നഷ്ടമാകും. മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഇതുസംബന്ധിച്ച പ്രശ്നം പഞ്ചായത്ത് തലങ്ങളില്‍ പരിഹരിക്കാന്‍ സാധിക്കില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്. ബാങ്കിലെത്തി കാര്യങ്ങള്‍ പറയുന്നതിനും തങ്ങള്‍ക്ക് പരിമിതിയുള്ളതായി തൊഴിലുറപ്പ് ജീവനക്കാര്‍ പറയുന്നു. ആധാര്‍ ബേസ്ഡ് പേമെന്റ് സിസ്റ്റം നടപ്പിലാക്കുന്നതിന് മുമ്പുവരെ ഗുണഭോക്താക്കള്‍ക്ക് മറ്റ് അക്കൗണ്ടിലേക്ക് വേതനം ലഭിക്കുന്നതിന് തടസമില്ലായിരുന്നു. ഇപ്പോഴത്തെ സാഹചര്യം തൊഴിലുറപ്പ് തൊഴിലാളികളെ ഏറെ ആശങ്കയിലാഴ്ത്തുകയാണ്. അധ്വാനിച്ചിട്ടും കൂലി കിട്ടാത്തതിന്റെ മനപ്രയാസമാണ് ഇപ്പോഴിവര്‍ പങ്കുവെക്കുന്നത്. വേതനവും തൊഴില്‍ ദിനങ്ങളും തങ്ങളുടേതല്ലാത്ത കാരണത്താല്‍ നിഷേധിക്കപ്പെടുമ്പോള്‍ ഇനി എന്തുചെയ്യുമെന്നറിയാതെ തൊഴിലുറപ്പ് തൊഴിലാളികള്‍ വിഷമവൃത്തത്തിലാണ്. ബാങ്കിലും തൊഴിലുറപ്പ് കാര്യങ്ങള്‍ നോക്കുന്ന ഓഫീസിലും കയറിയിറങ്ങി ഇവര്‍ മടുത്തിരിക്കുകയാണ്. മാര്‍ച്ച് മാസം വലിയ തിരക്കായതിനാല്‍ ബാങ്കിലെ ജീവനക്കാര്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വേണ്ട രീതിയില്‍ പരിഗണന നല്‍കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. തൊഴിലുറപ്പ് ജോലി മുമ്പത്തെ പോലെയല്ല. നല്ല അധ്വാനം തന്നെ വേണ്ടിവരുന്നുവെന്ന് തൊഴിലാളികള്‍ പറയുന്നു. മുമ്പ് അധ്വാനം കുറവായിരുന്നെങ്കിലും കൂലി കൃത്യമായി ലഭിക്കുമായിരുന്നു. ഇപ്പോള്‍ അധ്വാനം കൂടിയെങ്കിലും കൂലി എന്ന് കിട്ടുമെന്നതില്‍ അനിശ്ചിതാവസ്ഥ നിലനില്‍ക്കുകയാണ്. തൊഴിലുറപ്പ് ജോലിക്ക് പോകുന്നവരില്‍ ഭൂരിഭാഗവും പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. മറ്റ് തൊഴിലുകളൊന്നും ഇല്ലാത്തവര്‍ക്ക് ഇതില്‍ നിന്നും കിട്ടുന്ന വരുമാനം ചെറുതായെങ്കിലും ആശ്വാസം പകരുന്നുണ്ട്. അതുപോലും ഇല്ലാതാക്കുന്ന പുതിയ ക്രമീകരണങ്ങള്‍ തൊഴിലാളികളെ പാടുപെടുത്തുകയാണ്. ഇക്കാര്യത്തില്‍ അധികാരികള്‍ അടിയന്തരമായി ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണണം.

Related Articles
Next Story
Share it