ആവര്‍ത്തിക്കുന്ന മുങ്ങിമരണങ്ങളെ ഗൗരവത്തോടെ കാണണം

കേരളത്തില്‍ മുങ്ങിമരണങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് തികച്ചും ആശങ്കാജനകമാണ്. സമീപകാലത്തായി ഇത്തരം മരണങ്ങള്‍ സംസ്ഥാനത്ത് വര്‍ധിച്ചുവരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വിനോദയാത്ര പോകുന്നരാണ് പുഴകളിലെയും മറ്റ് ജലാശയങ്ങളിലെയും അപകടസാഹചര്യങ്ങള്‍ മനസിലാക്കാത്തതുമൂലം മുങ്ങിമരിക്കുന്നവരില്‍ ഭൂരിഭാഗവും. സ്‌കൂള്‍ വിനോദയാത്രക്കിടെ ഇടുക്കി മാങ്കുളത്ത് മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചതാണ് ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവം. കഴിഞ്ഞ വര്‍ഷം ജനുവരി ഒന്നുമുതല്‍ ഡിസംബര്‍ 31 വരെ വെള്ളളത്തില്‍ വീണ് 960 അപകടങ്ങളാണ് സംഭവിച്ചത്. ഇതില്‍ 557 പേര്‍ മരണപ്പെടുകയും ചെയ്തു. ഇങ്ങനെ മരിച്ചവരില്‍ 238 പേരും 30 […]

കേരളത്തില്‍ മുങ്ങിമരണങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് തികച്ചും ആശങ്കാജനകമാണ്. സമീപകാലത്തായി ഇത്തരം മരണങ്ങള്‍ സംസ്ഥാനത്ത് വര്‍ധിച്ചുവരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വിനോദയാത്ര പോകുന്നരാണ് പുഴകളിലെയും മറ്റ് ജലാശയങ്ങളിലെയും അപകടസാഹചര്യങ്ങള്‍ മനസിലാക്കാത്തതുമൂലം മുങ്ങിമരിക്കുന്നവരില്‍ ഭൂരിഭാഗവും. സ്‌കൂള്‍ വിനോദയാത്രക്കിടെ ഇടുക്കി മാങ്കുളത്ത് മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചതാണ് ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവം. കഴിഞ്ഞ വര്‍ഷം ജനുവരി ഒന്നുമുതല്‍ ഡിസംബര്‍ 31 വരെ വെള്ളളത്തില്‍ വീണ് 960 അപകടങ്ങളാണ് സംഭവിച്ചത്. ഇതില്‍ 557 പേര്‍ മരണപ്പെടുകയും ചെയ്തു. ഇങ്ങനെ മരിച്ചവരില്‍ 238 പേരും 30 വയസില്‍ താഴെ പ്രായമുള്ളവരാണ്. ഈ വര്‍ഷം രണ്ടുമാസത്തിനിടെ സംസ്ഥാനത്ത് മുങ്ങിമരിച്ചത് അമ്പതിലേറെ പേരാണ്. കടുത്ത വേനലില്‍ പോലും മുങ്ങിമരിക്കുന്നവരുടെ എണ്ണം പെരുകുന്നുവെന്നതാണ് വാസ്തവം. നീന്തല്‍ അറിയുന്നവര്‍ പോലും ചില പ്രത്യേക സാഹചര്യങ്ങളില്‍ മുങ്ങിമരിക്കുകയാണ് ചെയ്യുന്നത്. അപകടസാധ്യത നിലനില്‍ക്കുന്ന പുഴകളിലും മറ്റ് ജലാശയങ്ങളിലും നീന്തല്‍ അറിഞ്ഞാലും ദുരന്തം സംഭവിക്കാമെന്നതാണ് സ്ഥിതി. ചെറിയ രീതിയില്‍ നീന്തല്‍ പഠിച്ചാല്‍ പുഴകളിലും കടലിലുമൊക്കെ ധൈര്യമായി ഇറങ്ങാമെന്നാണ് പലരുടെയും ധാരണ. ജലാശയങ്ങളിലെ ആഴത്തെക്കുറിച്ചും ഒഴുക്കിന്റെ സ്വഭാവത്തെക്കുറിച്ചും പലര്‍ക്കും വ്യക്തമായ ധാരണ ഉണ്ടാകുന്നില്ല. കുട്ടികളെ സംബന്ധിച്ചിടത്തോളം പുഴകളും ജലാശയങ്ങളും ആവേശമാണ്. അപകടത്തെക്കുറിച്ചൊന്നും ചിന്തിക്കാതെ അവര്‍ വെള്ളത്തിലേക്ക് എടുത്തുചാടുന്നു. അപകടത്തില്‍പെടുന്നവരെ കൂടെയുള്ളവര്‍ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നത് കൂടുതല്‍ അപകടങ്ങള്‍ക്ക് കാരണമാകുകയാണ്. രക്ഷിക്കാന്‍ ശ്രമിക്കുന്നവരുടെ ജീവനും ഹാനി സംഭവിച്ചുവെന്ന് വരാം. അതുകൊണ്ട് വെള്ളത്തില്‍ മുങ്ങിത്താഴുന്നവരെ എങ്ങനെ രക്ഷിക്കാമെന്നതിനെക്കുറിച്ച് ശാസ്ത്രീയമായ അറിവ് ആവശ്യമാണ്. മുങ്ങുന്നവരുടെ ശരീരത്തില്‍ പിടിക്കുന്നത് രക്ഷിക്കാന്‍ ശ്രമിക്കുന്നവരും ആഴത്തിലേക്ക് വലിച്ചുതാഴ്ത്തപ്പെടാന്‍ ഇടവരുത്തും. തങ്ങളുടെ ശരീരത്തില്‍ അപകടത്തില്‍പെടുന്നവര്‍ക്ക് പിടുത്തം കിട്ടാത്ത വിധത്തില്‍ മുടിയില്‍ പിടിച്ച് കരയിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ ആരുടെ ജീവനും ഹാനി സംഭവിക്കുകയില്ല. മുങ്ങിമരണം തടയുന്നതിന് വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ വ്യക്തമായ അവബോധം തന്നെ വേണ്ടിവരും. നിലയില്ലാക്കയങ്ങളില്‍ അകപ്പെടുമ്പോള്‍ എങ്ങനെ രക്ഷപ്പെടാന്‍ സാധിക്കുമെന്നതിനെക്കുറിച്ചുള്ള അറിവ് സാധാരണ നീന്തല്‍ പഠിച്ചവര്‍ക്ക് ഉണ്ടാകാറില്ല. അതുകൊണ്ട് വിദഗ്ധ നീന്തല്‍ പരിശീലനം തന്നെ ലഭ്യമാക്കുന്നതിനുള്ള സംവിധാനം സംസ്ഥാനത്തെ എല്ലാ ഭാഗങ്ങളിലും ഉണ്ടാകണം. ആധുനികസംവിധാനങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള നീന്തല്‍ പരിശീലനമാണ് അനിവാര്യമായിരിക്കുന്നത്.

Related Articles
Next Story
Share it