പാളത്തിലെ കുരുതികള്‍ തടയാന്‍ നടപടി വേണം

കാസര്‍കോട് ജില്ലയില്‍ തീവണ്ടി തട്ടിയുള്ള മരണങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യുന്ന സംഭവങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ റെയില്‍പാളം മുറിച്ചുകടക്കുന്നതിനിടെയുണ്ടാകുന്ന അപകടമരണങ്ങളും പെരുകുന്നു. ഇത് തികച്ചും ആശങ്കാജനകവും വേദനാജനകവുമാണ്. പാളം മുറിച്ചുകടക്കുന്നവരുടെ അശ്രദ്ധ മാത്രമല്ല അധികൃതരുടെ അനാസ്ഥയും ഇതിന് കാരണമാണ്. കാസര്‍കോട് ജില്ലയിലെ പ്രധാന റെയില്‍വെ സ്റ്റേഷനുകളില്‍ പാളം മുറിച്ചുകടക്കുന്നത് അപകടസാധ്യതകള്‍ വര്‍ധിപ്പിക്കുകയാണ്. യാത്രക്കാരുടെ ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത് ഇത്തരം സ്റ്റേഷനുകളിലാണ്. കാസര്‍കോട്, കാഞ്ഞങ്ങാട്, കുമ്പള, ഉപ്പള, മഞ്ചേശ്വരം, ബേക്കല്‍, നീലേശ്വരം, ചെറുവത്തൂര്‍ റെയില്‍വെ […]

കാസര്‍കോട് ജില്ലയില്‍ തീവണ്ടി തട്ടിയുള്ള മരണങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യുന്ന സംഭവങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ റെയില്‍പാളം മുറിച്ചുകടക്കുന്നതിനിടെയുണ്ടാകുന്ന അപകടമരണങ്ങളും പെരുകുന്നു. ഇത് തികച്ചും ആശങ്കാജനകവും വേദനാജനകവുമാണ്. പാളം മുറിച്ചുകടക്കുന്നവരുടെ അശ്രദ്ധ മാത്രമല്ല അധികൃതരുടെ അനാസ്ഥയും ഇതിന് കാരണമാണ്. കാസര്‍കോട് ജില്ലയിലെ പ്രധാന റെയില്‍വെ സ്റ്റേഷനുകളില്‍ പാളം മുറിച്ചുകടക്കുന്നത് അപകടസാധ്യതകള്‍ വര്‍ധിപ്പിക്കുകയാണ്. യാത്രക്കാരുടെ ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത് ഇത്തരം സ്റ്റേഷനുകളിലാണ്. കാസര്‍കോട്, കാഞ്ഞങ്ങാട്, കുമ്പള, ഉപ്പള, മഞ്ചേശ്വരം, ബേക്കല്‍, നീലേശ്വരം, ചെറുവത്തൂര്‍ റെയില്‍വെ സ്റ്റേഷനുകളിലൊക്കെയും ദിവസവും യാത്രക്കാരുടെ തിരക്കുണ്ടാകാറുണ്ട്. മേല്‍പ്പാലങ്ങള്‍ ഉണ്ടായിട്ടുപോലും ഇത്തരം റെയില്‍വെ സ്റ്റേഷനുകളില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ പാളം മുറിച്ചുകടക്കുന്നതായി കാണാം. മേല്‍പ്പാലത്തിലേക്ക് കടക്കാന്‍ മടിയുള്ളവര്‍ എളുപ്പത്തില്‍ അപ്പുറമെത്താനാണ് അപകടകരമായ സാഹചര്യത്തില്‍ പാളം കടക്കുന്നത്. ഇതുമൂലമുണ്ടാകുന്ന അപകടമരണങ്ങള്‍ സമീപകാലത്തായി വര്‍ധിച്ചിരിക്കുകയാണ്. ഏറ്റവുമൊടുവില്‍ കാഞ്ഞങ്ങാട്ട് പാളം മുറിച്ചുകടക്കുന്നതിനിടെ സ്‌കൂള്‍ വിദ്യാര്‍ഥിനി ട്രെയിന്‍ തട്ടി മരിച്ച സംഭവം നാടിനെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയായ പവിത്ര എന്ന പെണ്‍കുട്ടിയുടെ ജീവനാണ് പാളത്തില്‍ പൊലിഞ്ഞുപോയത്. പവിത്ര സ്‌കൂള്‍ വിട്ട ശേഷം താമസസ്ഥലത്തേക്ക് പോകാന്‍ കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനോട് ചേര്‍ന്നുള്ള കൊവ്വല്‍ എ.കെ.ജി ക്ലബ്ബിന് സമീപത്തെ പാളത്തിലൂടെ നടന്നുപോകുമ്പോഴാണ് അപകടം സംഭവിച്ചത്. അവിടെ നിര്‍ത്തിയിട്ട ഗുഡ്സ് ട്രെയിനിന് അടിയിലൂടെ നടന്ന് മറുഭാഗത്തെ പാളത്തിലെത്തിയപ്പോള്‍ കുട്ടിയെ മംഗളൂരു ഭാഗത്തേക്ക് പോകുകയായിരുന്ന ട്രെയിന്‍ ഇടിക്കുകയായിരുന്നു. തല്‍ക്ഷണം തന്നെ മരണവും സംഭവിച്ചു. 30 വര്‍ഷം മുമ്പാണ് പവിത്രയുടെ കുടുംബം തമിഴ്നാട്ടിലെ തേനിയില്‍ നിന്നുവന്ന് കാഞ്ഞങ്ങാട്ട് താമസമാരംഭിച്ചത്. പവിത്രയുടെ അമ്മ വര്‍ഷങ്ങള്‍ക്കുമുമ്പ് ആത്മഹത്യ ചെയ്യുകയും അച്ഛന്‍ വീടുവിട്ട് പോകുകയും ചെയ്തു. പവിത്രയുടെ അമ്മയുടെ അച്ഛനാണ് കുട്ടിയെ വളര്‍ത്തിയത്. ഏകപ്രതീക്ഷയായിരുന്ന കുട്ടിയുടെ മരണം മുത്തച്ഛനെ വല്ലാതെ തളര്‍ത്തിയിരിക്കുകയാണ്. കുട്ടി പാളം മുറിച്ചുകടക്കുമ്പോള്‍ ജാഗ്രത പാലിച്ചില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ അധികൃതരും പവിത്രയുടെ മരണത്തിന് ഉത്തരവാദികള്‍ തന്നെയാണ്. കൊവ്വലില്‍ മേല്‍നടപ്പാലം നിര്‍മിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചില്ല. വര്‍ഷങ്ങളായി ഇത്തരമൊരു ആവശ്യം നാട്ടുകാര്‍ ഉന്നയിക്കുന്നുണ്ട്. ഇതുസംബന്ധിച്ച് റെയില്‍വെ ജനറല്‍ മാനേജരെ അടക്കം കണ്ട് നിവേദനം നല്‍കിയിരുന്നു. ജനപ്രതിനിധികള്‍ക്കും നിവേദനം നല്‍കിയിരുന്നു. എന്നാല്‍ റെയില്‍വെ അധികൃതര്‍ ഇത് അവഗണിക്കുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ മേല്‍നടപ്പാലം നിര്‍മിക്കാന്‍ നഗരസഭ പദ്ധതി തയ്യാറാക്കി റെയില്‍വെക്ക് സമര്‍പ്പിച്ചിരുന്നെങ്കിലും ഇതിന് അനുമതി നല്‍കാന്‍ റെയില്‍വെ തയ്യാറായില്ല. ദിവസവും നൂറുകണക്കിന് ആളുകള്‍ കൊവ്വലില്‍ പാളം മുറിച്ചുകടക്കുന്നുണ്ട്. ആവിക്കര, കുശാല്‍ നഗര്‍ എന്നിവിടങ്ങളിലെ ആളുകളില്‍ ഭൂരിഭാഗവും കാഞ്ഞങ്ങാട് നഗരത്തിലെത്തുന്നത് ഈ പാളം മുറിച്ചുകടന്നാണ്. കാഞ്ഞങ്ങാട് നഗരത്തില്‍ നിന്ന് നിത്യാനന്ദ പോളിടെക്നിക് കോളേജ്, എഞ്ചിനീയറിംഗ് കോളേജ് എന്നിവിടങ്ങളിലേക്ക് വിദ്യാര്‍ഥികള്‍ കടന്നുപോകുന്നതും ഈ പാളത്തിലൂടെയാണ്. വൈകുന്നേരങ്ങളില്‍ ഇവിടെ പതിവായി ഗുഡ്സ് ട്രെയിന്‍ നിര്‍ത്തിയിടുന്നുണ്ട്. ട്രെയിന്‍ നിര്‍ത്തിയിട്ടാല്‍ ഇതിനടിയിലൂടെ നുഴഞ്ഞ് പോയാണ് ആളുകള്‍ മറുഭാഗത്തെ പാളത്തിലേക്ക് കയറുന്നത്. ഈ രീതിയില്‍ പോകുമ്പോഴാണ് വിദ്യാര്‍ഥിനിയെ മറ്റൊരു ട്രെയിന്‍ ഇടിച്ചുവീഴ്ത്തിയത്. സമാനമായ സാഹചര്യം ജില്ലയിലെ പല ഭാഗങ്ങളിലുമുണ്ട്. റെയില്‍വെ മേല്‍പ്പാലങ്ങളും മേല്‍ നടപ്പാലങ്ങളും ആവശ്യമുള്ളിടത്ത് നിര്‍മിച്ച് അപകടങ്ങള്‍ തടയാന്‍ റെയില്‍വെ അധികൃതര്‍ ഇനിയെങ്കിലും നടപടി സ്വീകരിക്കണം.

Related Articles
Next Story
Share it