വി.ഐ.പികള്‍ക്ക് ഏര്‍പ്പെടുത്തുന്ന സുരക്ഷകള്‍ ജനങ്ങള്‍ക്ക് ദ്രോഹമുണ്ടാക്കുന്നുവെന്ന പരാതികള്‍ വ്യാപകമാകുകയാണ്. സുരക്ഷ ആവശ്യമുള്ളിടത്ത് അത് വേണമെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. ഭരണകര്‍ത്താക്കള്‍ പല തരത്തിലുള്ള പ്രതിഷേധങ്ങള്‍ നേരിടുന്നവരാകുമ്പോള്‍ അവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് ആവശ്യമായ നടപടികള്‍ ഏര്‍പ്പെടുത്തേണ്ടതും അനിവാര്യം തന്നെയാണ്. എന്നാല്‍ പൊതുജനങ്ങളെ ദ്രോഹിക്കാനും ബുദ്ധിമുട്ടിക്കാനും ഇത്തരം സുരക്ഷാക്രമീകരണങ്ങള്‍ കാരണമാകുന്നുവെങ്കില്‍ ജനാധിപത്യസംവിധാനം നിലനില്‍ക്കുന്ന നാട്ടില്‍ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് പൊതുജനങ്ങളോട് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ നടപടികള്‍ മനുഷ്യത്വരഹിതമായിരുന്നു. കാലടി ജംഗ്ഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മെഡിക്കല്‍ സ്റ്റോറില്‍ മരുന്ന് വാങ്ങാന്‍ എത്തിയയാളെ ഭീഷണിപ്പെടുത്തി തിരിച്ചയച്ച സംഭവം കടുത്ത പ്രതിഷേധത്തിന് ഇടവരുത്തിയിരിക്കുകയാണ്. ഒപ്പമുണ്ടായിരുന്ന നാലുവയസുള്ള കുഞ്ഞിന് മരുന്ന് വാങ്ങാനെത്തിയ ആളെ തടഞ്ഞ പൊലീസ് നടപടി മനുഷ്യാവകാശലംഘനം തന്നെയാണെന്നതില്‍ സംശയമില്ല. വിദേശത്തേക്ക് പോകുന്ന ഭാര്യയെ കൊച്ചി വിമാനതാവളത്തില്‍ വിട്ട് മടങ്ങുമ്പോഴാണ് കോട്ടയം സ്വദേശിയായ ശരത് ഒപ്പമുണ്ടായിരുന്ന കുഞ്ഞിന് മരുന്ന് വാങ്ങാന്‍ മെഡിക്കല്‍ ഷോപ്പില്‍ പോകുന്നതിനായി വഴിയില്‍ കാര്‍ നിര്‍ത്തിയത്. കാര്‍ അവിടെ നിര്‍ത്താന്‍ പാടില്ലെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിക്കുകയായിരുന്നു.
കുഞ്ഞിന് മരുന്ന് വാങ്ങാന്‍ പോകുകയാണെന്ന് അറിയിച്ചിട്ടും പൊലീസുകാരന്‍ അനുവദിച്ചില്ല. ഇതോടെ മരുന്ന് അന്വേഷിച്ച് ഒരുകിലോ മീറ്ററോളം പോയെങ്കിലും വേറെ മരുന്ന് കട കാണാതിരുന്നതിനാല്‍ ശരത് തിരികെ വന്ന് സമീപത്തെ ഹോട്ടല്‍ വളപ്പില്‍ കാര്‍ പാര്‍ക്ക് ചെയ്തെങ്കിലും പൊലീസ് ഉദ്യോഗസ്ഥന്‍ വീണ്ടുമെത്തി പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. ഇതിനെ മരുന്ന് കടയുടമ ചോദ്യം ചെയ്തപ്പോള്‍ കട പൂട്ടിക്കുമെന്നായിരുന്നു പൊലീസുകാരന്റെ ഭീഷണി. പിന്നീട് മരുന്നുവാങ്ങി ഉടന്‍ തന്നെ മടങ്ങിയ ശരത് ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയിരിക്കുകയാണ്. അസുഖം ബാധിച്ച കുഞ്ഞിന് അടിയന്തരമായി മരുന്ന് നല്‍കാന്‍ പോലും തടസം നില്‍ക്കുന്ന സുരക്ഷകള്‍ ജനങ്ങളില്‍ വെറുപ്പുളവാക്കുകയും അത് അധികാരവര്‍ഗത്തിന് എതിരായ വികാരമായി മാറുകയും ചെയ്യും.
കാന്‍സര്‍ രോഗിയായ സ്ത്രീയെ ആസ്പത്രിയില്‍ കൊണ്ടുപോകുമ്പോഴും പൊലീസ് തടഞ്ഞെന്നാണ് മറ്റൊരു പരാതി. ഇതുകാരണം സ്ത്രീയുടെ കാന്‍സര്‍ പരിശോധന മുടങ്ങുകയും ചെയ്തു. സുരക്ഷയുടെ പശ്ചാത്തലത്തില്‍ പൊലീസ് കരുതല്‍ തടങ്കലിലാക്കിയവരില്‍ ഈ സ്ത്രീയുടെ മകനും ഉള്‍പ്പെട്ടിരുന്നു. മകന്‍ ഓടിച്ച കാര്‍ പൊലീസ് തടയുകയും കരുതല്‍ തടങ്കലിലാക്കുകയും ചെയ്തതോടെയാണ് സ്ത്രീയുടെ പരിശോധന മുടങ്ങിയത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പലയിടങ്ങളിലും ഗതാഗത തടസത്തിന് കാരണമായതോടെ വിഷയം കോടതിയും ഗൗരവത്തിലെടുത്തിരിക്കുകയാണ്. ഗതാഗതം തടസപ്പെടുത്തിയതിനും അകമ്പടി വാഹനം അപകടകരമായി ഓടിച്ചതിനും കുറവിലങ്ങാട് എസ്.ഐയെ കോടതി വിളിച്ചുവരുത്തി വിശദീകരണം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോകുമ്പോള്‍ സാധാരണക്കാര്‍ക്ക് റോഡിലൂടെ യാത്ര ചെയ്യേണ്ടേ എന്നാണ് കോടതി ചോദിച്ചത്. നിയന്ത്രണം കാരണം നിരവധി വിദ്യാര്‍ഥികള്‍ സ്‌കൂളിലെത്താനും വൈകിയിരുന്നു. സാധാരണ ഗതിയില്‍ ഹര്‍ത്താല്‍ ദിനങ്ങളിലാണ് പൊതുജനങ്ങളെ ദുരിതത്തിലാഴ്ത്തുന്ന കാഴ്ചകള്‍ കാണാറുള്ളത്. ജനങ്ങളാണ് സര്‍ക്കാരിനെ തിരഞ്ഞെടുക്കുന്നത്. എന്ത് സുരക്ഷയായാലും ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത രീതിയില്‍ ക്രമീകരിക്കാന്‍ അധികാരികള്‍ ശ്രദ്ധ പുലര്‍ത്തണം. സുരക്ഷയുടെ പേരിലുള്ള ജനാധിപത്യവിരുദ്ധവും ജനദ്രോഹപരവുമായ നടപടികള്‍ ഇനിയെങ്കിലും ആവര്‍ത്തിക്കരുത്.