തെരുവ് നായ്ക്കളില്‍ നിന്ന് കുരുന്നുകളെ ആര് രക്ഷിക്കും

കാസര്‍കോട് ജില്ലയില്‍ തെരുവ് നായ്ക്കളുടെ ശല്യം വീണ്ടും രൂക്ഷമാവുകയാണ്. നായ്ക്കളുടെ അക്രമണത്തിന് ഇരകളാകുന്നവരില്‍ ഏറെയും പിഞ്ചുകുട്ടികളാണ്. കഴിഞ്ഞ ദിവസം മുള്ളേരിയയില്‍ അഞ്ചുവയസുകാരിയായ ഋതികയെ തെരുവ് നായ കടിച്ചുകീറുകയായിരുന്നു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുഞ്ഞിന്റെ ചുണ്ട് ഓടിയെത്തിയ തെരുവ് നായ കടിച്ചുകീറുകയാണുണ്ടായത്. ഗുരുതരമായ പരിക്കുകളോടെ കുട്ടി ഇപ്പോള്‍ മംഗളൂരുവിലെ ആസ്പത്രിയില്‍ ചികില്‍സയിലാണ്. ചീമേനിയില്‍ വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന മൂന്ന് വയസുകാരനും മറ്റ് മൂന്നുപേര്‍ക്കും പേപ്പട്ടിയുടെ കടിയേറ്റതും ഇതേ ദിവസം തന്നെയാണ്.ചീമേനി എഞ്ചിനീയറിംഗ് കോളേജ് ഭാഗത്തുനിന്ന് ഓടിവന്ന നായയാണ് ടൗണിലെത്തിയവരെ കടിച്ചുപരിക്കേല്‍പ്പിച്ചത്. പലരും […]

കാസര്‍കോട് ജില്ലയില്‍ തെരുവ് നായ്ക്കളുടെ ശല്യം വീണ്ടും രൂക്ഷമാവുകയാണ്. നായ്ക്കളുടെ അക്രമണത്തിന് ഇരകളാകുന്നവരില്‍ ഏറെയും പിഞ്ചുകുട്ടികളാണ്. കഴിഞ്ഞ ദിവസം മുള്ളേരിയയില്‍ അഞ്ചുവയസുകാരിയായ ഋതികയെ തെരുവ് നായ കടിച്ചുകീറുകയായിരുന്നു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുഞ്ഞിന്റെ ചുണ്ട് ഓടിയെത്തിയ തെരുവ് നായ കടിച്ചുകീറുകയാണുണ്ടായത്. ഗുരുതരമായ പരിക്കുകളോടെ കുട്ടി ഇപ്പോള്‍ മംഗളൂരുവിലെ ആസ്പത്രിയില്‍ ചികില്‍സയിലാണ്. ചീമേനിയില്‍ വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന മൂന്ന് വയസുകാരനും മറ്റ് മൂന്നുപേര്‍ക്കും പേപ്പട്ടിയുടെ കടിയേറ്റതും ഇതേ ദിവസം തന്നെയാണ്.
ചീമേനി എഞ്ചിനീയറിംഗ് കോളേജ് ഭാഗത്തുനിന്ന് ഓടിവന്ന നായയാണ് ടൗണിലെത്തിയവരെ കടിച്ചുപരിക്കേല്‍പ്പിച്ചത്. പലരും നായയുടെ അക്രമണത്തില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. കടിയേറ്റവര്‍ കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയില്‍ ചികില്‍സയിലാണ്. ചീമേനി എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ഥിനിയായ അമൃതയെ കൂട്ടുകാര്‍ക്കൊപ്പം ടൗണില്‍ ബസിറങ്ങി നടന്നുവരുമ്പോഴാണ് വില്ലേജ് ഓഫീസിന് സമീപത്തുവെച്ച് നായ അക്രമിച്ചത്. മറ്റ് കുട്ടികള്‍ ബഹളം വെച്ചപ്പോള്‍ ഓടിയ നായ ഹൈസ്‌കൂളിന് മുന്നില്‍ കടയിലേക്ക് പോകുകയായിരുന്ന മനോജ് എന്നയാളെയും കടിച്ചുപരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് ചെറുവത്തൂര്‍ ബസ് സ്റ്റോപ്പിനടുത്ത് കടയിലേക്ക് പോകുകയായിരുന്ന രാജേശ്വരി എന്ന സ്ത്രീയെയും നായ കടിച്ചു.
വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെയാണ് മൂന്നുവയസുകാരന്‍ സാത്വികിനെ ഓടിയെത്തിയ നായ കടിച്ചുപരിക്കേല്‍പ്പിച്ചത്. ആലന്തട്ടയിലെ രണ്ടാംക്ലാസുകാരന്‍ പേപ്പട്ടിയുടെ കടിയേറ്റ് മരിച്ചത് ഒന്നരവര്‍ഷം മുമ്പാണ്. കഴിഞ്ഞ ദിവസം കുട്ടി അടക്കം നാലുപേരെ കടിച്ച നായയെ കണ്ടെത്താനാകാത്തത് നാട്ടുകാരില്‍ ആശങ്ക സൃഷ്ടിക്കുകയാണ്. നായ്ക്കളുടെ ശല്യം കാരണം ജനങ്ങള്‍ പുറത്തിറങ്ങി നടക്കാനാകാത്ത സ്ഥിതിയിലാണ്. മുമ്പ് കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ തെരുവ് നായ്ക്കളുടെ അക്രമണങ്ങള്‍ വ്യാപകമായി ഉണ്ടായപ്പോള്‍ നായ ശല്യം തടയാന്‍ ചില കര്‍മപദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നു. ഓരോ തദ്ദേശസ്ഥാപനങ്ങളുടെയും പരിധിയില്‍ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് നായ്ക്കളെ പിടികൂടി വന്ധ്യംകരിക്കുമെന്നായിരുന്നു അധികൃതരുടെ പ്രഖ്യാപനം. എന്നാല്‍ ഇക്കാര്യത്തില്‍ കാര്യമായ പ്രവര്‍ത്തനങ്ങളൊന്നും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. നായ്ക്കളെ പിടികൂടാന്‍ ആളില്ലെന്ന് പറഞ്ഞ് അധികൃതര്‍ കൈമലര്‍ത്തുകയാണ്. തെരുവ് നായ്ക്കളുടെ പ്രജനനം തടയുന്നതിനായി 2016ല്‍ കാസര്‍കോട് ജില്ലയില്‍ ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പദ്ധതി ആരംഭിച്ചിരുന്നു. എന്നാല്‍ തെരുവ് നായ്ക്കളുടെ വംശം പെരുകിയതല്ലാതെ ഒട്ടും കുറഞ്ഞില്ല. ജില്ലയിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും തീരദേശങ്ങളിലുമെല്ലാം തെരുവ് നായ്ക്കള്‍ അലഞ്ഞുതിരിയുകയാണ്. ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പദ്ധതി ഏതാനും മാസങ്ങളായി നിശ്ചലാവസ്ഥയിലാണുള്ളത്. ഇതിനായി തദ്ദേശസ്ഥാപനങ്ങള്‍ നല്‍കുന്ന ഫണ്ട് പോലും ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതി നിലനില്‍ക്കുന്നു. 2021-22 സാമ്പത്തികവര്‍ഷം 32 ലക്ഷം രൂപയാണ് നഷ്ടമായത്. എ.ബി.സി കേന്ദ്രങ്ങളുടെ നടത്തിപ്പിന് ഏജന്‍സികളില്ലാത്തത് പ്രധാന പ്രശ്നമാണ്. കാസര്‍കോട് എ.ബി.സി കേന്ദ്രം നടത്തിയിരുന്ന എന്‍.ജി.ഒയുടെ ലൈസന്‍സ് കാലാവധി ഈയിടെ തീര്‍ന്നിരുന്നു. പുതിയ എ.ബി.സി കേന്ദ്രം തുടങ്ങാനിരിക്കെയാണ് നായ്ക്കളുടെ വിളയാട്ടം വര്‍ധിച്ചിരിക്കുന്നത്. കുരുന്നുകള്‍ അടക്കമുള്ളവരെ തെരുവ് നായ്ക്കളില്‍ നിന്നും ആര് രക്ഷിക്കുമെന്ന ചോദ്യം ഉത്തരമില്ലാതെ അവശേഷിക്കുന്നു.

Related Articles
Next Story
Share it