ജില്ലയില്‍ ന്യായാധിപന്‍മാരുടെ കുറവ് പരിഹരിക്കാന്‍ അടിയന്തര നടപടി വേണം

കാസര്‍കോട് ജില്ലയിലെ അഞ്ച് കോടതികളുടെ പ്രവര്‍ത്തനങ്ങള്‍ ന്യായാധിപന്‍മാര്‍ ഇല്ലാത്ത കാരണത്താല്‍ അനിശ്ചിതത്വത്തിലാവുകയാണ്. കാസര്‍കോട് കുടുംബകോടതിയില്‍ ജഡ്ജിയില്ലാതെ രണ്ട് മാസം പിന്നിടുകയാണ്. അത്യാവശ്യഘട്ടങ്ങളില്‍ ജില്ലാ ജഡ്ജിയാണ് കുടുംബകോടതിയിലെ കേസുകള്‍ കൈകാര്യം ചെയ്യുന്നത്. കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി(മൂന്ന്), കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ത്രേട്ട് കോടതി(രണ്ട്), ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ത്രേട്ട്(രണ്ട്) കോടതി, ഭീമനടി ഗ്രാമീണ കോടതി എന്നിവിടങ്ങളിലും ന്യായാധിപന്‍മാരില്ല.ഭീമനടി ഗ്രാമീണകോടതിയില്‍ ആറ് വര്‍ഷക്കാലമായി മജിസ്ത്രേട്ടില്ല. ഹൊസ്ദുര്‍ഗ് മുന്‍സിഫ് മാസത്തില്‍ രണ്ട് ശനിയാഴ്ച ഇവിടെയെത്തിയാണ് കേസുകള്‍ തീര്‍പ്പാക്കുന്നത്. […]

കാസര്‍കോട് ജില്ലയിലെ അഞ്ച് കോടതികളുടെ പ്രവര്‍ത്തനങ്ങള്‍ ന്യായാധിപന്‍മാര്‍ ഇല്ലാത്ത കാരണത്താല്‍ അനിശ്ചിതത്വത്തിലാവുകയാണ്. കാസര്‍കോട് കുടുംബകോടതിയില്‍ ജഡ്ജിയില്ലാതെ രണ്ട് മാസം പിന്നിടുകയാണ്. അത്യാവശ്യഘട്ടങ്ങളില്‍ ജില്ലാ ജഡ്ജിയാണ് കുടുംബകോടതിയിലെ കേസുകള്‍ കൈകാര്യം ചെയ്യുന്നത്. കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി(മൂന്ന്), കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ത്രേട്ട് കോടതി(രണ്ട്), ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ത്രേട്ട്(രണ്ട്) കോടതി, ഭീമനടി ഗ്രാമീണ കോടതി എന്നിവിടങ്ങളിലും ന്യായാധിപന്‍മാരില്ല.ഭീമനടി ഗ്രാമീണകോടതിയില്‍ ആറ് വര്‍ഷക്കാലമായി മജിസ്ത്രേട്ടില്ല. ഹൊസ്ദുര്‍ഗ് മുന്‍സിഫ് മാസത്തില്‍ രണ്ട് ശനിയാഴ്ച ഇവിടെയെത്തിയാണ് കേസുകള്‍ തീര്‍പ്പാക്കുന്നത്. ആദ്യശനിയാഴ്ചയും മൂന്നാം ശനിയാഴ്ചയുമാണ് മുന്‍സിഫ് ഗ്രാമീണ കോടതിയിലേക്ക് പോകുന്നത്. ഇതുകാരണം ഈ രണ്ട് ശനിയാഴ്ചകളിലും ഹൊസ്ദുര്‍ഗ് മുന്‍സിഫ് കോടതിയില്‍ കേസ് നടപടികള്‍ ഉണ്ടാകാറില്ല. ഒരു ന്യായാധിപന് മറ്റ് കോടതികളുടെ അധികചുമതല ഏറ്റെടുക്കേണ്ടിവരുന്നത് ജോലിഭാരം വര്‍ധിക്കാന്‍ കാരണമാകുകയാണ്.ഇതാകട്ടെ കേസുകളില്‍ യഥാവിധി തീര്‍പ്പുണ്ടാക്കുന്നതിന് തടസം സൃഷ്ടിക്കുന്നു. വിചാരണ നീണ്ടുപോകാനും ഇടവരുത്തുന്നു. കാസര്‍കോട് ജില്ലയില്‍ പല വിഭാഗങ്ങളിലും പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി 20 കോടതികളാണ് പ്രവര്‍ത്തിക്കുന്നത്. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ജില്ലയില്‍ മോട്ടോര്‍ വാഹനാപകട തര്‍ക്കപരിഹാര ട്രിബ്യൂണലും കുടുംബകോടതിയും അനുവദിച്ചത്. എന്നാല്‍ പലപ്പോഴും ഈ രണ്ട് കോടതികളിലും ജഡ്ജിമാര്‍ ഉണ്ടാകാറില്ലെന്ന പരാതി ശക്തമാവുകയാണ്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി കുടുംബപ്രശ്നങ്ങളുമായി ബന്ധപ്പെട്ട നൂറുകണക്കിന് കേസുകളാണ് കുടുംബകോടതിയിലുള്ളത്. സ്ഥിരം ജഡ്ജിയുണ്ടെങ്കില്‍ മാത്രമേ വേഗത്തില്‍ ഇതിനെല്ലാം വേഗത്തില്‍ തീര്‍പ്പ് കല്‍പ്പിക്കാനാകൂ. മറ്റൊരു കോടതിയിലെ ജഡ്ജിക്ക് അവിടത്തെ ഉത്തരവാദിത്വത്തിന് പുറമെ കുടുംബകോടതിയിലെ കാര്യവും ഏറ്റെടുക്കുമ്പോള്‍ സ്വാഭാവികമായും കേസുകള്‍ തീര്‍പ്പാക്കുന്നതിന് കാലതാമസം വരും. ജീവനാംശത്തിന് അര്‍ഹതയുള്ളവര്‍ക്ക് അത് എന്ന് കിട്ടുമെന്ന കാര്യത്തില്‍ പോലും ആശങ്കയുണ്ടാകുന്നു. മോട്ടോര്‍ വാഹനാപകട തര്‍ക്കപരിഹാര ട്രിബ്യൂണലിലും കുടുംബകോടതിയിലുമായി മൂന്ന് വര്‍ഷത്തിനിടെ ഏഴ് ജഡ്ജിമരാണ് കേസുകള്‍ കൈകാര്യം ചെയ്തത്. ജഡ്ജി കേസ് പഠിച്ചുവരുമ്പോഴേക്കും സ്ഥലം മാറ്റം ലഭിക്കുന്നു. പുതിയ ജഡ്ജി വന്നാല്‍ കേസ് വീണ്ടും പഠിക്കേണ്ടിവരുന്നു. അപ്പോഴേക്കും തുടര്‍നടപടികള്‍ നീണ്ടുപോകുന്നു. ജില്ലയിലെ അഞ്ച് കോടതികളില്‍ ന്യായാധിപന്‍മാരില്ലാത്തത് കാരണം 30,000ത്തിലേറെ കേസുകളാണ് തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്നത്. മജിസ്ത്രേട്ട് കോടതികളില്‍ അസി. പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാരില്ലാത്തതാണ് മറ്റൊരു പ്രശ്നം. കേസുകളില്‍ തീര്‍പ്പ് വൈകുന്നത് നീതി ലഭിക്കുന്നതിന് ഏറെ കാലതാമസം വരാന്‍ കാരണമാകുന്നു. സാധാരണക്കാര്‍ മാനസികമായും സാമ്പത്തികമായും ഏറെ ബുദ്ധിമുട്ട് നേരിടുകയാണ്. അന്നന്ന് ജോലിയെടുത്ത് ഉപജീവനമാര്‍ഗം കണ്ടെത്തുന്നവര്‍ക്ക് പലപ്പോഴും ജോലിക്ക് പോകാനാകാതെ കോടതികയറേണ്ടിവരുന്നു. ഇതുമൂലമുണ്ടാകുന്ന തൊഴില്‍നഷ്ടം ഉപജീവനമാര്‍ഗത്തെ പ്രതിസന്ധിയിലാക്കുന്നു. കോടതികളില്‍ ന്യായാധിപന്‍മാരുടെ സ്ഥിരസേവനം ഉറപ്പുവരുത്തുന്നതിനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കണം.

Related Articles
Next Story
Share it