പട്ടികജാതി വിഭാഗങ്ങള്‍ക്കെതിരെ പെരുകുന്ന അക്രമങ്ങള്‍

കേരളത്തില്‍ പട്ടികജാതി-വര്‍ഗവിഭാഗങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നത് തികച്ചും ആശങ്കാജനകമാണ്. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി 1,257 പേരാണ് അതിക്രമങ്ങള്‍ക്ക് ഇരകളായതെന്നാണ് ഔദ്യോഗിക കണക്ക്. ഇതില്‍ 1,082 പേര്‍ പട്ടികജാതിവിഭാഗത്തിലും 175 പേര്‍ പട്ടികവര്‍ഗവിഭാഗത്തിലും ഉള്‍പ്പെട്ടവരാണ്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പട്ടികജാതി-വര്‍ഗ വിഭാഗങ്ങളില്‍ പെട്ടവര്‍ അതിക്രമത്തിനിരകളായവരെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഏറ്റവും കുറവ് കണ്ണൂര്‍ ജില്ലയിലാണ്. കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 13 കൊലപാതകക്കേസുകളാണ്. ഗുരുതരമായി അക്രമിക്കപ്പെട്ടത് 104 പേരാണ്. മറ്റുവിഭാഗങ്ങളിലായി 872 കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. […]

കേരളത്തില്‍ പട്ടികജാതി-വര്‍ഗവിഭാഗങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നത് തികച്ചും ആശങ്കാജനകമാണ്. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി 1,257 പേരാണ് അതിക്രമങ്ങള്‍ക്ക് ഇരകളായതെന്നാണ് ഔദ്യോഗിക കണക്ക്. ഇതില്‍ 1,082 പേര്‍ പട്ടികജാതിവിഭാഗത്തിലും 175 പേര്‍ പട്ടികവര്‍ഗവിഭാഗത്തിലും ഉള്‍പ്പെട്ടവരാണ്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പട്ടികജാതി-വര്‍ഗ വിഭാഗങ്ങളില്‍ പെട്ടവര്‍ അതിക്രമത്തിനിരകളായവരെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഏറ്റവും കുറവ് കണ്ണൂര്‍ ജില്ലയിലാണ്. കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 13 കൊലപാതകക്കേസുകളാണ്. ഗുരുതരമായി അക്രമിക്കപ്പെട്ടത് 104 പേരാണ്. മറ്റുവിഭാഗങ്ങളിലായി 872 കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പട്ടികജാതി-ഗോത്രവര്‍ഗങ്ങള്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയല്‍ വകുപ്പ് പ്രകാരം 24 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2022ല്‍ സംസ്ഥാനത്ത് 244 പട്ടികജാതി-വര്‍ഗവിഭാഗക്കാരാണ് പീഡനത്തിനിരയായത്. എറ്റവും കൂടുതല്‍ പീഡനക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് തിരുവനന്തപുരം ജില്ലയിലാണ്. 47 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 2011ലെ കാനേഷുമാരി കണക്കുപ്രകാരം സംസ്ഥാനത്തെ പട്ടികജാതി ജനസംഖ്യ 30, 39, 573 ആണ്. ഇത് സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ 9.1 ശതമാനമാണ് വരുന്നത്. 4,84,839 ആണ് പട്ടികവര്‍ഗക്കാരുടെ ജനസംഖ്യ. സംസ്ഥാന ജനസംഖ്യയുടെ 1.45 ശതമാനമാണിത്. അതുകൊണ്ട് തന്നെ ഇത്രയും ചെറിയ ജനവിഭാഗത്തിനെതിരായ അക്രമങ്ങള്‍ വര്‍ധിക്കുന്നുവെന്നത് നിസാരമായി കാണാനാകില്ല. ആള്‍ക്കൂട്ട വിചാരണ നേരിട്ടതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപം ആദിവാസി യുവാവ് കല്‍പ്പറ്റ സ്വദേശി വിശ്വനാഥന്‍ തൂങ്ങിമരിച്ച സംഭവത്തില്‍ വ്യാപകമായ പ്രതിഷേധം നിലനില്‍ക്കുന്നതിനിടെയാണ് പട്ടികജാതി-വര്‍ഗവിഭാഗങ്ങള്‍ക്കെതിരെ അതിക്രമങ്ങള്‍ കൂടുന്നുവെന്ന ഞെട്ടിക്കുന്ന കണക്ക് പുറത്തുവന്നിരിക്കുന്നത്. ഭാര്യയെ പ്രസവത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവന്നതായിരുന്നു വിശ്വനാഥന്‍. ഇതിനിടെ മോഷണക്കുറ്റം ചുമത്തി വിശ്വനാഥനെ ആള്‍ക്കൂട്ടം തടഞ്ഞുവെച്ച് മര്‍ദിച്ചിരുന്നു. പിന്നീടാണ് മെഡിക്കല്‍ കോളേജിലെ മാതൃശിശു സംരക്ഷണകേന്ദ്രത്തിന് സമീപം വിശ്വനാഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. വിശ്വനാഥനെ മര്‍ദിച്ചുകൊന്നതാണെന്ന് വിശ്വനാഥന്റെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. എന്നാല്‍ മര്‍ദനമല്ല വിശ്വനാഥന്റെ മരണത്തിന് കാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ മോഷണക്കുറ്റം ചുമത്തി ആള്‍ക്കൂട്ടം മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയസംഭവം ഇന്നും മനസാക്ഷിയുള്ളവരുടെ മനസില്‍ വേദനിപ്പിക്കുന്ന ഓര്‍മയാണ്. നിറം കറുത്തതാണെങ്കില്‍, ആ നിറത്തിനുടമ ആദിവാസിയാണെങ്കില്‍ കുറ്റകൃത്യം നടത്തുമെന്ന മുന്‍വിധി പൊതുസമൂഹത്തിന്റെ സ്വഭാവസവിശേഷതയാണ്. ആദിവാസികളെയും പട്ടികജാതി-വര്‍ഗ വിഭാഗക്കാരെയും ഉപദ്രവിച്ചാലും കൊന്നാലും ആരും ചോദിക്കില്ലെന്ന ധാരണ പൊതുവെയുണ്ട്. നിരക്ഷരരും ദരിദ്രരും കൂടുതലുള്ളത് ഈ വിഭാഗങ്ങളിലായതിനാല്‍ ഇവരെ ചതിയില്‍പ്പെടുത്തുകയും വഞ്ചിക്കുകയും വഴിയാധാരമാക്കുകയും ചൂഷണത്തിന് ഇരകളാക്കുകയും ചെയ്യുന്നവര്‍ ഏറെയാണ്. ഈ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ കര്‍ശനമായി തടയുന്നതിനൊപ്പം ഇവര്‍ക്കെതിരെ കുറ്റകൃത്യങ്ങള്‍ നടത്തുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കുകയും വേണം.

Related Articles
Next Story
Share it