ആവര്‍ത്തിക്കപ്പെടുന്ന പ്രണയക്കൊലപാതകങ്ങള്‍

വീണ്ടുമൊരു പ്രണയക്കൊലപാതകം കൂടി കേരളത്തില്‍ സംഭവിച്ചിരിക്കുന്നു. അതും അത്യന്തം ക്രൂരമായ കൊലപാതകം. കണ്ണൂര്‍ ജില്ലയിലെ പാനൂരിലാണ് സംസ്ഥാനത്തെ ഒന്നടങ്കം നടുക്കിയ കൊലപാതകം നടന്നത്. വിഷ്ണുപ്രിയ എന്ന യുവതിയെ പട്ടാപ്പകലാണ് ആണ്‍സുഹൃത്തായ ശ്യാംജിത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. എന്നിട്ടും ഈ യുവാവിന്റെ കലി അടങ്ങിയിരുന്നില്ല. യുവതിയുടെ രണ്ട് കൈകളും വെട്ടിമുറിക്കുക കൂടി ചെയ്തു. മറ്റൊരു യുവാവുമായി ബന്ധമുണ്ടെന്ന സംശയമാണ് ശ്യാംജിത്തിനെ ഇത്തരമൊരു ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചത്. വേറൊരു സുഹൃത്തുമായി വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെയാണ് ശ്യാംജിത്ത് എത്തി വിഷ്ണുപ്രിയയെ കൊന്നത്. പ്രതിയെ പൊലീസ് […]

വീണ്ടുമൊരു പ്രണയക്കൊലപാതകം കൂടി കേരളത്തില്‍ സംഭവിച്ചിരിക്കുന്നു. അതും അത്യന്തം ക്രൂരമായ കൊലപാതകം. കണ്ണൂര്‍ ജില്ലയിലെ പാനൂരിലാണ് സംസ്ഥാനത്തെ ഒന്നടങ്കം നടുക്കിയ കൊലപാതകം നടന്നത്. വിഷ്ണുപ്രിയ എന്ന യുവതിയെ പട്ടാപ്പകലാണ് ആണ്‍സുഹൃത്തായ ശ്യാംജിത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. എന്നിട്ടും ഈ യുവാവിന്റെ കലി അടങ്ങിയിരുന്നില്ല. യുവതിയുടെ രണ്ട് കൈകളും വെട്ടിമുറിക്കുക കൂടി ചെയ്തു. മറ്റൊരു യുവാവുമായി ബന്ധമുണ്ടെന്ന സംശയമാണ് ശ്യാംജിത്തിനെ ഇത്തരമൊരു ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചത്. വേറൊരു സുഹൃത്തുമായി വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെയാണ് ശ്യാംജിത്ത് എത്തി വിഷ്ണുപ്രിയയെ കൊന്നത്. പ്രതിയെ പൊലീസ് വേഗം തന്നെ പിടികൂടിയിരുന്നു. അന്വേഷണ സംഘത്തോടെ പ്രതി നടത്തിയ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതാണ്. വിഷ്ണുപ്രിയയെ മാത്രമല്ല ഈ യുവതിയുടെ പുതിയ ആണ്‍സുഹൃത്തിനെ കൂടി കൊലപ്പെടുത്താീന്‍ താന്‍ പദ്ധതിയിട്ടിരുന്നുവെന്നാണ് ശ്യാംജിത്ത് പൊലീസിനോട് പറഞ്ഞത്. വിഷ്ണുപ്രിയയുടെ തല അറുത്തെടുത്ത് സുഹൃത്തായ പൊന്നാനി സ്വദേശിയെ കാണിച്ചതിന് ശേഷം അയാളെയും കൊല്ലാനായിരുന്നു ശ്യാംജിത്ത് തീരുമാനിച്ചിരുന്നത്. ദിവസങ്ങള്‍ നീണ്ട തയ്യാറെടുപ്പുകള്‍ക്കൊടുവില്‍ വിഷ്ണുപ്രിയയെ കൊലപ്പെടുത്തുകയെന്ന ഇയാളുടെ പദ്ധതി വിജയിച്ചു. ഒരാളെ കൂടി കൊലപ്പെടുത്താനുള്ള പദ്ധതി നടപ്പായില്ല എന്നത് മാത്രമാണ് ആശ്വാസം. രണ്ടാഴ്ച മുമ്പാണ് പ്രണയനൈരാശ്യത്തെ തുടര്‍ന്ന് ചെന്നൈയില്‍ ഒരു പെണ്‍കുട്ടിയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്നത്. പ്രണയാഭ്യര്‍ഥനയുമായി നിരന്തരം പിറകെ നടന്ന് ശല്യം ചെയ്തിരുന്ന യുവാവാണ് കൊലപാതകം നടത്തിയത്. പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ മനംനൊന്ത് പിതാവ് ആത്മഹത്യ ചെയ്യുകയായിരുന്നു. കേരളത്തില്‍ സമീപകാലത്ത് നിരവധി പെണ്‍കുട്ടികള്‍ പ്രണയപ്പകയില്‍ എരിഞ്ഞെടുങ്ങിയിട്ടുണ്ട്. കത്തി കൊണ്ട് കുത്തിയും പെട്രോളൊഴിച്ച് കത്തിച്ചുമാണ് പല പെണ്‍കുട്ടികളുടെയും ജീവനെടുത്തത്. പ്രണയത്തിന്റെ പേരിലുള്ള എത്രയോ കൊലപാതകങ്ങള്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ ആവര്‍ത്തിക്കുമ്പോഴും ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാന്‍ അധികാരകേന്ദ്രങ്ങള്‍ക്കും നിയമസംവിധാനങ്ങള്‍ക്കും സാധിക്കുന്നില്ല. ഇങ്ങനെയുള്ള സംഭവങ്ങളെ വേണ്ടത്ര ഗൗരവത്തോടെ കാണാത്ത സാമൂഹികാന്തരീക്ഷം നിലനില്‍ക്കുന്നുണ്ട്. പ്രണയക്കൊലപാതകങ്ങള്‍ക്ക് ഇരകളാക്കപ്പെടുന്ന പെണ്‍കുട്ടികളെ കുറ്റപ്പെടുത്തിക്കൊണ്ടും കൊലയാളികളായ ആണ്‍സുഹൃത്തുക്കളെ ന്യായീകരിച്ചുകൊണ്ടുമൊക്ക സോഷ്യല്‍ മീഡിയകളില്‍ ഉയര്‍ന്നുവരുന്ന പ്രതികരണങ്ങള്‍ ഇത്തരം കൊലപാതകങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ ഇടവരുത്തുകയാണ്. കൊല്ലപ്പെടുന്ന യുവതികളും പെണ്‍കുട്ടികളും വഞ്ചകരാണെന്ന് ചിത്രീകരിക്കുന്നു. അങ്ങേയറ്റം ആപല്‍ക്കരമായ പ്രവണതയാണിത്. ആരെ പ്രണയിക്കണമെന്നും ആരുടെ പ്രണയം നിരസിക്കണമെന്നും തീരുമാനിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. ഇക്കാര്യത്തില്‍ ആണ്‍-പെണ്‍ വ്യത്യാസമില്ല. പ്രണയിക്കാത്തതിന്റെ പേരിലും പ്രണയത്തില്‍ നിന്ന് പിന്‍മാറിയതിന്റെ പേരിലുമൊക്കെ അരും കൊലകള്‍ നടത്തുന്ന മനോവൈകല്യത്തിന് ചമയ്ക്കുന്ന ന്യായീകരണങ്ങളും ഗുരുതരമായ കുറ്റങ്ങള്‍ തന്നെയാണ്. നിയമം ശക്തമാക്കിയതുകൊണ്ട് മാത്രം പ്രണയക്കൊലപാതകങ്ങള്‍ ഇല്ലാതാകില്ല. കൗമാരക്കാര്‍ക്കിടയിലും യുവതീയുവാക്കള്‍ക്കിടയിലും ഇതിനെതിരെ ബോധവല്‍ക്കരണം നടത്തേണ്ടതുണ്ട്. ലഹരിമാഫിയകള്‍ക്കെതിരെ എന്നതുപോലെ തന്നെ പ്രണയക്കൊലപാതകങ്ങള്‍ തടയുന്നതിന് പഞ്ചായത്ത് തലങ്ങളില്‍ ബോധവല്‍ക്കരണക്ലാസുകള്‍ സംഘടിപ്പിക്കണം. എന്താണ് പ്രണയം എന്നതിനെക്കുറിച്ച് അവബോധമുണ്ടാക്കാന്‍ ഇത്തരം ക്ലാസുകള്‍ ഉപകരിക്കും.

Related Articles
Next Story
Share it