കൊടുംചൂട് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ അവഗണിക്കരുത്

വെയിലില്‍ പണിയെടുക്കേണ്ടിവരുന്നവര്‍ക്ക് അധികൃതര്‍ നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പല സ്ഥലങ്ങളിലും പാലിക്കപ്പെടാതെ പോകുകയാണ്. രാവിലെ 11 മണിമുതല്‍ വൈകിട്ട് മൂന്നുമണിവരെ നേരിട്ട് വെയിലുകൊള്ളരുതെന്നാണ് നിര്‍ദേശം. എന്നാല്‍ ദേശീയപാതയുടെ ജോലി ചെയ്യുന്ന തൊഴിലാളികള്‍ നട്ടുച്ച നേരത്തും പണിയെടുക്കുന്ന കാഴ്ചകളാണ് പലയിടങ്ങളിലും കാണുന്നത്. ചൂട് 40 ഡിഗ്രി കടക്കുമ്പോഴും കടുത്ത ചൂട് ഏറ്റുവാങ്ങി പണിയെടുക്കുകയാണ് മിക്ക തൊഴിലാളികളും. ദേശീയപാതവികസനത്തിന്റെ ഭാഗമായി റോഡുപണിക്ക് പുറമെ പാലങ്ങളുടെയും മേല്‍പ്പാലങ്ങളുടെയും അടിപ്പാതകളുടെയും കലുങ്കുകളുടെയും പ്രവൃത്തികള്‍ തകൃതിയായി നടന്നുവരികയാണ്. തലപ്പാടി-ചെങ്കള റീച്ചില്‍ 1800 തൊഴിലാളികളാണ് റോഡ് പണിയില്‍ […]

വെയിലില്‍ പണിയെടുക്കേണ്ടിവരുന്നവര്‍ക്ക് അധികൃതര്‍ നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പല സ്ഥലങ്ങളിലും പാലിക്കപ്പെടാതെ പോകുകയാണ്. രാവിലെ 11 മണിമുതല്‍ വൈകിട്ട് മൂന്നുമണിവരെ നേരിട്ട് വെയിലുകൊള്ളരുതെന്നാണ് നിര്‍ദേശം. എന്നാല്‍ ദേശീയപാതയുടെ ജോലി ചെയ്യുന്ന തൊഴിലാളികള്‍ നട്ടുച്ച നേരത്തും പണിയെടുക്കുന്ന കാഴ്ചകളാണ് പലയിടങ്ങളിലും കാണുന്നത്. ചൂട് 40 ഡിഗ്രി കടക്കുമ്പോഴും കടുത്ത ചൂട് ഏറ്റുവാങ്ങി പണിയെടുക്കുകയാണ് മിക്ക തൊഴിലാളികളും. ദേശീയപാതവികസനത്തിന്റെ ഭാഗമായി റോഡുപണിക്ക് പുറമെ പാലങ്ങളുടെയും മേല്‍പ്പാലങ്ങളുടെയും അടിപ്പാതകളുടെയും കലുങ്കുകളുടെയും പ്രവൃത്തികള്‍ തകൃതിയായി നടന്നുവരികയാണ്. തലപ്പാടി-ചെങ്കള റീച്ചില്‍ 1800 തൊഴിലാളികളാണ് റോഡ് പണിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
ബിഹാര്‍, ഉത്തര്‍പ്രദേശ് ഭാഗങ്ങളില്‍ നിന്നുള്ളവരാണ് ഇവരില്‍ ഏറെ പേരും. ഇവരെല്ലാം പൊരിവെയിലത്താണ് പണിയെടുക്കുന്നത്. ഉച്ചക്ക് 12 മണിക്ക് പോലും കൊടുംവെയിലില്‍ പണിയെടുക്കുന്നരെ കാണുന്നുണ്ട്. ഉച്ചഭക്ഷണസമയത്ത് മാത്രമാണ് ഇവര്‍ വിശ്രമിക്കുന്നത്. ദേശീയപാത ജോലികള്‍ ചെയ്യുന്നവര്‍ക്ക് വേനല്‍ചൂട് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളള്‍ക്കനുസരിച്ച് സമയക്രമം ഉണ്ടാക്കേണ്ട ഉത്തരവാദിത്വം നിര്‍മാണ ഏജന്‍സികള്‍ക്കാണ്. രാവിലെ 11 മണി മുതല്‍ വൈകിട്ട് മൂന്ന് മണിവരെ തൊഴിലാളികള്‍ക്ക് വിശ്രമം അനുവദിക്കാന്‍ നടപടിയെടുക്കേണ്ട ഏജന്‍സികള്‍ ഇക്കാര്യത്തില്‍ താല്‍പ്പര്യം കാണിക്കാത്തതാണ് പ്രശ്നം. വെയിലില്‍ പണിയെടുക്കുന്ന പല തൊഴിലാളികള്‍ക്കും സൂര്യാഘാതം ഏല്‍ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ചിലപ്പോള്‍ സൂര്യാഘാതം മരണത്തിന് വരെ കാരണമായെന്ന് വരാം.
സൂര്യാഘാതം സംബന്ധിച്ച് കര്‍ശന മുന്നറിയിപ്പാണ് അധികൃതര്‍ നല്‍കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ സൂര്യാഘാതം ഏല്‍ക്കുന്ന സാഹചര്യം ഒഴിവാക്കപ്പെടേണ്ടതാണ്. ദേശീയപാതയുടെ ജോലിയില്‍ ഏര്‍പ്പെടുന്നത് മറുനാടന്‍ തൊഴിലാളികളാണെന്നതിനാല്‍ അവരുടെ ജീവന് വില കല്‍പ്പിക്കുന്നില്ലേയെന്ന സംശയമാണ് നിലനില്‍ക്കുന്നത്. ഇതരസംസ്ഥാനതൊഴിലാളികള്‍ സ്വമേധയാ സൂര്യാഘാതം ഏല്‍ക്കാതിരിക്കാനുള്ള മുന്‍കരുതലൊന്നും സ്വീകരിക്കുകയില്ല. അവരെ അതില്‍ നിന്നും രക്ഷപ്പെടുത്തുകയെന്നത് പണിയെടുപ്പിക്കുന്നവരുടെ ഉത്തരവാദിത്വമാണ്. പകലില്‍ ജോലി സമയം കുറച്ച് രാത്രിയില്‍ പണിയെടുപ്പിക്കുന്നതായിരിക്കും അഭികാമ്യം. വരും ദിവസങ്ങളില്‍ ചൂടിന്റെ കാഠിന്യം ഇനിയും വര്‍ധിക്കുമെന്നാണ് അധികൃതര്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.
വേഗത്തില്‍ പണിതീര്‍ക്കുന്നതിനായി കൊടുംവെയിലിലും തൊഴിലാളികളെ പണിയെടുപ്പിക്കാമെന്ന മനോഭാവം ഉപേക്ഷിക്കണം. തൊഴിലാളികളുടെ സുരക്ഷിതത്വം കൂടി കണക്കിലെടുക്കണം. ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ ശ്രദ്ധ പതിയേണ്ടത് അത്യാവശ്യമാണ്.

Related Articles
Next Story
Share it