ഏറ്റുമുട്ടലിന്റെ പാത ഗുണകരമല്ല

കേരളത്തില്‍ രണ്ട് അധികാരകേന്ദ്രങ്ങള്‍ ഏറ്റുമുട്ടലിന്റെ പാതയിലാണ്. സംസ്ഥാനസര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ ഇപ്പോള്‍ ഭരണപ്രക്രിയയെ തന്നെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ തുറന്ന പോരിലെത്തിയിരിക്കുകയാണ്. സംസ്ഥാനത്തെ 9 സര്‍വകലാശാലകളിലെ വൈസ് ചാന്‍സിലര്‍മാര്‍ ഉടന്‍ രാജിവെക്കണമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രഖ്യാപനത്തോടെയാണ് സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കിയത്. ഗവര്‍ണറുടെ നിലപാടുകള്‍ക്കെതിരെ ഭരണപക്ഷം നിരന്തരം വിമര്‍ശനങ്ങളുന്നയിച്ചിരുന്നുവെങ്കിലും ഇതാദ്യമായി സമരത്തിലേക്ക് അവര്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. ഇന്നലെ എല്‍.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനവ്യാപകമായാണ് പ്രതിഷേധപ്രകടനങ്ങള്‍ നടന്നത്. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരുമെല്ലാം നിശിതമായ ഭാഷയിലാണ് […]

കേരളത്തില്‍ രണ്ട് അധികാരകേന്ദ്രങ്ങള്‍ ഏറ്റുമുട്ടലിന്റെ പാതയിലാണ്. സംസ്ഥാനസര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ ഇപ്പോള്‍ ഭരണപ്രക്രിയയെ തന്നെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ തുറന്ന പോരിലെത്തിയിരിക്കുകയാണ്. സംസ്ഥാനത്തെ 9 സര്‍വകലാശാലകളിലെ വൈസ് ചാന്‍സിലര്‍മാര്‍ ഉടന്‍ രാജിവെക്കണമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രഖ്യാപനത്തോടെയാണ് സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കിയത്. ഗവര്‍ണറുടെ നിലപാടുകള്‍ക്കെതിരെ ഭരണപക്ഷം നിരന്തരം വിമര്‍ശനങ്ങളുന്നയിച്ചിരുന്നുവെങ്കിലും ഇതാദ്യമായി സമരത്തിലേക്ക് അവര്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. ഇന്നലെ എല്‍.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനവ്യാപകമായാണ് പ്രതിഷേധപ്രകടനങ്ങള്‍ നടന്നത്. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരുമെല്ലാം നിശിതമായ ഭാഷയിലാണ് ഗവര്‍ണറുടെ നടപടിയെ വിമര്‍ശിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ ആജ്ഞാനുവര്‍ത്തിയായി രാഷ്ട്രീയപ്രേരിതമായാണ് ഗവര്‍ണര്‍ സര്‍ക്കാരിനെതിരെ നീക്കം നടത്തുന്നതെന്നാണ് ഇടതുപക്ഷം കുറ്റപ്പെടുത്തുന്നത്. വൈസ് ചാന്‍സലര്‍മാര്‍ രാജിവെക്കണമെന്ന ഗവര്‍ണറുടെ ആവശ്യം സര്‍ക്കാര്‍ തള്ളിയതോടെ രാജിവെക്കാത്തവരെ പുറത്താക്കുമെന്ന മുന്നറിയിപ്പാണ് പിന്നീട് ഗവര്‍ണര്‍ നല്‍കിയത്. എന്തുതന്നെയായാലും സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് തെരുവിലേക്ക് നീങ്ങുന്ന കാഴ്ചയാണ് കാണുന്നത്. സര്‍വകലാശാലകളില്‍ ചട്ടങ്ങളും നിയമങ്ങളും മറികടന്നുകൊണ്ട് നിയമനം നടത്തുന്നുവെന്ന് ഗവര്‍ണര്‍ നേരത്തെ ആരോപണമുന്നയിച്ചിരുന്നു. ഇതേ ചൊല്ലിയുള്ള ആരോപണ-പ്രത്യാരോപണങ്ങള്‍ സര്‍ക്കാരും ഗവര്‍ണറും തമ്മിലുണ്ടായിരുന്നു. ഗവര്‍ണറെ അനുനയിപ്പിച്ച് പ്രശ്നപരിഹാരത്തിനുള്ള ശ്രമം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായെങ്കിലും അതോന്നും ഫലപ്രദമായില്ല. സര്‍ക്കാരിനെതിരെ ഗവര്‍ണര്‍ നിലപാട് ഒന്നുകൂടി കടുപ്പിക്കുകയാണുണ്ടായത്. ഗവര്‍ണര്‍ ആരുടെയൊക്കെയോ അജണ്ടക്കനുസരിച്ച് പ്രവര്‍ത്തിക്കുകയാണെന്ന ആരോപണം മുഖ്യമന്ത്രി ആവര്‍ത്തിച്ചിരിക്കുകയാണ്. സര്‍വകലാശാലകളില്‍ ചട്ടവിരുദ്ധമായി നിയമനം നടന്നിട്ടുണ്ടെങ്കില്‍ അതിന്റെ പ്രധാന ഉത്തരവാദിത്വം ചാന്‍സലര്‍ എന്ന നിലയ്ക്ക് ഗവര്‍ണര്‍ക്കാണെന്നും ആദ്യം രാജിവെക്കേണ്ടത് അദ്ദേഹമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു. സര്‍വകലാശാലനിയമനവിവാദത്തില്‍ ആദ്യഘട്ടത്തില്‍ ഗവര്‍ണറുടെ നിലപാടിനൊപ്പം നിന്ന യു.ഡി.എഫിലും ഇപ്പോള്‍ ഈ വിഷയത്തില്‍ ശക്തമായ ഭിന്നതയാണ് നിലനില്‍ക്കുന്നത്. കോണ്‍ഗ്രസിലെ ഭൂരിഭാഗം നേതാക്കളും ഗവര്‍ണറെ അനുകൂലിക്കുമ്പോള്‍ കെ.സി വേണുഗോപാലിനെ പോലുള്ള നേതാക്കള്‍ മുഖ്യമന്ത്രിയുടെ അഭിപ്രായത്തെയാണ് പിന്തുണയ്ക്കുന്നത്. വി.ഡി. സതീശനും കെ സുധാകരനും രമേശ് ചെന്നിത്തലയും ഗവര്‍മറുടെ വാദത്തെ പിന്താങ്ങുന്നു. അതേ സമയം യു.ഡി.എഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ലിംലീഗ് രൂക്ഷമായ ഭാഷയിലാണ് ഗവര്‍ണറുടെ നടപടിയെ വിമര്‍ശിച്ചത്. മുമ്പ് ലീഗ് ഗവര്‍ണര്‍ക്ക് അനുകൂലമായ നിലപാടിലായിരുന്നു. സര്‍ക്കാരും ഗവര്‍ണറും രണ്ട് തട്ടിലായി പടയോട്ടം നടത്തുമ്പോള്‍ അത് സംസ്ഥാനഭരണത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിനാണ് വിഘാതം സൃഷ്ടിക്കുന്നത്. വികസനപ്രവര്‍ത്തനങ്ങളെയടക്കം ഈ പോര് ദോഷകരമായി ബാധിക്കും. ഏറ്റുമുട്ടലിന്റെ വഴി അവസാനിപ്പിച്ച് സംയമനത്തിന്റെ രീതിയില്‍ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ സര്‍ക്കാരും ഗവര്‍ണറും തയ്യാറാകണം.

Related Articles
Next Story
Share it