ബ്രഹ്മപുരം നല്‍കുന്ന ദുരന്തപാഠം

ജനങ്ങളെ വിഷപ്പുക ശ്വസിപ്പിച്ച് ശ്വാസകോശരോഗികളാക്കി മാറ്റുന്ന ബ്രഹ്മപുരം നമുക്ക് നല്‍കുന്ന ദുരന്തപാഠം വലിയൊരു മുന്നറിയിപ്പാണ്. മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്താത്തതിന്റെ പരിണിതഫലമാണ് അവിടത്തെ ജനങ്ങള്‍ക്ക് അനുഭവിക്കേണ്ടിവന്നത്. ബ്രഹ്മപുരത്ത് ഒരാഴ്ചയിലേറെയായി മാലിന്യക്കൂമ്പാരം കത്തിക്കൊണ്ടിരിക്കുന്നു. വിഷപ്പുക ശ്വസിച്ച് നിരവധി പേര്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്. ശ്വാസകോശരോഗങ്ങള്‍ ബാധിച്ച് പലരും നരകയാതന അനുഭവിക്കുന്നു. അധികാരികളുടെ ഭാഗത്തുനിന്നുണ്ടാകുന്ന കെടുകാര്യസ്ഥതയാണ് ഇത്തരമൊരു ദുരന്തത്തിന് കാരണമായിരിക്കുന്നത്. ഈ മാലിന്യക്കൂമ്പാരത്തില്‍ ഭൂരിഭാഗവും ഒറ്റത്തവണ ഉപയോഗിച്ച ശേഷം ഉപേക്ഷിച്ച് പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളാണെന്ന വസ്തുത അതീവ ഗൗരവതരമാണ്. നിരോധിച്ച ഒറ്റത്തവണ […]

ജനങ്ങളെ വിഷപ്പുക ശ്വസിപ്പിച്ച് ശ്വാസകോശരോഗികളാക്കി മാറ്റുന്ന ബ്രഹ്മപുരം നമുക്ക് നല്‍കുന്ന ദുരന്തപാഠം വലിയൊരു മുന്നറിയിപ്പാണ്. മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്താത്തതിന്റെ പരിണിതഫലമാണ് അവിടത്തെ ജനങ്ങള്‍ക്ക് അനുഭവിക്കേണ്ടിവന്നത്. ബ്രഹ്മപുരത്ത് ഒരാഴ്ചയിലേറെയായി മാലിന്യക്കൂമ്പാരം കത്തിക്കൊണ്ടിരിക്കുന്നു. വിഷപ്പുക ശ്വസിച്ച് നിരവധി പേര്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്. ശ്വാസകോശരോഗങ്ങള്‍ ബാധിച്ച് പലരും നരകയാതന അനുഭവിക്കുന്നു. അധികാരികളുടെ ഭാഗത്തുനിന്നുണ്ടാകുന്ന കെടുകാര്യസ്ഥതയാണ് ഇത്തരമൊരു ദുരന്തത്തിന് കാരണമായിരിക്കുന്നത്. ഈ മാലിന്യക്കൂമ്പാരത്തില്‍ ഭൂരിഭാഗവും ഒറ്റത്തവണ ഉപയോഗിച്ച ശേഷം ഉപേക്ഷിച്ച് പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളാണെന്ന വസ്തുത അതീവ ഗൗരവതരമാണ്. നിരോധിച്ച ഒറ്റത്തവണ പ്ലാസ്റ്റിക് ഉള്‍പ്പന്നങ്ങള്‍ കേരളത്തില്‍ എങ്ങനെ സുലഭമായെന്ന ചോദ്യം കൂടി ബ്രഹ്മപുരം ദുരന്തം ഉയര്‍ത്തുന്നുണ്ട്. ഉപയോഗിച്ച ശേഷം ഉടന്‍ ഉപേക്ഷിക്കുന്ന ഇത്തരം പ്ലാസ്റ്റിക് ഉള്‍പ്പന്നങ്ങള്‍ 2020 ജനുവരിയില്‍ നിരോധിക്കപ്പെട്ടതാണ്. എന്നാല്‍ കേരളത്തിലെല്ലായിടത്തും ഇപ്പോഴും ഇതിന്റെ ഉപയോഗം വ്യാപകമാണ്. കേരളത്തില്‍ ഉല്‍പ്പാദനം പോലും നിര്‍ത്തിയിട്ടും സംസ്ഥാനത്ത് ഇത് സുലഭമാകാന്‍ കാരണം ഇതരസംസ്ഥാന ലോബികളാണ്.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും രഹസ്യമായി പ്ലാസ്റ്റിക് ഉള്‍പ്പന്നങ്ങള്‍ കേരളത്തിലേക്ക് ഒഴുകിയെത്തുന്നുണ്ട്. കര്‍ണാടക, തമിഴ്നാട്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് മലയാളികളായ ഏജന്റുമാര്‍ മുഖേന പ്ലാസ്റ്റിക് ഉള്‍പ്പന്നങ്ങള്‍ കേരളത്തിലേക്ക് എത്തുന്നത്. ഇതിനെതിരെ അധികൃതരുടെ ഭാഗത്തുനിന്ന് ശക്തമായ നടപടികളൊന്നും ഉണ്ടാകുന്നില്ല. കൃത്യമായ നിരീക്ഷണസംവിധാനമില്ലാത്തതും പിഴയീടാക്കുന്നതിനുള്ള നടപടികള്‍ കാര്യക്ഷമമല്ലാത്തതും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുമിഞ്ഞുകൂടാന്‍ ഇടയാക്കുകയാണ്. 120 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് കാരിബാഗുകള്‍ക്ക് വരെ കേന്ദ്രം നിരോധനമേര്‍പ്പെടുത്തുമ്പോള്‍ 20 മൈക്രോണ്‍ കാരിബാഗുകള്‍ കേരളത്തില്‍ സുലഭമായി ലഭിക്കുന്നുണ്ട്. 70 മൈക്രോണിന് വരെയാണ് നിലവില്‍ നിരോധനമുള്ളത്. ഒരിക്കല്‍ ഉപയോഗിച്ചുകഴിഞ്ഞാല്‍ വീണ്ടും ഉപയോഗിക്കാന്‍ സാധിക്കാത്തതിനാല്‍ മാലിന്യക്കൂമ്പാരത്തിലേക്കാണ് ഇവ എത്തിച്ചേരുന്നത്.
ബ്രഹ്മപുരത്ത് മാത്രമല്ല കേരളത്തിലെ എല്ലാ ഭാഗങ്ങളിലും മാലിന്യമലകളുണ്ട്. അവിടങ്ങളിലെല്ലാം പ്ലാസ്റ്റിക് കൂമ്പാരങ്ങളുമുണ്ട്. ബ്രഹ്മപുരത്ത് സംഭവിച്ചതുപോലെ മറ്റ് മാലിന്യമലകളിലും തീപിടുത്തം ഉണ്ടാകാനുള്ള സാധ്യതയേറെയാണ്. അതോടെ സംസ്ഥാനത്തെ പല ഭാഗങ്ങളിലും വിഷപ്പുക ശ്വസിക്കുന്നവരുടെ ദൈന്യത കാണേണ്ടിവരും. കേരളത്തെ സംബന്ധിച്ചിടത്തോളം മാലിന്യസംസ്‌കരണം പൊതുജനാരോഗ്യസംരക്ഷണം മുന്‍നിര്‍ത്തി അടിയന്തരമായി നടപ്പിലാക്കേണ്ടത് അനിവാര്യമാണ്. മാലിന്യങ്ങള്‍ വര്‍ധിക്കുമ്പോള്‍ അത് സംസ്‌കരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുകയെന്നത് ഭരണകൂടത്തിന്റെ വലിയ ഉത്തരവാദിത്വമാണ്. മാലിന്യസംസ്‌കരണത്തിനായി നിര്‍മിച്ച പല പ്ലാന്റുകളും ഇന്ന് നോക്കുകുത്തിയായി മാറിയിട്ടുണ്ട്. സംസ്‌കരിക്കപ്പെടാത്ത മാലിന്യങ്ങള്‍ക്ക് തീപിടിക്കുന്ന സംഭവം പുതിയ കാര്യമല്ല. മുമ്പ് പലയിടങ്ങളിലും മാലിന്യങ്ങള്‍ക്ക് തീപിടിച്ചതുമൂലം ജനങ്ങള്‍ ഏറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. എന്നാല്‍ ബ്രഹ്മപുരത്തുണ്ടായതുപോലെ രൂക്ഷമായ തോതില്‍ സംഭവിച്ചിരുന്നില്ല. പ്ലാസ്റ്റിക്കുകള്‍ അടക്കമുള്ള മാലിന്യങ്ങള്‍ പെരുകുമ്പോള്‍ ഇനിയുണ്ടാകുന്ന തീപിടുത്തങ്ങള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നതില്‍ തര്‍ക്കമില്ല. അതുകൊണ്ട് മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനുള്ള നടപടികള്‍ക്കൊപ്പം മുന്‍കരുതലും ആവശ്യമാണ്.

Related Articles
Next Story
Share it