വൈദ്യുതി ഉപഭോക്താക്കള്‍ക്ക് പിന്നെയും ആഘാതം

അടിക്കടി വൈദ്യുതി നിരക്ക് കൂട്ടുന്നത് മൂലം പൊതുവെ പ്രതിസന്ധിയിലായ കേരളത്തിലെ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് പിന്നെയും ആഘാതമുണ്ടാക്കുന്ന നീക്കമാണ് കെ.എസ്.ഇ.ബിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. അടുത്ത നാലുവര്‍ഷവും നിരക്ക് കുത്തനെ ഉയര്‍ത്തണമെന്നാണ് കഴിഞ്ഞ ദിവസം കെ.എസ്.ഇ.ബി ആവശ്യപ്പെട്ടിരിക്കുന്നത്. വീട്ടുവൈദ്യുതി നിരക്കും ഫിക്സഡ് ചാര്‍ജും വര്‍ധിപ്പിക്കണമെന്ന കെ.എസ്.ഇ.ബിയുടെ ആവശ്യം സംസ്ഥാനത്തെ ദരിദ്ര-ഇടത്തരം കുടുംബങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കഴിഞ്ഞ വര്‍ഷം ഏര്‍പ്പെടുത്തിയ നിരക്ക് വര്‍ധനയുടെ ആഘാതം കുടുംബങ്ങളെ വിട്ടുമാറിയിട്ടില്ല. ഇതിനിടയിലാണ് വീണ്ടും നിരക്ക് വര്‍ധനയ്ക്ക് റെഗുലേറ്ററി കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കമ്മീഷന്‍ […]

അടിക്കടി വൈദ്യുതി നിരക്ക് കൂട്ടുന്നത് മൂലം പൊതുവെ പ്രതിസന്ധിയിലായ കേരളത്തിലെ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് പിന്നെയും ആഘാതമുണ്ടാക്കുന്ന നീക്കമാണ് കെ.എസ്.ഇ.ബിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. അടുത്ത നാലുവര്‍ഷവും നിരക്ക് കുത്തനെ ഉയര്‍ത്തണമെന്നാണ് കഴിഞ്ഞ ദിവസം കെ.എസ്.ഇ.ബി ആവശ്യപ്പെട്ടിരിക്കുന്നത്. വീട്ടുവൈദ്യുതി നിരക്കും ഫിക്സഡ് ചാര്‍ജും വര്‍ധിപ്പിക്കണമെന്ന കെ.എസ്.ഇ.ബിയുടെ ആവശ്യം സംസ്ഥാനത്തെ ദരിദ്ര-ഇടത്തരം കുടുംബങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കഴിഞ്ഞ വര്‍ഷം ഏര്‍പ്പെടുത്തിയ നിരക്ക് വര്‍ധനയുടെ ആഘാതം കുടുംബങ്ങളെ വിട്ടുമാറിയിട്ടില്ല. ഇതിനിടയിലാണ് വീണ്ടും നിരക്ക് വര്‍ധനയ്ക്ക് റെഗുലേറ്ററി കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കമ്മീഷന്‍ ഇത് അംഗീകരിച്ചാല്‍ പുതിയ നിരക്ക് ഏപ്രിലില്‍ വരും. സംസ്ഥാന വൈദ്യുതി ബോര്‍ഡ് ഇതുസംബന്ധിച്ച് നല്‍കിയ അപേക്ഷയില്‍ കാര്യമായ വര്‍ധനവുണ്ടാകുന്നത് വീട്ടുവൈദ്യുതിക്ക് തന്നെയാണ്. ഫിക്സഡ് ചാര്‍ജിനെ ബോര്‍ഡ് വരുമാനവര്‍ധനവിനുള്ള സാധ്യതയായി ബോര്‍ഡ് പ്രയോജനപ്പെടുത്തുകയാണ് ചെയ്യുന്നത്. എല്ലാ വര്‍ഷവും ഫിക്സഡ് ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള ശ്രമമാണ് നടന്നുവരുന്നത്. മാസം 250 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന വീട്ടുകാര്‍ക്ക് ലഭിച്ചുവരുന്ന ആദ്യയൂണിറ്റുകളിലെ കുറഞ്ഞ നിരക്കിന്റെ ആനുകൂല്യം 200 യൂണിറ്റ് വരെയായി പരിമിതപ്പെടുത്താനുള്ള പദ്ധതിയും കെ.എസ്.ഇ.ബിക്കുണ്ട്. വൈദ്യുതി ബോര്‍ഡ് റഗുലേറ്ററി കമ്മീഷന് നല്‍കിയ പുതിയ ശുപാര്‍ശയില്‍ 201 യൂണിറ്റ് മുതല്‍ എല്ലാ യൂണിറ്റിനും ഒരേ നിരക്ക് ഈടാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത നാലുവര്‍ഷത്തേക്ക് നിരക്ക് വര്‍ധനവിലൂടെ ഈടാക്കി നല്‍കണമെന്ന് ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത് 2381 കോടി രൂപയാണ്. ഇതില്‍ 1606 കോടി രൂപയും ചുമത്തുന്നത് വീട്ടുവൈദ്യുതിക്കാണ്. വാണിജ്യ ഉപഭോക്താക്കള്‍ക്ക് 412 കോടിയുടെ ബാധ്യത മാത്രമാണ് വരുന്നത്. വ്യവസായങ്ങള്‍ക്കും നാമമാത്രമായ വര്‍ധനവാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. നികുതി കൂട്ടുകയും വെള്ളക്കരം വര്‍ധിപ്പിക്കുകയും ചെയ്തതോടെ ഗാര്‍ഹിക ഉപഭോക്താക്കള്‍ കടുത്ത സാമ്പത്തിക ബാധ്യത നേരിടുകയാണ്. ഇതിന് പുറമെ വീട്ടുവൈദ്യുതി പിന്നെയും കൂട്ടിയാല്‍ അത് ഗാര്‍ഹിക ഉപഭോക്താക്കളുടെ ദുരിതത്തിന് ആക്കം കൂട്ടും. യാതൊരു തത്വദീക്ഷയുമില്ലാതെ വെള്ളത്തിനും വൈദ്യുതിക്കും വില കൂട്ടിക്കൊണ്ടിരിക്കുന്നതിനിനെതിരെ പൊതുവെ പ്രതിഷേധം ശക്തമാണ്. അരി അടക്കമുള്ള അവശ്യസാധനങ്ങളുടെ വിലക്കയറ്റം കുടുംബ ബജറ്റുകളെ ആകെ താളം തെറ്റിച്ച സ്ഥിതിയാണ് ഉണ്ടാക്കിയിരിക്കുന്നത്. വിലക്കയറ്റം പിടിച്ചുനിര്‍ത്താനുള്ള നടപടികളൊന്നും ഉണ്ടാകുന്നില്ല. കോവിഡിനെ തുടര്‍ന്ന് കേരളത്തിലെ വലിയൊരു വിഭാഗം ജനങ്ങള്‍ തൊഴില്‍ രഹിതരായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് അമിതഭാരമുണ്ടാക്കുന്ന നയങ്ങള്‍ അംഗീകരിക്കാനാകില്ല. വൈദ്യുതി നിരക്ക് ഇനിയും വര്‍ധിപ്പിക്കുന്ന സാഹചര്യമുണ്ടാകരുത്. വിലക്കയറ്റം കര്‍ശനമായി തടയുകയും വേണം.

Related Articles
Next Story
Share it